
കാസർകോട്: കേരളത്തിലാകെ അലയടിച്ച യു.ഡി.എഫ് തരംഗം കാസർകോട് ജില്ലയെ തൊട്ടില്ല. കാസർകോട് ജില്ലാ പഞ്ചായത്തും കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളും നാല് ബ്ലോക്ക് പഞ്ചായത്തുകളും എൽ.ഡി.എഫ് നിലനിർത്തി.
ജില്ലാ പഞ്ചായത്തിൽ ഒമ്പത് ഡിവിഷനിൽ എൽ.ഡി.എഫും എട്ടിൽ യു.ഡി.എഫും വിജയിച്ചു. എൻ.ഡി.എ ബദിയടുക്ക ഡിവിഷനിൽ മാത്രമായി ഒതുങ്ങി.പത്തു വർഷമായി എൽ.ഡി.എഫ് ഭരണത്തിലുള്ള കാഞ്ഞങ്ങാട് നഗരസഭയിൽ ഭരണം തിരിച്ചു പിടിക്കാൻ യു.ഡി.എഫ് പൊരുതിയെങ്കിലും സാധിച്ചില്ല. സ്വതന്ത്രന്മാർ ഉൾപ്പെടെ എൽ.ഡി.എഫ് 22 സീറ്റിലും യു.ഡി.എഫ് 21 സീറ്റിലും വിജയിച്ചു. നാലിടത്ത് എൻ.ഡി.എയും ജയിച്ചു. കാസർകോട് നഗരസഭ 24 സീറ്റുമായി യു.ഡി.എഫ് നിലനിർത്തി. എൻ.ഡി.എ പന്ത്രണ്ട് വാർഡുകളിൽ ജയിച്ചു. സി.പി.എം രണ്ടിടത്ത് വിജയിച്ചു.
നീലേശ്വരം നഗരസഭ 20 സീറ്റുമായി എൽ.ഡി.എഫ് നിലനിർത്തി. യു.ഡി.എഫ് ഒൻപതിൽ നിന്ന് 13 ലേക്ക് സീറ്റുകൾ വർദ്ധിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തുകളിൽ നാലിടത്ത് എൽ ഡി എഫും രണ്ടിടത്തും യു.ഡി.എഫും അധികാരത്തിലെത്തി. കാഞ്ഞങ്ങാട്,നീലേശ്വരം , പരപ്പ, കാറഡുക്ക ബ്ളോക്കുകളിലാണ് എൽ.ഡി.എഫ് ജയം. കാസർകോട്,മഞ്ചേശ്വരം ബ്ളോക്കുകളിൽ യു.ഡി.എഫ് വിജയിച്ചു.
17 ഗ്രാമപഞ്ചായത്തുകളിൽ യു.ഡി.എഫ് ആധിപത്യമുണ്ട്. 13 പഞ്ചായത്തുകൾ എൽ.ഡി.എഫും, മൂന്നിടത്ത് എൻ.ഡി.എയും വിജയിച്ചു. അഞ്ച് ഗ്രാമ പഞ്ചായത്തുകളിൽ ആർക്കും ഭൂരിപക്ഷം ലഭിച്ചില്ല. യു.ഡി.എഫ് ഭരിച്ചിരുന്ന പുല്ലൂർ പെരിയ,ബദിയടുക്ക, സി.പി.എം ഭരിച്ചിരുന്ന പുത്തിഗെ , ദേലമ്പാടി, ബി.ജെ.പി ഭരിച്ചിരുന്ന ബെള്ളൂർ എന്നിവിടങ്ങളിലാണ് ആർക്കും ഭൂരിപക്ഷമില്ലാതായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |