
ആഭ്യന്തര നിക്ഷേപകർക്ക് കരുത്തേറുന്നു
കൊച്ചി: നടപ്പുവർഷം ഇതുവരെ വിദേശ ധനകാര്യ സ്ഥാപനങ്ങൾ വ്യാപാര ദിനങ്ങളിലെ ഓരോ മണിക്കൂറിലും 152 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചിട്ടും ഇന്ത്യൻ വിപണി പിടിച്ചുനിൽക്കുന്നു. സിസ്‌റ്റമാറ്റിക് ഇൻവെസ്‌റ്റ്‌മെന്റ് പദ്ധതികളിലൂടെയും(എസ്.ഐ.പി) മ്യൂച്വൽ ഫണ്ടുകളിലൂടെയും ആഭ്യന്തര നിക്ഷേപകർ പണമൊഴുക്കിയതാണ് ഇന്ത്യൻ വിപണിയിലെ കനത്ത തകർച്ച ഒഴിവാക്കിയത്. നടപ്പുവർഷം ഇതുവരെ 1.58 ലക്ഷം കോടി രൂപയാണ് വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് പിൻവലിച്ചത്. അതേസമയം ആഭ്യന്തര ചെറുകിട, കോർപ്പറേറ്റ് നിക്ഷേപകർ 7.13 ലക്ഷം കോടി രൂപയുടെ ഓഹരികൾ ഇക്കാലയളവിൽ വാങ്ങി. ശരാശരി 29,000 കോടി രൂപയാണ് ചെറുകിട ആഭ്യന്തര നിക്ഷേപകർ എസ്.ഐ.പികളിലൂടെ ഇന്ത്യൻ ഓഹരി വിപണിയിലെത്തിക്കുന്നത്.
ഡിസംബറിലെ ആദ്യ പത്ത് ദിവസത്തിനിടെ വിദേശ നിക്ഷേപകർ 15,959 കോടി രൂപയുടെ ഓഹരികൾ വിറ്റുമാറി. എന്നാൽ ഇക്കാലയളവിൽ ആഭ്യന്തര ഫണ്ടുകൾ വിപണിയിലേക്ക് 39,965 കോടി രൂപയൊഴുക്കി. മുൻകാലങ്ങളിൽ വിദേശ നിക്ഷേപകരുടെ പിന്മാറ്റം ഇന്ത്യൻ വിപണിയിൽ വൻ തകർച്ചയാണ് സൃഷ്‌ടിച്ചിരുന്നത്.
വിപണിയുടെ കരുത്ത്
1. ആഭ്യന്തര ഉപഭോഗത്തിലെ ഉണർവിൽ കമ്പനികൾ മികച്ച പ്രകടനം കാഴ്ചവക്കുന്നു
2. ആഗോള രാഷ്ട്രീയ, സാമ്പത്തിക അനിശ്ചിതത്വങ്ങൾ ഇന്ത്യയെ ബാധിക്കുന്നില്ല
3. ലോകത്തിലെ ഏറ്റവും മികച്ച വളർച്ച നിരക്കുമായി സാമ്പത്തിക മേഖല മുന്നേറുന്നു
4. ചൈനയ്ക്ക് ബദലായ നിക്ഷേപകേന്ദ്രമെന്ന നിലയിൽ ആഗോളകമ്പനികൾ പണമൊഴുക്കുന്നു
എൻ.എസ്.ഇയിൽ ലിസ്‌റ്റ് ചെയ്ത കമ്പനികളിലെ വിദേശ ഓഹരി പങ്കാളിത്തം
16.9 ശതമാനം
വിദേശ ആശ്രയത്വം കുറയ്ക്കുന്നു
ആഭ്യന്തര ഉത്പാദനം മെച്ചപ്പെടുത്തിയും ഇറക്കുമതി കുറച്ചും സാമ്പത്തിക മേഖലയിൽ ഉണർവ് സൃഷ്‌ടിക്കാനാണ് ഇന്ത്യ ശ്രദ്ധയൂന്നുന്നത്. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്ക 50 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്തിയതിലെ തിരിച്ചടി മറികടക്കാൻ സഹായിച്ചതും ആഭ്യന്തര ഉപഭോഗത്തിലെ ഉണർവാണ്. ഇതോടൊപ്പം വിപണി വൈവിദ്ധ്യവൽക്കരണത്തിനും ഗവേഷണ, വികസന പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകാനും നടപടികൾ സ്വീകരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |