
കോഴിക്കോട്: മുനിസിപ്പാലിറ്റികളിൽ മാറ്റമില്ലാതെ തിരഞ്ഞെടുപ്പ് ഫലം. 2020 പോലെ ഇത്തവണയും നാലെണ്ണം യു.ഡി.എഫും മൂന്നെണ്ണം എൽ.ഡി.എഫും ഭരിക്കും. ഫറോക്ക്, രാമനാട്ടുകര, കൊടുവള്ളി, പയ്യോളി എന്നിവയിൽ യു.ഡി.എഫും വടകര, മുക്കം, കൊയിലാണ്ടി എന്നിവയിൽ എൽ.ഡി.എഫും തുടരും. മുക്കത്ത് വെൽഫയർ പാർട്ടി ഒരു സീറ്റ് അധികം നേടിയപ്പോൾ വടകരയിൽ എസ്.ഡി.പി.ഐയ്ക്ക് ഉണ്ടായിരുന്നു ഏക സീറ്റ് നഷ്ടപ്പെട്ടു.
ഫറോക്ക്: ഫറോക്ക് മുനിസിപ്പാലിറ്റിയിൽ മൂന്ന് സീറ്റ് അധികം നേടി യു.ഡി.എഫ് ഭരണം നിലനിറുത്തി. 2020ൽ 20 സീറ്റായിരുന്നത് ഇത്തവണ 23 ആയി. വാർഡ് പുനർവിഭജനത്തിൽ വർദ്ധിച്ച വാർഡായ ഇരിയമ്പാടവും യു.ഡി.എഫ് നേടി. എൽ.ഡി.എഫ് സീറ്റ് 17ൽ നിന്ന് 15 ആയി. എൻ.ഡി.എ ഒരു സീറ്റ് നിലനിറുത്തി.
രാമനാട്ടുകര: രാമനാട്ടുകരയിൽ 2020ൽ 17 സീറ്റ് നേടിയ യു.ഡി.എഫ് ഇത്തവണ 23 സീറ്റ് നേടി കരുത്തുറപ്പിച്ചു. 14 സീറ്റുണ്ടായിരുന്ന എൽ.ഡി.എഫിന് ഇത്തവണ ഒമ്പത് സീറ്റിൽ തൃപ്തിയടയേണ്ടിവന്നു. വാർഡ് പുനർവിഭജനത്തിൽ കൂടിയ പള്ളിമേത്തലിലും യു.ഡി.എഫ് വിജയിച്ചു. യു.ഡി.എഫിലെ മുൻ ചെയർപേഴ്സൺ ബുഷ്‌റ റഫീഖ്, മുൻ വൈസ് ചെയർമാൻ കെ.സുരേഷ്, ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ കെ.എം യമുന, മുൻ കൗൺസിലർ പി.കെ സജ്ന എന്നിവർ തോറ്റു. മുൻ കൗൺസിലർ സി.പി.എമ്മിലെ ബീന പ്രഭയും പരാജയപ്പെട്ടു. എൻ.ഡി.എയ്ക്ക് അക്കൗണ്ട് തുറക്കാനായില്ല.
പയ്യോളി: പയ്യോളി മുനിസിപ്പാലിറ്റിയിൽ കഴിഞ്ഞ തവണത്തേക്കാൾ ഒരു സീറ്റ് വർദ്ധിപ്പിച്ച യു.ഡി.എഫ് ഭരണം തുടർച്ച നേടി. കഴിഞ്ഞ തവണ യു.ഡി.എഫിന് 21 സീറ്റായിരുന്നത് ഇത്തവണ 22ആയി. എൽ.ഡി.എഫ് കഴിഞ്ഞ തവണ നേടിയ 14 സീറ്റും എൻ.ഡി.എ നേടിയ ഒരു സീറ്റും നിലനിറുത്തി. കോൺഗ്രസ് നേതാവ് പടന്നയിൽ പ്രഭാകരൻ 34-ാം വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയോടും ആർ.ജെ.ഡി നേതാവ് ചെറിയാവി സുരേഷ് ബാബു 37-ാം വാർഡിൽ എൻ.ഡി.എ സ്ഥാനാർഥിയോടും പരാജയപ്പെട്ടു.
കൊടുവള്ളി: കൊടുവള്ളി മുനിസിപ്പാലിറ്റിയായതിനു ശേഷം മൂന്നാംതവണയും യു.ഡി.എഫ് ഭരണം നിലനിറുത്തി. കഴിഞ്ഞ തവണയും ഇത്തവണയും എൽ.ഡി.എഫിന് 11 സീറ്റ് ലഭിച്ചു. യു.ഡി.എഫ് 26 സീറ്റ് സ്വന്തമാക്കി. കഴിഞ്ഞ തവണ 25 ആയിരുന്നു. ഇത്തവണ ഇരു മുന്നണിയിലും സ്വതന്ത്രരും മത്സരിച്ച് ജയിച്ചു.
വടകര: വീറുറ്റ പോരാട്ടം നടന്ന വടകരയിൽ 28 സീറ്റ് നേടി എൽ.ഡി.എഫ് തുടർഭരണം ഉറപ്പിച്ചു. യു.ഡി.എഫ്- ആർ.എം.പി.ഐ മുന്നണി 17 ഉം ബി.ജെ.പി മൂന്നും സീറ്റ് നേടി. വികസനമുരടിപ്പും അഴിമതിയും പ്രതിപക്ഷം പ്രചാരണ വിഷയമാക്കിയെങ്കിലും കഴിഞ്ഞ തവണത്തേക്കാൾ ഒരു സീറ്റ് എൽ.ഡി.എഫ് കൂടുതൽ നേടി. യു.ഡി.എഫിന് ഒരു സീറ്റ് കുറഞ്ഞു. ഇത്തവണ വർദ്ധിച്ച
വാർഡ് 48ൽ ലീഗിലെ മുഹമ്മദ് അബ്നാസ് വിജയിച്ചു. ആർ.ജെ.ഡിക്ക് രണ്ട് സീറ്റുണ്ടായിരുന്നത് ഇത്തവണ ഒന്നായി. കോൺഗ്രസ് (എസ്) ഒരു സീറ്റ് നേടി. ആർ.എം.പി.ഐ വടകര ഏരിയ ചെയർമാൻ എ.പി ഷാജിത്ത് മത്സരിച്ച ചീനം വീട് വാർഡിൽ ബി.ജെ.പി സീറ്റ് പിടിച്ചെടുത്തു. സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റായിരുന്നു. യു.ഡി.എഫ് വാർഡുകളായ 23, 24, 25 എന്നിവ എൽ.ഡി.എഫ് തിരിച്ചുപിടിച്ചു. 17, 28 വാർഡുകൾ യു.ഡി.എഫ് സഖ്യം പിടിച്ചെടുത്തു. ഒരു എൽ.ഡി.എഫ് സീറ്റ് ബി.ജെ.പി നേടി. അതേസമയം ബി.ജെ.പി വിജയിച്ചിരുന്ന അക്ലോത്ത്നട എൽ.ഡി.എഫും സ്വന്തമാക്കി. കഴിഞ്ഞ തവണ ലീഗിൽ നിന്ന് എസ്.ഡി.പി.ഐ പിടിച്ചെടുത്ത ഒരു സീറ്റ് ലീഗ് തിരിച്ചുപിടിച്ചു.
മുക്കം: മുക്കം നഗരസഭ എൽ.ഡി.എഫ് ഭരിക്കും. 25 വർഷമായി ഇവിടെ എൽ.ഡി.എഫ് ഭരണമാണ്. കഴിഞ്ഞ തവണ 15 സീറ്റുണ്ടായിരുന്നത് ഇത്തവണ 18 സീറ്റായി. യു.ഡി.എഫിന് കഴിഞ്ഞ തവണ 12ഉും എൻ.ഡി.എയ്ക്ക് രണ്ടും സീറ്റുണ്ടായിരുന്നത് ഇത്തവണ ഇരു കൂട്ടർക്കും ഓരോ സീറ്റ് കുറഞ്ഞു. കഴിഞ്ഞതവണ വെൽഫയർ പാർട്ടി മൂന്ന് സീറ്റ് നേടിയത് ഇത്തവണ നാലായി.
കൊയിലാണ്ടി: കൊയിലാണ്ടി മുനിസിപ്പാലിറ്റിയിൽ എൽ.ഡി.എഫ് ഭരണം തുടരും. 46ൽ 22 സീറ്റ് എൽ.ഡി.എഫ് നിലനിറുത്തി. യു.ഡി.എഫ് 19 സീറ്റും എൻ.ഡി.എ നാല് സീറ്റും നേടി. മറ്റുള്ളവർ ഒന്ന്.
കൽപ്പറ്റ: കൽപ്പറ്റ മുനിസിപ്പാലിറ്റി യു.ഡി.എഫിൽ നിന്ന് എൽ.ഡി.എഫ് പിടിച്ചെടുത്തു. 30 സീറ്റിൽ 17 സീറ്റിൽ എൽ.ഡി.എഫും 11 സീറ്റ് യു.ഡി.എഫും 2 സീറ്റ് എൻ.ഡി.എയും നേടി.ഇവിടെ ആദ്യമായാണ് എൻ.ഡി.എ സീറ്റ് നേടുന്നത്. ചെയർമാൻ പരാജയപ്പെട്ടു. അഞ്ച് വർഷത്തിനിടെ മൂന്ന് ചെയർമാൻമാർ ഭരിച്ച മുനിസിപ്പാലിറ്റിയിൽ അവസാന ചെയർമാനും തിരഞ്ഞെടുപ്പിൽ തോറ്റു.
ബത്തേരി: 2015ൽ മുനിസിപ്പാലിറ്റിയായതുമുതൽ എൽ.ഡി.എഫിന്റെ കുത്തകയായിരുന്ന സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി എൽ.ഡി.എഫിൽ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. 36 സീറ്റിൽ 20 സീറ്റിൽ യു.ഡി.എഫും, 14 സീറ്റിൽ എൽ.ഡി.എഫും, ഒരു സീറ്റിൽ എൻ.ഡി.എയും, ഒരു സീറ്റ് സ്വതന്ത്രനും നേടി. നിലവിലെ ചെയർമാനും വൈസ് ചെയർമാനും തോറ്റു. എൽ.ഡി.എന്റെ പല കുത്തക വാർഡുക ളും പിടിച്ചാണ് യു.ഡി.എഫ് വിജയമുറപ്പിച്ചത്.
മാനന്തവാടി: മാനന്തവാടി മുനിസിപ്പാലിറ്റി യു.ഡി.എഫ് നിലനിർത്തി. 37 സീറ്റിൽ 22 സീറ്റിൽ യു.ഡി.എഫും 15 സീറ്റിൽ എൽ.ഡി.എഫും വിജയിച്ചു. തുടർച്ചയായി ഇത് രണ്ടാം തവണയാണ് മാനന്തവാടിയിൽ യു.ഡി.എഫ് അധികാരത്തിലെത്തുന്നത്. യു.ഡി.എഫിന്റെ വിജയത്തിൽ മുസ്ലീംലീഗി ന്റെ ശക്തി നിർണായകമായിരുന്നു. മറ്റ് മുനിസിപ്പാലിറ്റികളെ അപേക്ഷിച്ച് വിമത ഭീഷണി കൂടുതലായിട്ടും ഭരണം നിലനിർത്താനായത് യു.ഡി.എഫിന് ആശ്വാസം നൽകുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |