
മയക്കുമരുന്നിനെതിരെ ബോധവൽക്കരണമായിസാമൂഹ്യപ്രതിബദ്ധതയോടെ കഥ പറയുന്ന അച്ഛന്റെ പൊന്നുമക്കൾ സ്കൂളുകളിൽ സൗജന്യമായാണ് അവതരിപ്പിക്കാറുളളത്. ആ കഥാപ്രസംഗം കണ്ട് കണ്ണുനീരണിഞ്ഞ് ദുഖം പങ്കുവെച്ച പലരെയും സുഗതൻ ഓർക്കുന്നു.
സദസിലെ ജനസാഗരത്തിലേക്ക്, സംഗീതം ചാലിച്ച്കഥ ഒഴുക്കിവിടുന്നൊരു പുഴയാകുന്നു കഥാപ്രസംഗം. ഉത്സവങ്ങളായ ഉത്സവങ്ങളുടെയെല്ലാം പറമ്പുകളിലും സാമൂഹ്യസാംസ്കാരിക കൂട്ടായ്മകളിലും പാടി നിറഞ്ഞ ജനകീയകല. സിനിമ കഴിഞ്ഞാൽ മലയാളി മനസ്സിലേറ്റിയ ഏറ്റവും വലിയ കലാരൂപം. കഥാപ്രസംഗംശതാബ്ദിവർഷം പിന്നിട്ടിരിക്കുന്നു. നിലവിൽ ഈ കലാകാരന്മാരിൽ ഭൂരിഭാഗവും അറുപത് പിന്നിട്ടവരാണ്. ഏറെ കലാകാരൻമാരുമില്ല. 65 വയസിനിടെ ആയിരത്തിലേറെ വേദികളെ ഹരം കൊളളിച്ച സുഗതൻ പൊറത്തിശ്ശേരി അക്കൂട്ടത്തിൽ ഒരു വേറിട്ട സ്വരമാണ്.
ഇരിങ്ങാലക്കുട പൊറത്തിശേരി മണപ്പെട്ടി വീട്ടിൽ കൊച്ചക്കന്റേയും അമ്മിണിയുടേയും മകൻ സുഗതന് ബാല്യത്തിലേ മനസിൽ കുടിയേറിയതാണ് കഥാപ്രസംഗം. സുഗതൻ ബാല്യത്തിൽ ഏഴാം ക്ലാസ് മുതൽക്കേ കഥ അവതരിപ്പിച്ചിരുന്നു. സ്കൂൾ കലോത്സവത്തിൽ സുഗതന് സമ്മാനം ലഭിച്ചിട്ടുണ്ട്. കെടാമംഗലത്തിന്റെ അവതരണം കണ്ട് ആവേശം കയറി. കഥയും കവിതയുമെല്ലാം കുറിച്ചിട്ട് സ്വയം അവതരിപ്പിക്കാൻ തുടങ്ങി. നാഷണൽ ഹൈസ്കൂളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി ടൈപ്പ് റൈറ്റിംഗ് പഠിച്ച് ജോലിയ്ക്കായി അന്നത്തെ ബോംബെയിലേക്ക് വണ്ടി കയറിയെങ്കിലും മനസിലെ വേദിയിൽ കഥാപ്രസംഗകൻ നിലകൊളളുന്നുണ്ടായിരുന്നു. എക്സ്പോർട്ടിംഗ് കമ്പനിയിൽ ജോലി ചെയ്യുമ്പോഴും മനസ് അമ്പലപ്പറമ്പുകളിലെ കഥാപ്രസംഗവേദികളിലായിരുന്നു.
കെടാമംഗലത്തിന്റെ ശിഷ്യത്വം
മൂന്നു വർഷം കഴിഞ്ഞപ്പോൾ കഥാപ്രസംഗം പഠിച്ചിട്ടു തന്നെ കാര്യമെന്നായി. അന്ന് നാടക സിനിമാ രംഗങ്ങളിൽ കൂടി വ്യാപിച്ച കലാ പ്രവർത്തനമായിരുന്നു കാഥികൻ കെടാമംഗലം സദാനന്ദന്റേത്.
നാട്ടിൽ വന്ന് കെടാമംഗലത്തെ കണ്ട് അനുഗ്രഹം തേടി. അദ്ദേഹം സൗജന്യമായി പഠിപ്പിച്ചു. പിന്നെ തിരിച്ച് മുംബൈയിലേക്ക് പോയില്ല. വടക്കൻ പറവൂരിലെ കെടാമംഗലത്തിന്റെ വീട്ടിലേക്ക്, അദ്ദേഹത്തിന് ഒഴിവുളള സമയത്തെല്ലാം പോയി പഠനം തുടർന്നു. അദ്ദേഹം പഠിപ്പിച്ചിരുന്ന കഥാപ്രസംഗശിൽപ്പശാലകളിലും പരിശീലനം തുടർന്നു. അങ്ങനെ കോമ്പാറയിലെ ഒരു കുടുംബക്ഷേത്രത്തിൽ ആദ്യമായി കഥാപ്രസംഗം അവതരിപ്പിച്ചു. താമ്രപത്രം എന്ന പേരിൽ താൻ തന്നെ എഴുതിയ കഥയായിരുന്നു അവതരിപ്പിച്ചത്. ജാതിവിവേചനവും താമ്രപത്രം കിട്ടുന്ന മകനെ തേടി വരുന്ന അമ്മയുടെ വ്യഥയുമെല്ലാമായിരുന്നു പ്രമേയം. ആ കഥാപ്രസംഗം ഹിറ്റായതോടെ 22-ാമത്തെ വയസ്സിൽ സുഗതൻ, ഔദ്യോഗിക കാഥികനായി. ലളിതാംബിക അന്തർജ്ജനത്തിന്റെരണ്ടു കണ്ണുകൾ, കൃഷ്ണതുളസി, മറ്റൊരു പൈങ്കിളി...അങ്ങനെ കഥകൾ പലതും അവതരിപ്പിച്ചു. വേദികൾ കൂടി. 27
വയസാകുമ്പോഴേയ്ക്കും നൂറിലേറെ വേദികളിൽ സുഗതൻ നിറഞ്ഞു.
കഷ്ടപ്പാടുകളുടെ ചെറുപ്പകാലം
നാലു സഹോദരിമാരെ വിവാഹം കഴിച്ചുവിടേണ്ട പ്രാരാബ്ധത്തിലായിരുന്നു അച്ഛൻ. കച്ചവടം ചെയ്തു കിട്ടുന്ന വരുമാനം കൊണ്ട് കുടുംബം പുലർത്താൻ പെടാപ്പാട് പെടുമ്പോൾ സുഗതൻ കഥാപ്രസംഗത്തിലേക്ക് തിരിഞ്ഞതു കണ്ട് അച്ഛന് ഇഷ്ടക്കേടുണ്ടായെങ്കിലും കലാകാരനായി അറിയപ്പെടാൻ തുടങ്ങിയപ്പോൾ അതെല്ലാം മാറി. പക്ഷേ, വരുമാനമില്ലാത്തതിനാൽ കഷ്ടപ്പാടുകൾ നിരവധിയായിരുന്നു. വിവാഹശേഷം സൗദി അറേബ്യയിൽ സ്റ്റോർ കീപ്പറായി ജോലി കിട്ടിയപ്പോഴായിരുന്നു അൽപ്പം ആശ്വാസമായത്. പക്ഷേ, അപ്പോഴും ഉളളിലെ കാഥികൻ കഥകൾ പറഞ്ഞു കൊണ്ടിരുന്നു. ആറു വർഷത്തോളം അവിടെ ജോലി ചെയ്തെങ്കിലും ബാബറി മസ്ജിദ് സംഭവത്തിന്റെ പ്രത്യാഘാതമായി നാട്ടിലേക്ക് തിരിച്ചു വരേണ്ടി വന്നു. നാട്ടിൽ സുഹൃത്തുക്കളുമായി ചേർന്ന് ഐലൻഡ് എന്ന പേരിൽ ഒരു കുറിക്കമ്പനി നടത്തി ഉപജീവനം കണ്ടെത്തി. പിന്നീട് മുഴുവൻ സമയ കഥാപ്രസംഗികനായി തിരിച്ചുവരികയായിരുന്നു.
പുരാണ കഥ പറയുന്ന ഭീഷ്മർ, മയക്കുമരുന്നിനെതിരെ ബോധവൽക്കരണമായിസാമൂഹ്യപ്രതിബദ്ധതയോടെ കഥ പറയുന്ന അച്ഛന്റെ പൊന്നുമക്കൾ തുടങ്ങിയ കഥകൾ ജനങ്ങൾ ഏറ്റെടുത്തു. കേരളത്തിലെ വിവിധ ജില്ലകളിലും മുംബൈയിലും ഗുജറാത്തിലും ആകാശവാണിയിലുമെല്ലാം കഥാപ്രസംഗം അവതരിപ്പിച്ചു. കഥാപ്രസംഗ കലാ സംഘടനയുടെ വൈസ് പ്രസിഡന്റായി കുറച്ചുകാലം പ്രവർത്തിച്ചിട്ടുണ്ട്. സുഗതന്റെ എട്ടു കഥകളെങ്കിലും ജനങ്ങളുടെ മനസിൽ കുടിയേറി.എല്ലാ കഥാ പ്രസംഗങ്ങളുടെയും രചനയും സംഗീതവും സുഗതൻ തന്നെയാണ് നിർവ്വഹിച്ചത്. മോഹം എന്ന പേരിൽ ഒരു കാവ്യസമാഹാരവും ആനുകാലികങ്ങളിൽ കഥയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ട് നാടകങ്ങളും അവയുടെ ഗാനരചനയും നിർവഹിച്ചു.
കുട്ടികൾക്ക് സൗജന്യം
മയക്കുമരുന്നിനെതിരെ ബോധവൽക്കരണമായിസാമൂഹ്യപ്രതിബദ്ധതയോടെ കഥ പറയുന്ന അച്ഛന്റെ പൊന്നുമക്കൾ സ്കൂളുകളിൽ സൗജന്യമായാണ് അവതരിപ്പിക്കാറുളളത്. അതൊരു സാമൂഹ്യപ്രതിബദ്ധതയായി സുഗതൻ കരുതുന്നു. അദ്ധ്യാപകരും രക്ഷിതാക്കളും കുട്ടികളും ഒന്നിച്ചിരുന്ന് അത് കാണണമെന്നാണ് സുഗതന്റെ പക്ഷം. ആ കഥാപ്രസംഗം കണ്ട് തന്റെ കണ്ണീരഞ്ഞിഞ്ഞ ് ദുഃഖം പങ്കിട്ട രക്ഷിതാക്കളുണ്ടെന്ന് സുഗതൻഓർക്കുന്നു.
ഹരി കഥാ കാലക്ഷേപത്തിന്റെ തുടർച്ച
ഹരി കഥാകാലക്ഷേപം നടത്തിയ നീലകണ്ഠ ഭാഗവതർക്ക് സത്യദേവൻ എന്ന സന്യാസനാമം നൽകിയത് ശ്രീനാരായണ ഗുരുവാണ്. 1924 മേയ് മാസത്തിലാണ് ആദ്യ കഥാപ്രസംഗം അരങ്ങേറിയത്. ചേന്ദമംഗലത്തായിരുന്നു അവതരണം. കഥ കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി. ആശാന്റെ മരണത്തിന് ശേഷം കഥാപ്രസംഗത്തിന് വേണ്ട ഈരടികൾ രചിച്ചത് പണ്ഡിറ്റ് കറുപ്പനായിരുന്നു. 2024ൽ ആദ്യ കഥാപ്രസംഗത്തിന് നൂറ് വർഷം തികഞ്ഞു. ആശാന്റെ കാവ്യങ്ങൾക്ക് പുറമെ വള്ളത്തോൾ, ഉള്ളൂർ എന്നീ മഹാകവികളുടെ കൃതികളും കാഥികർ പാടിപ്പറഞ്ഞിട്ടുണ്ട്. ചങ്ങമ്പുഴ, വയലാർ,
ഇടശ്ശേരി, വൈലോപ്പിള്ളി, ജി ശങ്കരക്കുറുപ്പ് എന്നിവരുടെ കാവ്യങ്ങളും കഥാപ്രസംഗകലയ്ക്ക് വിഷയമായി.റഷ്യൻ നാടകങ്ങളും ടോൾസ്റ്റോയിയുടെ രചനകളുമെല്ലാം വേദിയിലെത്തി. ഒഥെല്ലൊ, കാരമസൊവ് സഹോദരന്മാർ, അന്നാകരീനിന തുടങ്ങിയ വിശ്വസാഹിത്യ കൃതികളും കാഥികർ വേദികളിലെത്തിച്ചു. വി.സാംബശിവൻ ആ നിരയിൽ തിളങ്ങി. ചങ്ങമ്പുഴയുടെ 'വാഴക്കുല' കെടാമംഗലവും ദേവത - സാംബശിവനും അവതരിപ്പിച്ചുകൊണ്ടായിരുന്നു കഥാപ്രസംഗത്തേക്ക് അവർ കടന്നുവന്നത്.
കേരളത്തിലെ സാംസ്കാരിക പ്രസ്ഥാനങ്ങൾക്ക് മുമ്പേ പിറന്ന കഥാപ്രസംഗ പ്രസ്ഥാനം നാടിന്റെ ചരിത്രത്തിന്റെ പരിച്ഛേദമായി.ജനങ്ങളിൽ സാമൂഹ്യസാഹിത്യാവബോധവും സഹൃദയത്വവും സൃഷ്ടിച്ചു. ശുദ്ധഭാഷയിലൂടെ സംഗീതത്തിലൂടെ കാവ്യശകലങ്ങൾ ജനങ്ങളെ പഠിപ്പിച്ചു.
ജന്മിമേൽക്കായ്മയും, അയിത്തവും ജാതിവേർതിരിവും മതദ്വേഷങ്ങളും കൊണ്ട് കേരള ഭ്രാന്താലയമാകുമ്പോൾ ഈ നാടിനെ തിരിച്ചുപിടിച്ചത് കഥാപ്രസംഗമാണെന്ന് സുഗതൻ പറയുന്നു. സാംസ്ക്കാരികാധഃപതനത്തിലാണ്ടുകിടന്ന മലയാളിക്ക് ചിന്താശേഷിയുണ്ടായി. സമൂഹത്തിന്റെ സകല മേഖലകളിലും ഇടപെട്ടുപോന്ന കാഥികർ ഈ കലയ്ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ചു. ഇന്ന് ഉത്സവപ്പറമ്പുകളിൽ കഥാപ്രസംഗം കുറഞ്ഞു. ശേഷിക്കുന്ന കാഥികർ ഈ രംഗത്ത് നിലനിൽക്കണമെങ്കിൽ മതിയായ വേദികൾ ലഭിക്കണമെന്ന് സുഗതൻ പറയുന്നു. ക്ഷേത്രോത്സവക്കമ്മിറ്റികളും സാംസ്കാരിക സംഘടനകളും സർക്കാരും മനസുവെച്ചാൽ കഥാപ്രസംഗത്തിന് ഇനിയും സുവർണ്ണകാലമുണ്ടാകുമെന്നാണ് അദ്ദേഹത്തിന്റെ ശുഭപ്രതീക്ഷ.
ഇനി ഗുരുദേവ ചരിതം
ശ്രീനാരായണഗുരുദേവന്റെ ജീവചരിത്രം വ്യക്തമാക്കുന്ന കഥയാണ് അണിയറയിലുളളത്. അമ്പത് ശതമാനവും രചന പൂർത്തിയായി. ശ്രീനാരായണപ്രസ്ഥാനങ്ങളുടെ വേദികളിൽ മാത്രമല്ല, എല്ലാ ജനവിഭാഗങ്ങളിലേക്കും ഗുരുദേവന്റെ ജീവിതം എത്തിക്കാനുളള ശ്രമമാണ് സുഗതൻ നടത്തുന്നത്.
അതിന് കാരണമുണ്ടെന്ന് സുഗതൻ പറയുന്നു.
ശ്രീനാരായണ ഗുരുദേവന്റെ ആശിർവാദവും മാർഗ നിർദേശവും സ്വീകരിച്ചാണ് കഥാപ്രസംഗ കല പിറവികൊണ്ടത്. 1924ൽ ഗുരുദേവന്റെ ശിഷ്യൻ സി.എ.
സത്യദേവൻ മഹാകവി കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി അവതരിപ്പിച്ചതാണ് ആദ്യ കഥാപ്രസംഗം.
ഗുരുദേവ ദർശനങ്ങളുടെ പ്രചരണം, ആദ്യകാലത്ത് കഥാപ്രസംഗകല ധർമ്മമായി ഏറ്റെടുത്തു. ചണ്ഡാലഭിക്ഷുകിക്കു ശേഷം ദുരവസ്ഥ , കരുണ തുടങ്ങി മലയാളത്തിലെ മഹാകവികളുടെ ഖണ്ഡകാവ്യങ്ങൾ ഓരോന്നും കഥാപ്രസംഗമായി. സത്യദേവനു പിന്നാലെ സ്വാമി ബ്രഹ്മവ്രതൻ , ശേഖരപ്പണിക്കർ, എം.
പി.മന്മഥൻ, പി.സി.എബ്രഹാം, ജോസഫ് കൈമാപറമ്പൻ , കെ.കെ. വാധ്യാർ,പണ്ഡിറ്റ് വാമനൻ , കെടാമംഗലം സദാനന്ദൻ, വി.സാംബശിവൻ തുടങ്ങിയ പ്രഗത്ഭരിലൂടെ കഥാപ്രസംഗ കല വളർന്നു. അക്ഷരാഭ്യാസമില്ലാത്തവർ പോലും മലയാളത്തിലെ ഖണ്ഡകാവ്യങ്ങളിലെ വരികൾ പാടി നടന്നു. സാധാരണക്കാർ ലോക സാഹിത്യത്തെ അറിഞ്ഞു. ഗുരുസന്ദേശ പ്രചരണത്തിനായി രൂപം കൊണ്ട കല നവോത്ഥാന കേരള നിർമ്മിതിയ്ക്കും ആശയ പ്രചാരണത്തിനും നിർണ്ണായകമായ പങ്കുവഹിച്ചു. പിന്നീടാണ്, ആധുനികകഥാപ്രസംഗകലയുടെ ശില്പികളായി അറിയപ്പെടുന്ന കെടാമംഗലം സദാനന്ദൻ 1944ലും വി.സാംബശിവൻ 1949ലും അരങ്ങേറുന്നത്. ചങ്ങമ്പുഴയുടെ ദേവതയുമായായിരുന്നു സാംബശിവന്റെ വരവ്.
കലാകുടുംബം
കാഥികന് ലഭിക്കുന്ന പുരസ്കാരങ്ങൾ ജനങ്ങളുടെ മനസിലാകും. കലാകാരൻമാരുടെ സംഘടനയായ നൻമ വയനാട് സുൽത്താൻ ബത്തേരിയിൽ സംഘടിപ്പിച്ച സംസ്ഥാനതല സർഗ്ഗോത്സവത്തോടനുബന്ധിച്ചു നടത്തിയ കഥാപ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് സുഗതൻ പൊറത്തിശ്ശേരിയായിരുന്നു. ഇരിങ്ങാലക്കുട തനിമയുടെ അംഗീകാരം തേടിയെത്തി. ഏഴംഗ ഓർക്കസ്ട്രയാണ് സുഗതനൊപ്പമുളളത്. അവരിൽ തുടക്കം മുതലുളളവരുണ്ട്, പിന്നെ രണ്ട് ആൺമക്കളും റിഥംപാഡും കീബോർഡും വായിക്കാനായി ടീമിലുണ്ട്. അക്കൂട്ടത്തിൽകൊച്ചുമകൾ സാൻവികയുമുണ്ട്.
പാട്ടുകളും സുഗതൻ രചിച്ചിട്ടുണ്ട്. ജോജി മണപ്പെട്ടിയും ,സുഗതൻ പൊറത്തിശ്ശേരിയും ചേർന്ന് നിർമ്മിച്ച
' കണ്ടാര മുത്തപ്പൻ ' ഭക്തി ഗാന പ്രകാശനം ഈയിടെ നടന്നിരുന്നു. ഇതിൽ ഗാനരചനയും, സംഗീതവും നിർവ്വഹിച്ചത് സുഗതനായിരുന്നു. ശ്രീനാരായണ പ്രസ്ഥാനങ്ങളിലും സുഗതൻ സജീവമാണ്. എസ്.എൻ.
ഡി.പി മുകുന്ദപുരം യൂണിയനു കീഴിലെ പൊറത്തിശേരി ശാഖാ സെക്രട്ടറിയാണ് സുഗതൻ. കൂടൽമാണിക്യം,
തൃക്കൂർ, അവിട്ടത്തൂർ, പൊഞ്ഞനം അടക്കമുളള നിരവധി ക്ഷേത്രങ്ങളിൽ നിരവധി വേദികൾ സുഗതന് ലഭിച്ചു. ഒരിക്കൽ ഗുരുവായൂർ ഉത്സവത്തിന് ക്ഷണിച്ചെങ്കിലും വ്യക്തിപരമായ കാരണങ്ങളാൽ കഥാപ്രസംഗം അവതരിപ്പിക്കാനായില്ല. ഭാര്യ ജയശ്രീ വീട്ടമ്മയാണ്. മൂത്ത മകൻ സുധീപ് കാട്ടൂർ പോംപെ സ്കൂളിൽ ഫിസിക്കൽ സയൻസ് അദ്ധ്യാപകനാണ്. ഇളയമകൻ സുജയ് ചെന്ത്രാപ്പിന്നി സ്കൂളിൽ ഗണിതാദ്ധ്യാപകനും. മരുമക്കൾ നവ്യയും ദിയയും അദ്ധ്യാപികമാരാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |