
നിരവധി പ്രത്യേകതകളുള്ള ക്ഷേത്രങ്ങൾക്കും ദൈവങ്ങളുടെ പ്രതിമകൾക്കും പേരുകേട്ട രാജ്യമാണ് ഇന്ത്യ. ലോകത്തിന്റെ വിവിധയിടങ്ങളിൽ നിന്നുള്ളവർ ക്ഷേത്രങ്ങൾ കാണാനും പ്രതിമകളുടെ പ്രത്യേകതകളറിയാനും ഇന്ത്യയിലേക്ക് എത്തിച്ചേരുന്നുണ്ട്. എന്നാൽ ഇന്ത്യയിൽ നിന്നുള്ളവർ ദൈവങ്ങളുടെ പ്രതിമകൾ കാണാൻ മറ്റൊരു രാജ്യത്തേക്ക് പോകുന്നുവെന്ന് പറയുന്നത് കുറച്ച് കൗതുകം നിറഞ്ഞ കാര്യമാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗണേശ പ്രതിമ കാണാനാണ് ഇന്ത്യക്കാർ പോകുന്നത്. തായ്ലൻഡിലെ ചാചോംഗ്സാവോ പ്രവിശ്യയിലാണ് ഈ വിസ്മയകരമായ വെങ്കല പ്രതിമ സ്ഥിതി ചെയ്യുന്നത്.
ക്ലോംഗ് ഖുയാൻ ഗണേഷ് ഇന്റർനാഷണൽ പാർക്കിലാണ് ഈ പ്രതിമയുള്ളത്. 2012ൽ നിർമാണം പൂർത്തിയായ പ്രതിമയ്ക്ക് 39 മീറ്റർ ഉയരമുണ്ട്. 854 വെങ്കല കഷ്ണങ്ങളുപയോഗിച്ച് നിർമിച്ച ഗണേശ പ്രതിമ 40,000 ചതുരശ്ര മീറ്റർ വിസ്തൃതിലായാണ് സ്ഥിതി ചെയ്യുന്നത്. ബാംഗ് പക്കോംഗ് നദിക്ക് മുകളിൽ തലയെടുപ്പോടെ നിൽക്കുന്ന ഗണേശ പ്രതിക സഞ്ചാരികളുടെ പ്രിയപ്പെട്ട കാഴ്ചയാണ്. സമൃദ്ധിയുടെ പ്രതീകമായാണ് ഈ പ്രതിമ രൂപകല്പന ചെയ്തിരിക്കുന്നതെന്ന് നിർമിച്ച പിതക് ചാലെംലാവോ പറയുന്നു. ദേവൻ നാല് കൈകളിലായി കരിമ്പ്, ചക്ക, വാഴപ്പഴം, മാമ്പഴം എന്നിവ പിടിച്ചിട്ടുണ്ട്. മാത്രവുമല്ല തായ്‌ലഡിന്റെ പുരോഗതിയുടെ അടയാളമായി താമര കിരീടവും പ്രതിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാവിലെ എട്ടുമണി മുതൽ വൈകുന്നേരം അഞ്ചുമണിവരെയാണ് പാർക്കിലെ സന്ദർശനസമയം. ഏകദേശം 240 രൂപയാണ് പ്രവേശന ടിക്കറ്റിന്റെ വില. തായ് പൗരൻമാർക്ക് പ്രവേശനം സൗജന്യമാണ്.
ഇന്ത്യയിലുള്ളവർക്ക് എത്തിച്ചേരാൻ
1. ഡൽഹി, മുംബയ്, ചെന്നൈ, കൊൽക്കത്ത തുടങ്ങിയയിടങ്ങളിലെ വിമാനത്താവളങ്ങളിൽ നിന്ന് ബാങ്കോക്കിലേക്ക് നേരിട്ട് സർവീസ് നടത്തുന്ന വിമാനങ്ങളുണ്ട്. നാല് മുതൽ അഞ്ച് മണിക്കൂർ കൊണ്ട് എത്തിച്ചേരാവുന്നതാണ്.
2. ബാങ്കോക്കിലെ ചാപോംഗ്സാവോ പ്രവിശ്യയിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ ദൂരമുണ്ട്. സന്ദർശകർക്ക് ടാക്സി, ബസ് എന്നിവയിൽ ഏകദേശം ഒന്നരമണിക്കൂറിനകം പാർക്കിൽ എത്തിച്ചേരാം.
3. ബാങ്കോക്കിലെ ഹുവ ലാംഫോംഗ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ചാചോംഗ്സാവോ ജംഗ്ഷനിലേക്ക് സാധാരണ ട്രെയിനുകൾ സർവീസുകൾ നടത്തുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |