
തിരുവനന്തപുരം: ലോകോത്തര നിലവാരമുള്ള സ്റ്റാർട്ടപ്പുകളുടെ അത്യാധുനിക സാങ്കേതികവിദ്യ ഉത്പന്നങ്ങളും സേവനങ്ങളും അണിനിരക്കുന്ന ഹഡിൽ ഗ്ലോബൽ സ്റ്റാർട്ടപ്പ് എക്‌സ്‌പോ
ശ്രദ്ധേയമാകുന്നു. കേരള സ്റ്റാർട്ടപ്പ് മിഷന്റെ നേതൃത്വത്തിൽ ദി ലീല കോവളം, എ റാവിസ് ഹോട്ടലിൽ നടക്കുന്ന 'ഹഡിൽ ഗ്ലോബൽ 2025'നോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രദർശനം നാളെ സമാപിക്കും.
വിവിധ മേഖലകളിലെ നൂറിലധികം സ്റ്റാർട്ടപ്പുകളുടെ ഉത്പന്നങ്ങൾ എക്‌സ‌്പോയിലുണ്ട്. സാങ്കേതിക, വ്യാവസായിക മേഖലകളിലെ പ്രമുഖരുമായി നേരിട്ട് സംവദിക്കാനും മികച്ച സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കാനും അവസരമുണ്ട്.
നൂതന മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ, അഗ്നിസുരക്ഷാ ഉപകരണങ്ങൾ, പുതുതലമുറ റോബോട്ടിക്സ് സൊല്യൂഷനുകൾ, ശാസ്ത്രത്തിലും ഗണിതത്തിലും വിദ്യാർത്ഥികളെ ശാക്തീകരിക്കുന്ന വിദ്യാഭ്യാസ ഉപകരണങ്ങൾ തുടങ്ങിയവയും അവതരിപ്പിക്കുന്നു. സർക്കാർ ഗവേഷണ വികസന സ്ഥാപനങ്ങളും ഇൻകുബേഷൻ സെന്ററുകളുടെ സാന്നിദ്ധ്യവുമുണ്ട്.
ക്ലിക്കിൻ മുതൽ
രാഗനോവ വരെ
സോഷ്യൽ നെറ്റ് വർക്കിംഗ് പ്ലാറ്റ് ഫോമായ 'ക്ലിക്കിൻ', ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട വഴിപാട് ഉൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും സാദ്ധ്യമാക്കുന്ന ടെമ്പിൾ മാനേജ്‌മെന്റ് സോഫ്റ്റ്‌വെയർ നൽകുന്ന 'ഇനിറ്റ് സൊല്യൂഷൻസ്', വ്യാവസായിക അടിസ്ഥാനത്തിൽ ഉത്പന്നങ്ങൾ പായ്ക്ക് ചെയ്യാൻ സഹായിക്കുന്ന പിക്ക് ആൻഡ് പ്ലേസ് റോബോട്ട് എന്നിവ ശ്രദ്ധയാകർഷിക്കുന്നു. രാത്രി സമയങ്ങളിൽ അപകടം കുറയ്ക്കുന്നതിനായി വാഹനങ്ങളുടെ സെൻസേഷൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലെൻസ് അവതരിപ്പിക്കുന്ന 'സിസി റോബോട്ടിക്സ്', കൈയുടെ ചലനത്തിലെ വ്യത്യാസങ്ങൾക്കനുസരിച്ച് കർണാടിക് രാഗങ്ങൾ കേൾപ്പിക്കുന്ന 'രാഗനോവ' ഉപകരണം പ്രദർശിപ്പിച്ചിട്ടുള്ള 'എയ്‌റോ' സ്റ്റാർട്ടപ്പ് തുടങ്ങിയവയും ശ്രദ്ധേയമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |