
കൊച്ചി: നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യം പകർത്തിയ കേസിലെ വിധി എന്തായിരിക്കുമെന്ന് വെളിപ്പെടുത്തിയും ജഡ്ജിക്കും മറ്റുമെതിരെ ആരോപണങ്ങൾ ഉന്നയിച്ചും ഊമക്കത്ത് ലഭിച്ചത് ഡി.ജി.പിയുടെ ശ്രദ്ധയിൽപ്പെടുത്തി അന്വേഷണോദ്യോഗസ്ഥൻ ബൈജു കെ. പൗലോസ്. ഇ-മെയിലിലാണ് വിവരങ്ങൾ ഡി.ജി.പിക്ക് കൈമാറിയത്. ഇത് അന്വേഷണത്തിന് വഴിതുറന്നേക്കും.
ഈ മാസം എട്ടിനാണ് കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് വിധി പറഞ്ഞത്. ഡിസംബർ ആറിന് പലർക്കും കത്ത് ലഭിച്ചു. ഇതിന് മൂന്ന് ദിവസം മുമ്പ് വൈകിട്ടാണ് മാസ്ക് ധരിച്ചെത്തിയ ആൾ എറണാകുളം പള്ളിമുക്കിലെ പോസ്റ്റ് ഓഫീസിൽ നിന്ന് സ്പീഡ് പോസ്റ്റായി 33 കത്തുകൾ പോസ്റ്റ് ചെയ്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇയാളെ കണ്ടെത്താനായിട്ടില്ല.
ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് യശ്വന്ത് ഷേണായി തനിക്കു ലഭിച്ച കത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കൈമാറിയതോടെയാണ് രഹസ്യാന്വേഷമുണ്ടായത്.
ഒന്നു മുതൽ ആറ് വരെ പ്രതികൾ മാത്രമാകും കുറ്റക്കാരെന്നും ദിലീപടക്കം നാലു പ്രതികളെ വെറുതെ വിടുമെന്നും ഊമക്കത്തിലുണ്ടായിരുന്നു. വിധി തയ്യാറാക്കിയശേഷം ദിലീപിന്റെ അടുത്ത സുഹൃത്തിനെ കാണിച്ചെന്നും ആരോപിച്ചിരുന്നു. ഇക്കാര്യങ്ങളാണ് ബൈജു കെ. പൗലോസ് ഡി.ജി.പിയെ അറിയിച്ചത്.
ബാലചന്ദ്രകുമാറിന്റെ ഭാര്യ:
തുറന്നു പറയാൻ വൈകിയത്
ഞാൻ കരഞ്ഞു പറഞ്ഞതിനാൽ
തിരുവനന്തപുരം: അന്തരിച്ച സംവിധായകൻ ബാലചന്ദ്രകുമാർ
നടിയെ ആക്രമിച്ച സംഭവത്തിലെ വിവരങ്ങൾ തുറന്നു പറയാൻ വൈകിയത് താൻ തടഞ്ഞതുകൊണ്ടാണെന്ന് അദ്ദേഹത്തിന്റെ ഭാര്യ വെളിപ്പെടുത്തി.എന്തുകൊണ്ട് ഇത്രയും കാലത്തിനു ശേഷം വെളിപ്പെടുത്തി എന്ന് പലരും ചോദിച്ചു. അതിന് കാരണം ഞാനാണ്. ഞാനാണ് അദ്ദേഹത്തെ പിന്തിരിപ്പിച്ചത്. അദ്ദേഹത്തിന്റെ കാല് പിടിച്ച് കരഞ്ഞ് വൈകിപ്പിച്ചതാണ്. എന്നാൽ അത് പാടില്ലായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നു,' ഷീബ പറഞ്ഞു.
ജീവൻ നഷ്ടമാകാൻ സാദ്ധ്യതയുണ്ടെന്ന് അറിഞ്ഞിട്ടുതന്നെയാണ് അദ്ദേഹം കേസുമായി മുന്നോട്ടുപോയത്.
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐ.എഫ്.എഫ്.കെ വേദിയിൽ നടന്ന ' അവൾക്കൊപ്പം ' പരിപാടിയിലാണ് ഷീബയുടെ പ്രതികരണം.
'മൂന്നാമത്തെ വിചാരണകഴിഞ്ഞ് പുറത്തിറങ്ങിയ ബാലചന്ദ്രകുമാർ തന്നെ വിളിച്ച് നടിക്ക് കോടതിയിൽ നിന്ന് നീതി ലഭിക്കില്ലെന്ന് പറഞ്ഞു. അതു തന്നെയാണ് ഇപ്പോൾ സംഭവിച്ചത്. കോടതിയിൽനിന്ന് ആ കുട്ടിക്ക് നീതി ലഭിക്കില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. പ്രതിയെന്ന് പറയുന്ന വ്യക്തിക്കൊപ്പം ഏഴു വർഷത്തോളം ബാലു ഉണ്ടായിരുന്നതിനാൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്നും അദ്ദേഹത്തിന് വ്യക്തമായി അറിയാമായിരുന്നു. വിധി വന്ന സമയത്ത് അദ്ദേഹം ഇല്ലാത്തത് നല്ലതായെന്ന് തോന്നുന്നു.
കുറ്റകൃത്യത്തിന് പിന്നിലെ ഗൂഢാലോചനയുടെ കാര്യത്തിലേക്കു ബലപ്പെട്ട തെളിവുകൾ അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നില്ല. വിചാരണ പാതിവഴി പിന്നിട്ട ഘട്ടത്തിൽ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളാണ് അന്വേഷണ സംഘത്തിന് നിർണായകമായത്. ഈ മൊഴികൾ ദിലീപിനെയും ഒപ്പമുള്ളവരെയും പ്രതിക്കൂട്ടിലാക്കുന്നതായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |