
മാഡ്രിഡ് : യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിന്റെ പ്രാഥമിക റൗണ്ട് മത്സരത്തിൽ ഇന്ന് മുൻ ചാമ്പ്യന്മാരുടെ വമ്പൻ പോരാട്ടം. സ്പാനിഷ് ക്ളബ് റയൽ മാഡ്രിഡും ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റർ സിറ്റിയുമാണ് ഇന്ന് കളത്തിലിറങ്ങുന്നത്. ഇന്ത്യൻ സമയം രാത്രി 1.30 മുതൽ റയലിന്റെ ഹോംഗ്രൗണ്ടായ സാന്റിയാഗോ ബെർണബ്യൂവിലാണ് മത്സരം.
ഈ സീസണിലെ അഞ്ചുമത്സരങ്ങളിൽ നാലുവിജയവും ഒരു തോൽവിയുമായി 12 പോയിന്റുനേടി അഞ്ചാം സ്ഥാനത്താണ് റയൽ മാഡ്രിഡ്. മാഞ്ചസ്റ്റർ സിറ്റി മൂന്നുജയവും ഓരോ സമനിലയും തോൽവിയുമായി 10 പോയിന്റ് നേടി ഒൻപതാം സ്ഥാനത്താണ്. പ്രാഥമിക ലീഗ് മത്സരങ്ങളിൽ ആദ്യ എട്ട്സ്ഥാനങ്ങളിലെത്തുന്നവർക്കാണ് പ്രീ ക്വാർട്ടറിലേക്ക് നേരിട്ടുള്ള പ്രവേശനം. കഴിഞ്ഞ മാസം നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ലിവർപൂളിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റതിന് ശേഷം റയലിന് അത്രനല്ല സമയമല്ല. ലാലിഗയിൽ നടന്ന അഞ്ചുമത്സരങ്ങളിൽ ജയിച്ചത് ഒന്നിൽ മാത്രം. ലാ ലിഗയിലെ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനവും നഷ്ടമായി. ഇപ്പോൾ ബാഴ്സയ്ക്ക് നാലുപോയിന്റ് പിന്നിലാണ് റയൽ. ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ രണ്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റർ സിറ്റി. കഴിഞ്ഞമാസം നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ബയേർ ലെവർകൂസനോട് മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് തോറ്റെങ്കിലും അതിന്ശേഷം നടന്ന മൂന്ന് പ്രിമിയർ ലീഗ് മത്സരങ്ങളിലും വിജയിക്കുകയും ചെയ്തു.
ഇന്നത്തെ മറ്റ് മത്സരങ്ങളിൽ ആഴ്സനൽ ക്ളബ് ബ്രൂഗെയെേയും നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജി അത്‌ലറ്റിക് ക്ളബിനെയും നേരിടും. ഇതുവരെ കളിച്ച അഞ്ചുമത്സരങ്ങളിലും ജയിച്ച ഏക ക്ളബായ ആഴ്സനൽ ചാമ്പ്യൻസ് ലീഗ് പോയിന്റ് പട്ടികയിൽ ഒന്നാമതാണ്.15 പോയിന്റാണ് ആഴ്സനലിനുള്ളത്.പാരീസ് എസ്.ജി നാലുകളികളിൽ നിന്ന് 12 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.
ഇന്നത്തെ മത്സരങ്ങൾ
റയൽ മാഡ്രിഡ് Vs മാഞ്ചസ്റ്റർ സിറ്റി
ആഴ്സനൽ Vs ക്ളബ് ബ്രൂഗെ
പി.എസ്.ജി Vs അത്‌ലറ്റിക് ക്ളബ്
യുവന്റ്സ് Vs പാഫോസ്
ന്യൂകാസിൽ Vs ലെവർകൂസൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |