തിരുവനന്തപുരം: അഞ്ച് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെൽ ഉടച്ചുവാർക്കുമെന്ന് കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെൽ കൺവീനറും കോൺഗ്രസിലെ മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ മകനുമായ അനിൽ ആന്റണി പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെല്ലിന്റെ ചെയർമാനായി ശശിതരൂരിനെയും കൺവീനറായി അനിൽ ആന്റണിയേയും കെ.പി.സി.സി നിയമിച്ചത്. ഡിജിറ്റൽ മീഡിയ സെല്ലിന്റെ പ്രവർത്തനത്തെപ്പറ്റി ഉൾപ്പെടെ അനിൽ ആന്റണി 'ഫ്ളാഷി'നോട് സംസാരിക്കുന്നു:
സമ്പൂർണ അഴിച്ചുപണി
ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെല്ലിൽ സമ്പൂർണ അഴിച്ചുപണിയുണ്ടാകും. ഇതുമായി ബന്ധപ്പെട്ട് നേതാക്കളുമായി വിശദമായ ചർച്ച നടത്തി. പി.സി.സി അദ്ധ്യക്ഷനും ശശിതരൂരും കൂടി ഇരുന്നാണ് സെൽ പൊളിച്ച് എഴുതുന്നതിന് വേണ്ടിയുള്ള രൂപരേഖ തയാറാക്കിയത്. സംഘടനയ്ക്ക് ഇനിമുതൽ വ്യക്തമായ ചട്ടക്കൂട് ഉണ്ടാകും. അടിത്തട്ട് വരെ പ്രവർത്തനം വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ബൂത്ത് തലം വരെ ഡിജിറ്റൽ മീഡിയ സെല്ലിന് പ്രതിനിധിയുണ്ടാകും. മണ്ഡലം, ബ്ളോക്ക് തലം ഉൾപ്പടെ പ്രവർത്തനം വ്യാപിപ്പിച്ച് ജനങ്ങളിലേക്ക് കൂടുതൽ അടുക്കുകയാണ് ലക്ഷ്യം. വിശദാംശങ്ങൾ തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷം കെ.പി.സി.സി അദ്ധ്യക്ഷനും ശശിതരൂരും വ്യക്തമാക്കും.
ഉപതിരഞ്ഞെടുപ്പ് പ്രവർത്തനം
അഞ്ച് മണ്ഡലങ്ങളുടേയും ഉപതിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി മണ്ഡലങ്ങളിൽ പ്രാദേശികമായി ഒരു ടീമിനെ നിയമിച്ചിട്ടുണ്ട്. പ്രാദേശികമായ വിഷയങ്ങൾ കൂടുതൽ ചർച്ചയാക്കുകയാണ് ലക്ഷ്യം. പാർലമെന്റ് തിരഞ്ഞെടുപ്പിൽ കെ.പി.സി.സിയിൽ ഒരു വാർ റൂം പ്രവർത്തിച്ചിരുന്നു. അത്തരത്തിലുളള വിപുലമായ സംവിധാനങ്ങൾ ഉപതിരഞ്ഞെടുപ്പിൽ പ്രവർത്തിക്കുന്നില്ല. എന്നാൽ, പ്രാദേശിക ടീമുകളെ ഏകോപിപ്പിക്കുന്നതിന് കെ.പി.സി.സിയിൽ ഒരു ചെറിയ ടീമിനെ നിയമിച്ചിട്ടുണ്ട്. ഉളളടക്ക രൂപീകരണവും വിതരണവുമാണ് ഇവരുടെ ജോലി. കെ.പി.സി.സിയുടെ ഔദ്യോഗിക സെൽ അല്ലാതെ കോൺഗ്രസിന് വേണ്ടി സ്വതന്ത്രമായി പ്രവർത്തിക്കുന്ന ചില സൈബർ ടീംസുണ്ട്. ഡി.സി.സിയുടെ ടീമുകളുമുണ്ട്. ഇവയെ ഏകോപിപ്പിക്കുക കൂടിയാണ് ഞങ്ങളുടെ ലക്ഷ്യം. പ്രാദേശിക വിഷയങ്ങൾ മണ്ഡലങ്ങളിൽ ചർച്ചയാകുന്നു എന്ന് ഉറപ്പ് വരുത്തുന്നുണ്ട്.
സോഷ്യൽ മീഡിയ ഇല്ലാതെയും തിരഞ്ഞെടുപ്പിനെ നേരിടാം. എന്നാൽ വിജയിക്കുക ബുദ്ധിമുട്ടായിരിക്കും. പ്രത്യേകിച്ച് കേരളത്തിൽ സോഷ്യൽ മീഡിയ വഴിയുളള പ്രചാരണം കൂടിയേ തീരൂ. 70 ശതമാനം സ്മാർട്ട് ഫോൺ പെനിട്രേഷൻ ഉള്ള സംസ്ഥാനമാണ് കേരളം. 90 ശതമാനം യുവാക്കളും മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ട്. വാർത്ത ശേഖരണത്തിനായി അവർ കൂടുതലും ആശ്രയിക്കുന്നത് ഫോണും ഫേസ്ബുക്കും ട്വിറ്ററുമാണ്. ഇതുവഴിയുളള പാർട്ടിയുടെ സന്ദേശങ്ങൾ കൃത്യമായി പോയില്ലെങ്കിൽ അത് തിരഞ്ഞെടുപ്പിനെ ബാധിക്കും. അതുകൊണ്ട് വളരെ ശ്രദ്ധയോടെയാണ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഞങ്ങൾ പ്രവർത്തിച്ചത്. പ്രാദേശിക വാർ റൂമുകളിലടക്കം ഇത് പാലിക്കാൻ കഴിഞ്ഞു.
തരൂർ രാജിവയ്‌ക്കില്ല
ഡിജിറ്റൽ മീഡിയാ സെല്ലിന്റെ ചെയർമാൻ സ്ഥാനത്ത് നിന്ന് ശശിതരൂർ രാജിവയ്‌ക്കില്ല. അദ്ദേഹം ഇതുവരെ രാജിവച്ചിട്ടോ രാജിക്കത്ത് നൽകിയിട്ടോ ഇല്ല. കൂടുതൽ ഉത്തരവാദിത്വങ്ങൾ ഉളളതിനാൽ അദ്ദേഹത്തിന് സെല്ലിന്റെ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ലെന്ന് ഞങ്ങളുടെ ഒരു മീറ്റിംഗിൽ പറഞ്ഞിരുന്നു. എന്നാൽ അദ്ദേഹം തുടരണമെന്ന് ഞങ്ങൾ എല്ലാവരും ശക്തമായി ആവശ്യപ്പെടുകയായിരുന്നു.
അച്ഛൻ ഇടപെടാറില്ല
അച്ഛനും ഞാനുമായി രാഷ്‌ട്രീയം സംസാരിക്കാറില്ല. ചെയ്യുന്ന ജോലികളിൽ ഒന്നും അച്ഛൻ ഇടപെടാറുമില്ല. ചെയ്യുന്ന ജോലി എന്തൊക്കെയെന്ന് അച്ഛനെ അറിയിക്കാറുണ്ട്. കോൺഗ്രസിന്റെ നയരൂപീകരണം ഉൾപ്പടെയുളള കാര്യങ്ങളിലാണ് അച്ഛൻ പ്രവർത്തിക്കുന്നത്.
കോൺഗ്രസ് തിരിച്ചുവരും
പ്രതിസന്ധികൾ നേരിടുകയും അതിനെ അതിജീവിച്ച് തിരിച്ചുവരികയും ചെയ്ത പാരമ്പര്യമാണ് കോൺഗ്രസിനുള്ളത്. തിന്മയുടെ ശക്തികൾ എത്രത്തോളം ശക്തി കൈവരിച്ചാലും സത്യവും നന്മയും ജയിക്കും. ജനങ്ങളുടെ പ്രശ്നങ്ങളിൽ ആത്മാർത്ഥമായി ഇടപെടുന്ന പാർട്ടിയാണ് കോൺഗ്രസ്. ജനങ്ങളുടെ വിശ്വാസം പാർട്ടിക്ക് തിരിച്ചുകിട്ടും. ഇന്ന് അല്ലെങ്കിൽ നാളെ കോൺഗ്രസ് തിരിച്ചുവരും.
സജീവ രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഡിജിറ്റൽ മീഡിയാ സെല്ലിന്റെ കൺവീനർ സ്ഥാനം ഏറ്റെടുക്കുമ്പോൾ പറഞ്ഞ കാര്യത്തിൽ നിന്ന് മാറി ചിന്തിക്കേണ്ട ആവശ്യം ഇപ്പോഴില്ല.ഏൽപ്പിച്ചിരിക്കുന്ന ദൗത്യത്തിന് അപ്പുറമായി മറ്റൊരു പദ്ധതിയെപ്പറ്റി ആലോചിക്കുന്നുമില്ല. ഏറ്റെടുത്ത ഉത്തരവാദിത്വം ഭംഗിയായി ചെയ്യുകയാണ് ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |