
തിരുവനന്തപുരം: ഉമ്മൻചാണ്ടി സർക്കാർ അധികാരത്തിൽ വരുന്നതിനു തൊട്ടുമുമ്പ് 2010ൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഉണ്ടായ യു.ഡി.എഫ് തരംഗത്തേയും മറികടക്കുന്നതാണ് ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് ഫലം. കുറഞ്ഞപക്ഷം, കോർപ്പറേഷനുകളുടെ കാര്യത്തിലെങ്കിലും. അന്ന് മൂന്നു കോർപ്പറേഷനുകളിൽ ഭരണം പിടിക്കാൻ എൽ.ഡി.എഫിന് കഴിഞ്ഞു. ഇപ്പോൾ, ആറു കോർപ്പറേഷനുകളിൽ അഞ്ചിലും ഭരണം കൈയാളിയിരുന്ന എൽ.ഡി.എഫിന് നിലനിറുത്താനായത് കോഴിക്കോട് മാത്രം. കണ്ണൂർ നിലനിർത്തുകയും കാൽ നൂറ്റാണ്ട് പൂർത്തിയാക്കുന്ന കൊല്ലം കോർപ്പറേഷൻ ആദ്യമായി വരുതിയിലാക്കുകയും ചെയ്ത യു.ഡി.എഫ് , എറണാകുളം, തൃശൂർ കോർപ്പറേഷനുകൾ പിടിച്ചെടുക്കുകയും ചെയ്തു.
ജില്ലാപഞ്ചായത്തുകളിൽ വയനാട്,എറണാകുളം,മലപ്പുറം എന്നിവിടങ്ങളിൽ ഭരണം നിലനിറുത്തുകയും കോഴിക്കോട്, ഇടുക്കി,കോട്ടയം,പത്തനംതിട്ട എന്നിവിടങ്ങളിൽ ഭരണം ഇടതുമുന്നണിയിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു.ജില്ലാ പഞ്ചായത്തിൽ മാത്രമാണ് 7-7 ക്രമത്തിൽ എൽ.ഡി.എഫിന് സമനില പിടിക്കാൻ പറ്റിയത്.
941 ഗ്രാമപഞ്ചായത്തുകളിൽ 505 ലും യു.ഡി.എഫിനാണ് ജയം.
86മുനിസിപ്പാലിറ്റികളിൽ 54ഇടത്തും ഭരണം പിടിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 41ഇടത്താണ് ഭരണം ലഭിച്ചിരുന്നത്. 152 ബ്ളോക്ക് പഞ്ചായത്തുകളിൽ 78ലും യു.ഡി.എഫ് ആധിപത്യം നേടി. ട്വന്റി ട്വന്റിക്ക് കിഴക്കമ്പലത്ത് മാത്രമേ ഭരണം നിലനിർത്താനായുള്ളൂ.
21നാണ് സത്യപ്രതിജ്ഞ . സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ,അടക്കമുള്ള മറ്റ് തിരഞ്ഞെടുപ്പുകൾ തിരഞ്ഞെടുപ്പ് കമ്മിഷൻ പിന്നീട് വിജ്ഞാപനം ചെയ്യും. പെരുമാറ്റച്ചട്ടം 18ന് അവസാനിക്കും.
എൽ.ഡി.എഫിന്റെ പാളിയ തന്ത്രങ്ങൾ
# ജനസമ്പർക്കം നടത്തിയും ക്ഷേമപെൻഷൻ വർദ്ധിപ്പിച്ചും സ്ത്രീസുരക്ഷാ പെൻഷൻ പ്രഖ്യാപിച്ചുമൊക്കെ കളം പിടിക്കാമെന്ന് കണക്കുകൂട്ടി.
#വടക്കൻ കേരളത്തിൽ ന്യൂനപക്ഷ വോട്ടുകളും തെക്കൻ കേരളത്തിൽ ആഗോള അയ്യപ്പസംഗമം വഴി ഭൂരിപക്ഷ സമുദായ വോട്ടുകളും കിട്ടുമെന്ന് പ്രതീക്ഷിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ വിഷയം കാഠിന്യത്തോടെ അവതരിപ്പിച്ചു.
യു.ഡി.എഫിന്റെ വിജയ തന്ത്രങ്ങൾ
# ഭരണവിരുദ്ധ വികാരം മുഖ്യ പ്രചാരണ ആയുധമാക്കി.
ശബരിമല സ്വർണക്കൊള്ളയും കുറ്റക്കാരെ സി.പി.എം പുറത്താക്കാത്തതും പരക്കെ ചർച്ചയാക്കി. ആരാധനാലയങ്ങളോടുള്ള ഇടതു സർക്കാരിന്റെ സമീപനമെന്ന നിലയിൽ മറ്റു സമുദായങ്ങളെയും വിഷയം സ്വാധീനിച്ചു.
# മതേതര സമീപനം ആവർത്തിച്ച്, ജനകീയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. കൃത്യമായ ഗൃഹപാഠമുണ്ടായിരുന്നു. തിരുവനന്തപുരം കോർപ്പറേഷനിലെ 10 സീറ്റുകൾ 19 ആക്കി ഉയർത്തിയത് ഉദാഹരണം.
വികസനം മാത്രം പറഞ്ഞ്
ബി.ജെ.പി വലവീശി
#ഹൈന്ദവ ലേബൽ വോട്ടർമാരിൽ ഉണ്ടാവരുതെന്ന് മുൻകൂട്ടി നിശ്ചയിക്കുകയും അതുപ്രകാരം വികസനം മാത്രം ഉയർത്തിക്കാട്ടി വോട്ടു തേടുകയും ചെയ്തു. ശബരിമല തിരഞ്ഞെടുപ്പ് വിഷയമല്ലെന്ന് പരസ്യനിലപാട് സ്വീകരിച്ചതും ഇതിന്റെ ഭാഗം.
# കേന്ദ്രം സഹായിക്കാൻ നിന്നിട്ടും അത് നേടിയെടുക്കാൻ സംസ്ഥാനത്തിന് സാധിക്കുന്നില്ലെന്ന് സ്ഥാപിച്ചെടുക്കാൻ അവർക്കായി. അധികാരം കിട്ടിയാൽ നടപ്പാക്കാനുദ്ദേശിക്കുന്ന വികസന പ്രവർത്തനങ്ങൾ ആകർഷകമായി അവർ മുന്നോട്ടു വച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |