കുന്നത്തുകാൽ: ഫലം പ്രഖ്യാപിച്ചപ്പോൾ 14 വോട്ടിന് വിജയിച്ച സ്ഥാനാർത്ഥി വെബ്സൈറ്റിൽ ഒരു വോട്ടിന് തോറ്റതായി രേഖ. തുടർന്നുണ്ടായ വാക്‌പ്പോരും കയ്യാങ്കളിയും പൊലീസെത്തി നിയന്ത്രിച്ചു.
ഇന്നലെ മാരായമുട്ടം ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂളിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ ഉച്ച കഴിഞ്ഞായിരുന്നു സംഭവം. കുന്നത്തുകാൽ ഗ്രാമ പഞ്ചായത്തിലെ നിലമാമൂട് വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ഷിബുകുമാർ 14 വോട്ടിന് വിജയിച്ചതായി പ്രഖ്യാപിച്ചിരുന്നു. പഞ്ചായത്തിലെ ആകെയുള്ള 23 വാർഡുകളിൽ 10 സീറ്റുകൾ യു.ഡി.എഫിനും 10 സീറ്റുകൾ എൽ.ഡി.എഫിനും ബി.ജെ.പി ക്ക് 3 സീറ്റുകളുമാണ് ലഭിച്ചത്.
എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ ഷിബുകുമാറിനെക്കാൾ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ടി. രവീന്ദ്രൻനായർ വിജയിച്ചതായി കാണിച്ചിരുന്നു. ഇതോടെ വോട്ടെണ്ണൽ കേന്ദ്രത്തിൽ കൂട്ടമായെത്തിയ യു.ഡി.എഫ് പ്രവർത്തകർ ഉദ്യോഗസ്ഥരുമായി തർക്കമുണ്ടായി. തുടർന്ന് എൽ.ഡി,എഫ് പ്രവർത്തകരുമായി വാക്കേറ്റവും ഉന്തും തള്ളും നടന്നു. യു.ഡി.എഫ് പ്രവർത്തകർ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ വോട്ടുകൾ റീ കൗണ്ടിംഗ് നടത്തി. എണ്ണിക്കഴിഞ്ഞതോടെ പഴയ റിസൾട്ട് പോലെ 14 വോട്ടിന് യു.ഡി. എഫിലെ ഷിബുകുമാർ വിജയിച്ചതായി വീണ്ടും പ്രഖ്യാപിക്കുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |