
ന്യൂഡൽഹി: കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ഇന്നലെ ഡൽഹിയിലെത്തിയ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്,നേതാക്കളായ പി.സി. വിഷ്ണുനാഥ്,എ.പി. അനിൽകുമാർ എന്നിവർ ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തി. വോട്ടുകൊള്ള ആരോപണവുമായി ബന്ധപ്പെട്ട റാലിയിൽ പങ്കെടുക്കാനാണ് കേരളത്തിലെ നേതാക്കളെത്തിയത്. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ,രാഹുൽ ഗാന്ധി,സോണിയ ഗാന്ധി,പ്രിയങ്ക ഗാന്ധി എന്നിവരെ എ.ഐ.സി.സി ആസ്ഥാനത്തു കണ്ടു. വിജയത്തിൽ നേതാക്കളെ ഹൈക്കമാൻഡ് അഭിനന്ദിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും വിലയിരുത്തി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ വസതിയിലെത്തി നേതാക്കൾ കണ്ടിരുന്നു. കേക്ക് മുറിച്ചും മധുരം വിളമ്പിയും വിജയം ആഘോഷിച്ചു. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു പ്രവർത്തകർ നേടിയെടുത്ത വിജയമാണെന്ന് വേണുഗോപാൽ പ്രതികരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയം ഉൾപ്പെടെ നേരത്തെ പൂർത്തിയാക്കും. മുന്നണി വിപുലീകരണം ആലോചിച്ച് തീരുമാനിക്കും. തിരുവനന്തപുരത്ത് ബി.ജെ.പിയുടെ ചെറിയ വിജയം അവരത് പർവതീകരിച്ചു കാട്ടുന്നു. പാലക്കാട് ബി.ജെ.പിയെ അധികാരത്തിൽ നിന്നു മാറ്റിനിറുത്താൻ കോൺഗ്രസ് ശ്രമിക്കും. തിരുവനന്തപുരം കോർപ്പറേഷൻ ബി.ജെപിക്ക് ലഭിക്കാൻ കാരണം മുഖ്യമന്ത്രിയാണ്. സി.പി.എമ്മിന്റെ വാർഡുകളാണ് ചോർന്നു പോയത്. പി.എം ശ്രീ പദ്ധതിയിലും ദേശീയപാതാ വിഷയത്തിലും ലേബർ കോഡിലും അടക്കം മുഖ്യമന്ത്രി സ്വീകരിച്ച സമീപനം സി.പി.എം പ്രവർത്തകരുടെ വോട്ട് ബി.ജെ.പിയിലേക്ക് എത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കൂട്ടായ പരിശ്രമത്തിന്റെ വിജയമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചു. യു.ഡി.എഫ് വിട്ടവർ മടങ്ങി വരണമെന്ന്,കേരള കോൺഗ്രസിനെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. ശബരിമലയിലെ സ്വർണപാളികൾ കട്ടെടുത്തവരെ രാഷ്ട്രീയ നേതൃത്വം സംരക്ഷിച്ചത് ജനങ്ങൾ നേരാംവണ്ണം വിലയിരുത്തി. കള്ളന്മാർ കപ്പലിൽ തന്നെയുണ്ട്. കപ്പിത്താന്മാരെ ഇനിയും പിടികൂടാനുണ്ട്. പെൻഷൻ ഔദാര്യമല്ല, ജനങ്ങളുടെ അവകാശമാണ്. അധിക്ഷേപ പരാമർശം നടത്തിയ എം.എം മണിക്കെതിരെ സി.പി.എം നടപടിയെടുക്കുമോയെന്നും സണ്ണി ജോസഫ് ചോദിച്ചു.
പാരഡിപ്പാട്ടിലൂടെ
സി.പി.എമ്മിനെ ട്രോളി
വിഷ്ണുനാഥ്
ന്യൂഡൽഹി: 'പോറ്റിയെ കേറ്റിയെ, സ്വർണം ചെമ്പായി മാറ്റിയേ, സ്വർണപ്പാളികൾ മാറ്റിയേ, സ്വർണം കട്ടവൻ ആരപ്പാ? സഖാക്കളാണേ അയ്യപ്പാ..'' തദ്ദേശ തിരഞ്ഞെടുപ്പിൽ സി.പി.എം തോൽവിയെ പാരഡി ഗാനത്തിലൂടെ ട്രോളി കോൺഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥ്. ഡൽഹി കേരള ഹൗസിൽ മാദ്ധ്യമങ്ങൾ പ്രതികരണം ആരാഞ്ഞപ്പോഴായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ അലയടിച്ച പാരഡി ഗാനം വിഷ്ണുനാഥ് പാടിയത്.
പിണറായി സർക്കാർ പണം വാരിയെറിഞ്ഞു. പി.ആർ വർക്കുകൊണ്ട് ജനം വോട്ടു ചെയ്യും എന്നാണ് അവർ കരുതിയതെന്നും വിഷ്ണുനാഥ് പറഞ്ഞു. കൊല്ലത്ത് നടന്നത് കൂട്ടായ പ്രവർത്തനം. ആഗ്രഹിച്ച ലക്ഷ്യം നേടാൻ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ല. ലോക്സഭയിൽ ബി.ജെ.പി ജയിച്ച തൃശൂരിൽ ഒരു ചലനവും ഉണ്ടാക്കാനായില്ല. ജനങ്ങൾ ആഗ്രഹിക്കുന്ന ഭരണമാറ്റം കോൺഗ്രസ് യാഥാർത്ഥ്യമാക്കുമെന്നും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |