
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവായ എം.എൽ.എയുടെ പീഡനപരമ്പര പുറത്തുവന്നതിന്റെ പേരിൽ സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കാൻ പ്രതിപക്ഷനേതാവ് ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. ഇത്തരം പരമാബദ്ധങ്ങൾ കൊണ്ടൊന്നും കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും വികൃതമുഖം മറച്ചുവയ്ക്കാൻ കഴിയില്ലെന്നും ഫേസ് ബുക്ക് പോസ്റ്റിൽ മുഖ്യമന്ത്രി കുറിച്ചു. പ്രതിപക്ഷ നേതാവായ വി.ഡി.സതീശനോട് ചില ചോദ്യങ്ങളും അദ്ദേഹം ഉന്നയിച്ചു.
പ്രധാന ചോദ്യങ്ങൾ
1. ലൈഫ് മിഷൻ അടക്കമുള്ള നാല് മിഷനുകളും പിരിച്ചുവിടുമെന്നാണ് അന്നത്തെ യു.ഡി.എഫ് കൺവീനർ ആയിരുന്ന എം.എം. ഹസൻ പ്രഖ്യാപിച്ചത്. അതിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നുണ്ടോ? ഇല്ലെങ്കിൽ എന്തുകൊണ്ട് ഹസനെ തള്ളിപ്പറയുന്നില്ല?
2. വിഴിഞ്ഞം തുറമുഖത്തിനെതിരെയുണ്ടായ, വസ്തുതാവിരുദ്ധമായ എല്ലാ എതിർപ്പുകൾക്കും പിന്തുണ പ്രഖ്യാപിച്ചവരാണ് പ്രതിപക്ഷം. തുറമുഖം കമ്മിഷൻ ചെയ്തു. പഴയ നിലപാടിൽ പ്രതിപക്ഷ നേതാവ് ഉറച്ചുനിൽക്കുമോ?
3. വയനാട് തുരങ്കപാത അടക്കമുള്ള പദ്ധതികളെ എതിർക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. തുരങ്കപാതയുടെ പണി തുടങ്ങിക്കഴിഞ്ഞു. ഇനിയും എതിർക്കുമോ?
4. തീരദേശ ഹൈവേ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് എനിക്ക് കത്ത് നൽകുകയുണ്ടായി. എതിർപ്പ് തുടരുന്നുണ്ടോ?
5. 62 ലക്ഷത്തോളം പേർക്ക് ക്ഷേമ പെൻഷൻ നൽകുന്നത് വോട്ട് പിടിക്കാനുള്ള കൈക്കൂലിയാണെന്ന് പറഞ്ഞത് ഐ.എ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആണ്. അത് വാങ്ങുന്നവരെ കൈക്കൂലി വാങ്ങുന്നവരായും പ്രതിപക്ഷ നേതാവ് കാണുന്നുണ്ടോ?
6. ഗെയിൽ പൈപ്പ്‌ലൈൻ നടപ്പാക്കില്ലെന്ന് പറഞ്ഞതും സമരം നയിച്ചതും അന്നത്തെ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരനും ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുമടക്കമുള്ളവരാണ്. ഗെയിൽ പൈപ്പ്‌ലൈൻ യാഥാർത്ഥ്യമാണ്. പഴയ നിലപാട് മാറ്റിയോ?
7. കേരളത്തിന്റെ അതിജീവന ബദലായി ഉയർന്ന കിഫ്ബി വഴി അഭൂതപൂർവ്വമായ വികസന പ്രവർത്തനങ്ങൾ നടക്കുന്നു. കിഫ്ബി മുഖേന നാട്ടിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളെ പ്രതിപക്ഷം തള്ളിപ്പറയുമോ?
8. അതിദാരിദ്ര്യ മുക്തി എന്നു ലോക ശ്രദ്ധയാകർഷിച്ച നേട്ടത്തെ പാവപ്പെട്ടവർക്ക് റേഷൻ കിട്ടുന്നതിന് തടസ്സമാകും എന്ന് പ്രചരിപ്പിച്ചതും അതുറപ്പിക്കാൻ പാർലമെന്റിൽ പോലും ഇടപെട്ടതും ശരിയായ കാര്യമാണെന്ന് പറയാൻ പ്രതിപക്ഷ നേതാവിന് ധൈര്യമുണ്ടോ?
9. ദുരന്തബാധിതർക്ക് കോൺഗ്രസും യൂത്ത് കോൺഗ്രസും വീടുവച്ച് നൽകുമെന്ന് പ്രഖ്യാപിച്ചതല്ലേ? യൂത്ത് കോൺഗ്രസ് പണം പിരിച്ചതല്ലേ? എത്ര വീടാണ് വയ്ക്കുന്നതെന്നും അത് എവിടെയൊക്കെയാണെന്നും വെളിപ്പെടുത്താമോ?
10. സിൽവർ ലൈനിന്റെ കുറ്റി പറിക്കാൻ സമരംചെയ്ത പ്രതിപക്ഷത്തിന് കേരളത്തിൽ വേഗത്തിൽ സഞ്ചരിക്കുന്ന റെയിൽപാത വേണ്ട എന്ന അഭിപ്രായമുണ്ടോ?
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |