
കുട്ടനാട്: മുന്നണിമര്യാദകൾക്ക് അൽപ്പം പോലും വിലകൽപ്പിക്കാതെ സി.പി.എമ്മും സി.പി.ഐയും പരസ്പരം കൊമ്പുകോർത്തതോടെ, കഴിഞ്ഞ 25 വർഷത്തിലേറെയായി കൈയടക്കിയിരുന്ന രാമങ്കരിപഞ്ചായത്ത് ഭരണം എൽ.ഡി.എഫിന് നഷ്ടമായി. ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം നേടാൻ കഴിയാതെവന്നതോടെ ഭരണം ത്രിശങ്കുവിലുമായി.
ആകെ 14 വാർഡുകളുള്ള പഞ്ചായത്തിൽ കോൺഗ്രസ് 6, സി.പി.എം 4, ബി.ജെ.പി 3, സ്വതന്ത്രൻ ഒന്ന് എന്നതാണ് പുതിയ കക്ഷിനില.കഴിഞ്ഞ പ്രാവശ്യം സി.പി.എമ്മിന് ഒറ്റയ്ക്ക് 9 അംഗങ്ങൾ ഉണ്ടായിരുന്നത്. പിന്നീട് പാർട്ടിയിലെ വിഭാഗീയത രൂക്ഷമായതോടെ ഒരു വിഭാഗം പിണങ്ങി സി.പി ഐയിൽ ചേർന്നു. ഇതോടെ അംഗബലം അഞ്ചായി. അന്നത്തെ പ്രസിഡന്റുമായി ഒത്തുപോകുക പ്രയാസമായതോടെ ആദ്യം സി.പി.എം കോൺഗ്രസുമായിചേർന്ന് പ്രാദേശിക ധാരണ ഉണ്ടാക്കുകയും പിന്നീട് അവിശ്വാസപ്രമേയത്തിലൂടെ പ്രസിഡന്റിനെ പുറത്താക്കുകയും ചെയ്തു.അങ്ങനെ കഴിഞ്ഞ രണ്ടര വർഷം പേരിന് കോൺഗ്രസ് ഭരിച്ചെങ്കിലും കഴിഞ്ഞ 25വർഷത്തിലേറെയായി സി.പി.എമ്മിന്റെ കൈയിലിരുന്ന ഭരണമാണ് ഇപ്പോൾ കൈമോശം വന്നിരിക്കുന്നത്.
വെളിയനട് ബ്ലോക്ക്
ഭരണം നറുക്കെടുപ്പിൽ
വെളിയനാട് ബ്ലോക്ക് പഞ്ചായത്തിൽ യു.ഡി.എഫും, എൽ.ഡി.എഫും തുല്യനിലയിൽ സീറ്റ് നിലനിർത്തിയതോടെ ഇവിടത്തെ ഭരണം നറുക്കെടുപ്പിനെ ആശ്രയിച്ചാകും.
കഴിഞ്ഞ പ്രാവശ്യം എൽ.ഡി.എഫ് വ്യക്തമായ ഭൂരിപക്ഷം നേടിയാണ് വെളിയനാട് ബ്ലോക്കിൽ അധികാരത്തിൽ വന്നത്. ഇത്തവണ യു.ഡി.എഫ് ഒപ്പത്തിനൊപ്പമെത്തിയതോടെ ടോസ് തുണച്ചാൽ മാത്രമാണ് ഭരണത്തിലേക്ക് തിരിച്ചുവരാൻ സാധിക്കുക. ഇവിടെയും ഭൂരിപക്ഷം നഷ്ടപ്പെടാനിടയാക്കിയത് പരസ്പരമുള്ള പോരടിക്കൽ തന്നെയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |