പ്രതീക്ഷയിൽ മുന്നണികൾ
കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളിൽ ആരെല്ലാം അധികാരത്തിലെത്തുമെന്ന് ഇന്നറിയാം. വിജയ സാദ്ധ്യതയെ കുറിച്ചുളള കണക്കുകൂട്ടലിലായിരുന്നു മുന്നണികൾ ഇന്നലെ. തികഞ്ഞ ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫും യു.ഡി.എഫും. നില മെച്ചപ്പെടുത്തുമെന്ന് എൻ.ഡി.എയും ഉറപ്പിക്കുന്നു. അതേസമയം അടിയൊഴുക്കുകൾ ഉണ്ടാകുമോ എന്ന ആശങ്കയുമുണ്ട്. വിമതൻമാരും അപരന്മാരും ഇത്തവണ കൂടുതലായിരുന്നു. തുറയൂർ പഞ്ചായത്തിൽ സി.പി.എമ്മിനെതിരെ സി.പി.ഐയും മത്സരിച്ചു.
2020 ലെ തിരഞ്ഞെടുപ്പിൽ ജില്ലയിൽ 79.23 ആയിരുന്നു പോളിംഗ് ശതമാനം. ഇത്തവണ അന്തിമ പോളിംഗ് ശതമാനം 77.27 ആണ്. 1.96 ശതമാനത്തിന്റെ കുറവ്. കോഴിക്കോട് കോർപ്പറേഷനിലും പോളിംഗ് കുറഞ്ഞു. 2020ൽ 70.49 ആയിരുന്നത് ഇത്തവണ 69.56 ആണ്. 0.93 ശതമാനത്തിന്റെ കുറവ്.
മാറ്റം ഉറപ്പെന്ന് യു.ഡി.എഫ്
സംസ്ഥാന സർക്കാരിനെതിരായ ജനവികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. പഞ്ചായത്തുകളിൽ 55 ശതമാനം വിജയം നേടുമെന്നാണ് നേതാക്കൾ പറയുന്നത്. ജില്ലാ പഞ്ചായത്തിൽ 15 സീറ്റുകൾ നേടും. മുനിസിപ്പാലിറ്റികളിൽ മുക്കവും വടകരയും പിടിച്ചെടുക്കുമെന്നും പറയുന്നു. നിലവിൽ നാല് മുനിസിപ്പാലിറ്റികളിൽ യു.ഡി.എഫാണ് ഭരിക്കുന്നത്. കോർപ്പറേഷനിൽ വലിയ വിജയപ്രതീക്ഷയില്ല. സംവിധായകൻ വി.എം.വിനുവിനെ സ്ഥാനാർത്ഥിയാക്കി, വോട്ടില്ലാത്തതിനാൽ പിന്നീട് പിൻന്മറേണ്ടിവന്നത് ക്ഷീണമായി. മാങ്കാവിലേതുപോലെ ജനപ്രിയ സ്ഥാനാർത്ഥികളെ അണിനിരത്താനായില്ലെന്നും നേതാക്കളിൽ ചിലർ പറയുന്നു.
മുന്നിലെത്തുമെന്ന് എൽ.ഡി.എഫ്
കോർപ്പറേഷനും ജില്ലാ പഞ്ചായത്തും പതിവുപോലെ തങ്ങൾക്കൊപ്പം നിൽക്കുമെന്ന് എൽ.ഡി.എഫ് നേതാക്കൾ പറയുന്നു. പഞ്ചായത്തുകളും കെെവിടില്ലെന്നാണ് വിലയിരുത്തൽ. മുനിസിപ്പാലിറ്റികളിലും നില മെച്ചപ്പെടുത്താനാകും. ഫറോക്ക് മുനിസിപ്പാലിറ്റി യു.ഡി.എഫിൽ നിന്ന് പിടിച്ചെടുക്കുമെന്ന് നേതാക്കൾ പറയുന്നു. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങൾക്ക് ബോദ്ധ്യമുണ്ടെന്നും അത് നേട്ടമാകുമെന്നുമാണ് കണക്കുകൂട്ടൽ. വിജയത്തെ പറ്റി യു.ഡി.എഫ് ഉന്നയിക്കുന്നത് പൊള്ളയായ അവകാശവാദമാണെന്നും പറയുന്നു.
@ നിർണായക ശക്തിയാവുമെന്ന് എൻ.ഡി.എ
കോഴിക്കോട് കോർപ്പറേഷനിൽ ഇത്തവണ നിർണായക ശക്തിയാവുമെന്നാണ് എൻ.ഡി.എ അവകാശപ്പെടുന്നത്. നിലവിൽ ഏഴ് സീറ്റുകളുണ്ട്. അത് ഇരട്ടിയിലേറെയാവും. ഇരുമുന്നണികളേയും മടുത്തതിന്റെ പ്രതിഫലനമാവും ഫലമെന്നും എൻ.ഡി.എക്ക് നേതൃത്വം നൽകുന്ന ബി.ജെ.പി നേതാക്കൾ പറയുന്നു
മുനിസിപ്പാലിറ്റികൾ
(എൽ.ഡി.എഫ് ഭരണം)
മുക്കം, വടകര, കൊയിലാണ്ടി
യു.ഡി.എഫ് ഭരണം
കൊടുവള്ളി, പയ്യോളി, രാമനാട്ടുകര, ഫറോക്ക്
അന്തിമ പോളിംഗ് 77.27%
കോഴിക്കോട്: ജില്ലയിലെ അന്തിമ പോളിംഗ് 77.27 % . പോൾ ചെയ്ത ആകെ വോട്ടുകൾ 20,72,976. പുരുഷൻമാർ 9,52,475 (75.12%), സ്ത്രീകൾ 11,20,492 (79.12%), ട്രാൻസ്‌ജെൻഡർ 09 (28.12%). ആകെ വോട്ടർമാർ 26,82,682.
അന്തിമ പോളിംഗ് ശതമാനം
മുനിസിപ്പാലിറ്റികൾ
പയ്യോളി....76.53
രാമനാട്ടുകര....81.39
കൊടുവള്ളി....77.11
മുക്കം....79.29
ഫറോക്ക് ....77.08
കൊയിലാണ്ടി....78.06
വടകര....77.27
കോഴിക്കോട് കോർപ്പറേഷൻ....69.56
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |