
കൊച്ചി: സ്വർണത്തിന്റെ ഉത്പത്തിയും മഞ്ഞലോഹത്തിന്റെ ഈ കാലഘട്ടത്തിലെ സ്വാധീനത്തെയും ആസ്‌പദമാക്കി ലുലു ഗ്രൂപ്പ് ഉടമ എം.എ യൂസഫലിയുടെ മകളും അബുദാബിയിലെ റിസ്ക് ആർട്ട് ഫൗണ്ടേഷൻ സ്ഥാപകയുമായ ഷെഫീന യൂസഫലിയുടെ നേതൃത്വത്തിലുള്ള 'പൊന്നുപോലെ' ആർട്ട് എക്‌സിബിഷന് കൊച്ചിയിൽ തുടക്കമായി. കൊച്ചി മുസിരീസ് ബിനാലെയുടെ ഭാഗമായി കെ.എം ബിൾഡിംഗിൽ ആരംഭിച്ച എക്‌സിബിഷൻ യു.എ.ഇ എംബസി പ്രതിനിധി മജീദ് എം. നെഖൈലാവി ഉദ്ഘാടനം ചെയ്തു. എം.എ യൂസഫലി, വ്യവസായ മന്ത്രി പി. രാജീവ്, ഹൈബി ഈഡൻ എം.പി, കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർമാൻ വി. വേണു. ബിനാലെ പ്രസിഡന്റ് ബോസ് കൃഷ്‌ണമാചാരി, ലുലു ഫിനാൻഷ്യൽസ് ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ്, ഷെഫീന യൂസഫലി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
അറബ് ബദ്ധം അടയാളപ്പെടുത്തുന്നതെന്ന് യൂസഫലി
അറബ് രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള വാണിജ്യ, വ്യാവസായിക ബന്ധങ്ങളെ അടയാളപ്പെടുത്തുന്നതാണ് പ്രദർശനമെന്ന് എം.എ യൂസഫലി പറഞ്ഞു. എമിറാത്തി കലാകാരന്മാരുടെ പങ്കാളിത്തം കൊണ്ട് 'പൊന്നുപോലെ' ശ്രദ്ധേയമാണ്. വരുംദിവസങ്ങളിൽ നിരവധി കലാകാരന്മാരുടെ പ്രദർശനങ്ങൾ മേളയിൽ അരങ്ങേറും. തന്റെ ബിസിനസ് വളർന്നതും ആസ്ഥാനവുമെല്ലാം യു.എ.ഇയിലാണ്. മകൾക്ക് കലയോടാണ് ഇഷ്ടം. തനിക്ക് മകളോടുമെന്നും യൂസഫലി പറഞ്ഞു.
പൊന്ന് പോലെ പവിത്രം
സ്വർണം പോലെ പവിത്രമായ കാര്യങ്ങൾക്ക് മലയാളികൾ പറയാറുള്ളത് എന്റെ പൊന്നേ എന്നാണ്. അതിനാലാണ് ആർട്ട് എക്‌സിബിഷന് ഇങ്ങനെ പേരിട്ടതെന്നും ഷെഫീന യൂസഫലി പറഞ്ഞു. പ്രശസ്ത കലകാരനും ക്യൂറേറ്ററുമായ മുർത്തസാ വലിയാണ് എക്‌സിബിഷൻ ഒരുക്കിയിട്ടുള്ളത്. ഇന്ത്യ, യു.എ.ഇ, അമേരിക്ക, ജർമ്മനി എന്നിവിടങ്ങളിലെ കലാകാരന്മാരും പിന്നിലുണ്ട്. മാർച്ച് 31 വരെ പ്രദർശനം തുടരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |