ബേപ്പൂർ: ബി.സി റോഡിൽ നവീകരണം നടക്കുന്ന മിനി സ്റ്റേഡിയത്തിന് നടുവിലായി രണ്ട് കോൺക്രീറ്റ് അടിത്തറകൾ സ്ഥാപിച്ചതിനാൽ ഗ്രൗണ്ടിൽ പരിശീലനത്തിനെത്തുന്ന വിദ്യാർത്ഥികളടക്കമുള്ള കായിക താരങ്ങൾ നിരാശയിൽ. സ്റ്റേഡിയത്തിൽ ഹൈമാസ് ലൈറ്റുകൾ സ്ഥാപിക്കുന്നതിൻ്റെ ഭാഗമായി സ്ഥാപിച്ചതാണ് കോൺക്രീറ്റ് അടിത്തറ. സ്റ്റേഡിയത്തിൽ ഒരടിയോളം ഉയരത്തിലാണ് അടിത്തറ നിർമ്മിച്ചിരിക്കുന്നത്. കായിക താരങ്ങൾ പരിശീലനത്തിനിടയിൽ കോൺക്രീറ്റിൽ തട്ടി തുടർച്ചയായി വീഴാൻ തുടങ്ങിയതോടെ മിനി സ്റ്റേഡിയത്തിലെ പരിശീലനം പ്രതിസന്ധിലായിരിക്കുകയാണ്. കായിക താരങ്ങൾ മറ്റിടങ്ങളിലേക്ക് പരിശീലനം മാറ്റിയ സ്ഥിതിയിലാണ്. കോൺക്രീറ്റ് അടിത്തറയിൽ സ്ഥാപിച്ച ഇരുമ്പ് ബോൾട്ടുകളിൽ മുകളിൽ വീണ് പരിക്കേൽക്കാതിരിക്കാൽ ബോൾട്ടുകൾക്ക് മുകളിൽ പ്ലാസ്റ്റിക്ക് കുപ്പികൾ കമഴ്ത്തിയാണ് ചിലർ പരിശീലനം നടത്തുന്നത്.
200 ഓളം കായിക താരങ്ങൾ പരിശീലിക്കുന്ന സ്റ്റേഡിയം
സമീപ പ്രദേശത്തെ അഞ്ചോളം ഫുട്ബോൾ, ക്രിക്കറ്റ് പരിശീലന ക്ലബുകളിൽ നിന്നായി 200 ഓളം കായിക താരങ്ങളാണ് സ്റ്റേഡിയത്തിൽ പരിശീലനത്തിനെത്തിയിരുന്നത്. വർഷങ്ങളായി മലിനജലം തളം കെട്ടിയും കാടുമൂടിയ നിലയിലുള്ള മിനി സ്റ്റേഡിയം മന്ത്രി മുഹമ്മദ് റിയാസ് മുൻകൈ എടുത്താണ് സ്പോൺസർമാരുടെ സഹകരണത്തോടെ മണ്ണിട്ട് ഉയർത്തി നവീകരിച്ചത്. ഹൈമാസ്റ്റ ലൈറ്റുകളും അലങ്കാരദീപങ്ങളും സ്ഥാപിക്കുന്നതിനായുള്ള കരാറുകാരൻ്റെ അനാസ്ഥയാണെന്നാണ് കായിക പ്രേമികളും നാട്ടുകാരും പറയുന്നത്. സ്റ്റേഡിയത്തിലേക്കുള്ള പ്രവേശന കവാടത്തിന് സമീപം വർഷങ്ങളായി ശോച്യാവസ്ഥയിലായിരുന്ന വിശ്രമകേന്ദ്രം കോർപ്പറേഷൻ 20 ലക്ഷം രൂപ വകയിരുത്തി നവീകരിച്ചിരുന്നു. 3 മാസങ്ങൾക്ക് മുമ്പ് നവീകരണം പൂർത്തിയായ വിശ്രമ മന്ദിരത്തിൻ്റെ ഉദ്ഘാടനം കഴിയും മുൻപേ ബോർഡിലെ ചില അക്ഷരങ്ങൾ നിലം പതിച്ച നിലയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |