
സതീഷ് പാറശാല
പാറശാല: വാഹനാപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച എ.ഐ ക്യാമറകൾ വാഹനാപകടങ്ങൾക്ക് കാരണമാകുന്നു. അപകടങ്ങൾ കുറയ്ക്കാനായി പൊലീസിന്റെ നേതൃത്വത്തിലാണ് എ.ഐ ക്യാമറകൾ സ്ഥാപിച്ചത്. ദേശീയ പാതയിലെ പാറശാലയിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറകളാണ് സർക്കാർ നടപടികൾക്ക് തിരിച്ചടിയായി മാറിയിട്ടുള്ളത്. ഹെൽമെറ്റ് ധരിക്കാതെ ദേശീയ പാതയിലൂടെ എത്തുന്ന ഇരുചക്ര വാഹനങ്ങൾ ക്യാമറയെ വെട്ടിച്ച് കടക്കാനായി റോഡിന്റെ പരിധിവിട്ട് പുറത്തേക്കിറങ്ങി സഞ്ചരിക്കുകയാണ് പതിവ്. പാറശാലയിൽ പവതിയാൻവിളക്കിന് സമീപത്തായി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് മുന്നിലായിട്ടാണ് എ.ഐ ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്. പാറശാലയിൽ നിന്നും എത്തുന്ന വാഹനങ്ങൾ ക്യാമറയിൽ പെടാതിരിക്കുന്നതിനായി ഗതാഗത നിയമങ്ങൾ കാറ്റിൽ പറത്തുകയാണ്. ഇത്തരത്തിൽ സൈഡ് മാറിവരുന്ന വാഹനങ്ങൾ അതുവഴി എത്തുന്ന യാത്രക്കാർക്കും എതിരെയെത്തുന്ന വാഹങ്ങൾക്കും ഭീഷണിയാകുന്നു.
മരണങ്ങൾ പതിവാകുമ്പോൾ
ഏതാനും ദിവസങ്ങൾക്ക് മുൻപ് ക്യാമറയെ വെട്ടിച്ച് കടക്കുന്നതിനായി ദിശമാറി എത്തിയ ബൈക്കിനെ കണ്ട മറ്റൊരു ബൈക്ക് യാത്രികൻ പെട്ടെന്ന് ബ്രേക്ക് ചെയ്യതു. റോഡിലെ മണലിൽ വഴുതിവീണ് തലക്ക് ഗുരുതരമായി പരിക്കേറ്റ് തൽക്ഷണം മരിക്കുകയായിരുന്നു.
പൊലീസ് നോക്കുകുത്തി
ഇരുചക്ര വാഹനയാത്രക്കാർ ക്യാമറെയെ വെട്ടിച്ച് കടക്കുന്നത് പതിവാണെങ്കിലും പൊലീസിനോ ആർ.ടി.ഒ അധികാരികൾക്കോ നോക്കി നിൽക്കാനെ സാധിക്കുന്നുള്ളു. റോഡ് നിയമങ്ങൾ തെറ്റിച്ചും ഹെൽമെറ്റ് ധരിക്കാതെയും അമിത വേഗത്തിൽ വാഹനമോടിച്ചും മൂന്നും നാലും പേർ ചേർന്ന് ഇരുചക്ര വാഹനങ്ങളിൽ യാത്രചെയുന്നതും പതിവാണ്.
പ്രധാന ആവശ്യങ്ങൾ
കാൽനട യാത്രക്കാരെയും മറ്റ് യാത്രക്കാരെയും സംരക്ഷിക്കുന്നതിനായി പൊലീസ് അടിയന്തരനടപടികൾ സ്വീകരിക്കണം എന്നതാണ് പ്രധാന ആവശ്യം. ക്യാമറ സ്ഥാപിച്ചിട്ടുള്ള സ്ഥലത്ത് എതിർവശത്തായി മറ്റൊരു ക്യാമറ കൂടി സ്ഥാപിച്ചാൽ അപകടങ്ങൾ കുറയ്ക്കാൻ കഴിയുമെന്നതാണ് വിദഗ്ദ്ധാഭിപ്രായം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |