
തിരുവനന്തപുരം: എസ്എൻഡിപിയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന തീരുമാനത്തിൽ നിന്ന് എൻഎസ്എസ് പിൻമാറിയതിൽ പ്രതികരിച്ച് പ്രതിപക്ഷനേതാവ് വിഡി സതീശൻ. സമുദായ സംഘടനകളുടെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ലെന്ന് അദ്ദേഹം പറഞ്ഞു. വർഗീയത പറഞ്ഞാൽ കോൺഗ്രസ് ശക്തമായി പ്രതികരിക്കുമെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
'വിവിധ പ്രസ്ഥാനങ്ങൾ കൂടിചേരുന്നത് നല്ലതാണ്. പക്ഷെ ഒരുമിച്ച് പ്രവർത്തിക്കുന്നത് തീരുമാനിക്കേണ്ടതും അവരാണ്. ഞങ്ങൾ സമുദായ സംഘടനകളുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാറില്ല. ഞങ്ങളുടെ കാര്യത്തിൽ ഇടപെടാൻ ആരെയും അനുവദിക്കുകയുമില്ല. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെ പത്മ പുരസ്‌കാരങ്ങൾ കിട്ടിയ എല്ലാവരെയും അഭിനന്ദിക്കുന്നു. ഞങ്ങൾ വലിയ മനസുള്ളവരാണ്. രാഷ്ട്രീയം കൊണ്ടാണ് പുരസ്‌കാരം കിട്ടിയതെന്നുപറഞ്ഞ് അപമാനിക്കേണ്ട ആവശ്യമില്ല. ഞങ്ങളെ വിമർശിക്കേണ്ട സ്വാതന്ത്ര്യം അവർക്കുണ്ട്. വർഗീയത പറയരുത്. ആ കാര്യത്തിൽ മാത്രമേ വിരോധമുള്ളൂ'- വിഡി സതീശൻ പറഞ്ഞു.
എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരാണ് എസ്എൻഡിപിയുമായുള്ള ഐക്യത്തിൽ നിന്ന് പിൻമാറുന്നുവെന്ന് അറിയിച്ചത്. ഐക്യത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സംശയം തോന്നിയെന്നും അത് എന്താണെന്ന് പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. എൻഎസ്എസിന്റെ അടിസ്ഥാന മൂല്യങ്ങളിൽ നിന്ന് വ്യതിചലിക്കാനാവില്ലെന്നും ഐക്യം പ്രായോഗികമല്ലെന്നും സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചിരുന്നു. ഐക്യശ്രമം ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ പരാജയമാകും. എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂരമാണെന്നും എൻഎസ്എസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |