
തിരുവനന്തപുരം: സർവകലാശാല വൈസ് ചാൻസിലർ (വിസി) നിയമനത്തിൽ സുപ്രീംകോടതിക്കെതിരെ ഗവർണർ രാജേന്ദ്ര ആർലേകർ. വിസിമാരെ നിയമിക്കാനുള്ള അധികാരം ചാൻസിലർക്കാണെന്നും അദ്ദേഹം പറഞ്ഞു. യുജിസി നിയമത്തില്‍ വിസിമാരെ നിയമിക്കേണ്ടത് ചാന്‍സിലറാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ഗവര്‍ണര്‍ കൂട്ടിച്ചേർത്തു. മുന്‍ ചീഫ് ജസ്റ്റിസും കേരളത്തിന്റെ മുന്‍ ഗവര്‍ണറുമായിരുന്ന വി സദാശിവത്തിന് വി ആര്‍ കൃഷ്ണയ്യര്‍ പുരസ്‌കാരം നല്‍കുന്ന വേദിയില്‍വച്ചായിരുന്നു ഗവർണറുടെ വിമർശനം.
ഒരേ വിഷയത്തിൽ സമാനമായ സാഹചര്യങ്ങളിൽപോലും, കോടതികളോ ന്യായാധിപന്മാരോ വ്യത്യസ്തമായ വ്യാഖ്യാനങ്ങള്‍ നല്‍കുന്നതിലാണ് അത്ഭുതമെന്ന് അദ്ദേഹം പറഞ്ഞു. താനൊരു സാധാരണക്കാരനെന്ന നിലയില്‍ സുപ്രീംകോടതി പറഞ്ഞതിൽ ഇപ്പോഴും അത്ഭുതപ്പെടുന്നുവെന്നും ഗവർണർ കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ ഇപ്പോള്‍ സര്‍വ്വകലാശാലാ വിഷയങ്ങള്‍ എല്ലായിടത്തും ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യമാണുള്ളത്. ഇതിനിടയില്‍, കണ്ണൂര്‍ സര്‍വകലാശാലയുമായി ബന്ധപ്പെട്ട വിധി എന്തായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. മൂന്ന് ജഡ്ജിമാര്‍ ചേര്‍ന്ന് പുറത്തിറക്കിയ വിധി, യുജിസിയുടെ അവകാശങ്ങളെ ബഹുമാനിക്കുന്നതും അതോടൊപ്പം ഗവര്‍ണറെ ബഹുമാനിക്കുന്നതുമായിരുന്നുവെന്ന് അദ്ദഹം പറഞ്ഞു.
'ഭരണഘടന ഭേദഗതി ചെയ്യാൻ കോടതികൾക്ക് അധികാരമില്ല. അത്തരം സംഭവങ്ങൾ അടുത്തിടെ ഉണ്ടായി. നിയമനിർമ്മാണ സഭകളെ ബഹുമാനിക്കണം. എന്തിനാണ് സർച്ച് കമ്മിറ്റിയെ കോടതി നിയമിക്കുന്നത്. അതിനുള്ള അധികാരം ചാൻസലർക്കാണ്. മറ്റുള്ളവരുടെ ചുമതലകൾ കോടതി ഏറ്റെടുത്ത് ചെയ്യുന്നത് ശരിയല്ല. നിയമം പാലിക്കാൻ മാത്രം കോടതിക്ക് പറയാം. നിങ്ങളുടെ ജോലി ഞങ്ങൾ ചെയ്‌തോളാം എന്ന് പറയരുത്. ഓരോരുത്തരുടെയും ചുമതലകളെ കോടതി ബഹുമാനിക്കണം. നാളെ തിരഞ്ഞെടുപ്പ് കമ്മീഷനോടും കോടതി ഇങ്ങനെ പറഞ്ഞേക്കാം'- ഗവർണർ പറഞ്ഞു.
അതേസമയം, വിസി നിയമന തർക്കത്തിൽ കർശന ഇടപെടലാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതി നടത്തിയത്. സാങ്കേതിക, ഡിജിറ്റൽ സർവ്വകലാശാല വിസിമാരെ സുപ്രീംകോടതി തീരുമാനിക്കുമെന്നും ജസ്റ്റിസ് ധൂലിയ സമിതിയോട് ഓരോ പേരുകൾ മുദ്രവച്ച കവറിൽ നൽകാൻ കോടതി നിർദേശിക്കുകയും ചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |