
കൊല്ലം: തദ്ദേശതിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകൾ പുറത്തുവരുമ്പോൾ കൊല്ലത്ത് അപ്രതീക്ഷിതമായ സംഭവവികാസങ്ങളാണ് നടക്കുന്നത്. കൊല്ലത്തിന്റെ ഇടതുകോട്ടയെന്ന് അറിയപ്പെടുന്ന കടയ്ക്കൽ പഞ്ചായത്തിലെ ഒരു വാർഡിൽ എൻഡിഎ അക്കൗണ്ട് തുറന്നിരിക്കുകയാണ്. കടയ്ക്കലിലെ വടക്കേവയൽ വാർഡിലെ ബിജെപി സ്ഥാനാർത്ഥി അനുപമ 40 വോട്ടുകളുടെ വ്യത്യാസത്തിൽ വിജയിച്ചു. എന്നാൽ കൊല്ലം കോർപ്പറേഷനിൽ 11 ഇടങ്ങളിൽ യുഡിഎഫ് ലീഡ് ചെയ്യുകയാണ്. വെറും നാല് സീറ്റുകളിലാണ് എൽഡിഎഫ് ലീഡ് ചെയ്യുന്നത്. കൊല്ലം ജില്ലാ പഞ്ചായത്തിൽ പത്തിടങ്ങളിൽ യുഡിഎഫ് ലീഡ് ചെയ്യുകയാണ്.
അടുത്തിടെ കടയ്‌ക്കലിൽ സിപിഐ അംഗങ്ങൾ കൂട്ടത്തോടെ രാജിവച്ചതും എൽഡിഎഫിന് പ്രഹരമായെന്നാണ് സൂചന. മന്ത്രി ജെ ചിഞ്ചുറാണിയുടെ ചടയമണ്ഡലം നിയോജക മണ്ഡലത്തിലുണ്ടായ അപ്രതീക്ഷിത സംഭവം എൻഡിഎയ്ക്കും യുഡിഎഫിനും ലീഡ് നില ഉയർത്താനുള്ള സാഹചര്യമാണ് ഒരുക്കിയത്. കടയ്ക്കൽ ദേവീക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങൾക്കായി സംഘടിപ്പിച്ച പരിപാടിയിൽ വിപ്ലവഗാനം പാടിയതും സ്ക്രീനിൽ ഡിവൈഎഫ്ഐയുടെ പതാക പ്രദർശിപ്പിച്ചതും വിവാദത്തിലായതാണ്, ഈ സംഭവത്തോടെ സിപിഎം നേതാക്കളടങ്ങിയ ക്ഷേത്ര ഉപദേശക സമിതിയെയും പുറത്താക്കിയിരുന്നു. ഇത് കടയ്ക്കലിൽ പാർട്ടി വിരുദ്ധവികാരം സൃഷ്ടിച്ചെന്നാണ് സൂചന.
എല്ലാ കാലത്തും ഇടതുപക്ഷത്തോടൊപ്പം ചേർന്നുനിന്നിരുന്ന പഞ്ചായത്തായിരുന്നു കടയ്ക്കൽ. കഴിഞ്ഞ തവണ 19ൽ 19സീറ്റും നേടിയാണ് എൽഡിഎഫ് പഞ്ചായത്തിന്റെ ഭരണം നേടിയെടുത്തത്. ഇവിടെ പുതിയതായി രൂപീകരിച്ച സ്വാമിമുക്ക് ഉൾപ്പെടെ ഇക്കുറി 20സീറ്റ് നേടി ഭരണം നിലനിർത്തുമെന്ന വിശ്വാസത്തിലായിരുന്നു എൽഡിഎഫ്. തൊഴിലുറപ്പ് തൊഴിലാളി, കുടുംബശ്രീ പ്രവർത്തക, ഹരിതകർമ സേനാ അംഗം, ഓട്ടോറിക്ഷാ തൊഴിലാളി, റിട്ട. അദ്ധ്യാപിക, തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നവർ ഉൾപ്പടെയുള്ള പുതുമുഖങ്ങളും പരിചയ സമ്പന്നരുമായാണ് എൽഡിഎഫ് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നിട്ടും പ്രതീക്ഷിച്ച ഫലമല്ല കടയ്ക്കലിൽ നിന്നുണ്ടാകുന്നത്. സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും ത്രിതല പഞ്ചായത്തുകളുടെ നേട്ടങ്ങളും എൽഡിഎഫിന് കൂടുതൽ കരുത്തുപകരുമെന്ന വിശ്വാസമുണ്ടായെങ്കിലും പ്രതീക്ഷിച്ച ഫലമല്ല പുറത്തുവരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |