
ന്യൂഡൽഹി: രാജ്യം നടുങ്ങിയ പാർലമെന്റ് ആക്രമണത്തിന്റെ 24-ാം വാർഷിക ദിനത്തിൽ വീരമൃത്യു വരിച്ചവർക്ക് ആദരം. പഴയ പാർലമെന്റ് മന്ദിരത്തിന് പുറത്ത് നടന്ന ചടങ്ങിൽ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാക്കളായ രാഹുൽ ഗാന്ധി, മല്ലികാർജ്ജുൻ ഖാർഗെ, മന്ത്രിമാരായ അമിത് ഷാ, കിരൺ റിജിജു, ജിതേന്ദ്ര സിംഗ്, അർജുൻ റാം മേഘ്‌വാൾ, എംപിമാരായ സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി തുടങ്ങിയവർ വീരമൃത്യു വരിച്ചവരുടെ ചിത്രങ്ങൾക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ സമ്മാൻ ഗാർഡ് അർപ്പിച്ചു.
കർത്തവ്യ നിർവഹണത്തിനിടെ ജീവൻ ത്യജിച്ചവരെ രാഷ്ട്രം അങ്ങേയറ്റം ആദരവോടെ സ്മരിക്കുന്നുവെന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. ഗുരുതരമായ അപകടസാഹചര്യത്തെ നേരിട്ടപ്പോഴും അവരുടെ ധൈര്യവും ജാഗ്രതയും അചഞ്ചലമായ ഉത്തരവാദിത്വബോധവും ഓരോ പൗരനും എക്കാലവും പ്രചോദനമായി തുടരും. അവരുടെ പരമോന്നത ത്യാഗത്തിന് ഇന്ത്യ എക്കാലവും കടപ്പെട്ടിരിക്കും.
2001 ഡിസംബർ 13ന് ശീതകാല സമ്മേളനം നടക്കുമ്പോൾ പാക് ഭീകര സംഘടനയായ ലഷ്‌കറെ ത്വയ്ബ നടത്തിയ ആക്രമണത്തിൽ അഞ്ച് ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ, ഒരു വനിതാ സി.ആർ.പി.എഫ് കോൺസ്റ്റബിൾ, പാർലമെന്റിലെ രണ്ട് വാച്ച് ആൻഡ് വാർഡ് ജീവനക്കാർ, ഒരു തോട്ടക്കാരൻ, മാദ്ധ്യമ ഫോട്ടോഗ്രാഫർ തുടങ്ങിയവരാണ് കൊല്ലപ്പെട്ടത്.
ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ജമ്മു കാശ്മീർ ലിബറേഷൻ ഫ്രണ്ട് നേതാവുമായ അഫ്സൽ ഗുരു, ഷൗക്കത്ത് ഹുസൈൻ, ഇയാളുടെ ഭാര്യ അഫ്സാൻ ഗുരു, എസ്എആർ ജിലാനി എന്നിവർ അറസ്റ്റിലായി. 2013 ഫെബ്രുവരിയിൽ അഫ്സൽ ഗുരുവിനെ തൂക്കിലേറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |