
ദിസ്പൂർ: അരുണാചൽ പ്രദേശിൽ 21 തൊഴിലാളികളുടെ മരണത്തിനിടയാക്കിയ ട്രക്ക് അപകടമുണ്ടായ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ.
അസാമിൽ നിന്ന് അരുണാചൽ പ്രദേശിലേക്ക് തൊഴിലാളികളെ നിയമവിരുദ്ധമായി അയച്ച സിറാജുൽ അഹമ്മദ്, സൈറുദ്ദീൻ അലി എന്നിവരാണ് അറസ്റ്റിലായത്. സുരക്ഷയും പ്രോട്ടോക്കോളുകളും പാലിക്കാതെയാണ് തൊഴിലാളികളെ അയൽ സംസ്ഥാനത്തേക്ക് കൊണ്ടുപോയതെന്ന് ടിൻസുകിയ പൊലീസ് അറിയിച്ചു. അന്വേഷണം തുടരുകയാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകളുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും പൊലീസ് അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
കഴിഞ്ഞ എട്ടിന് അരുണാചലിലെ അഞ്ജാവിൽ നിർമ്മാണ സ്ഥലത്തേക്കായി തൊഴിലാളികളുമായി പോയ ട്രക്ക് ചഗ്ലഗാമിന് സമീപം വച്ച്
നിയന്ത്രണം തെറ്റി 700 മീറ്റർ താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവർ ഉൾപ്പെടെ 22 പേരാണുണ്ടായിരുന്നത്. രക്ഷപ്പെട്ട ഒരാൾ വഴിയാണ് വിവരം പുറംലോകമറിഞ്ഞത്. ഇതുവരെ 20 മൃതദേഹങ്ങൾ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.
ദുഷ്‌കരമായ പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. സംഭവം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) രൂപീകരിച്ചിട്ടുണ്ട്.
അതേസമയം അപകടത്തിൽ മരിച്ച ആറ് തൊഴിലാളികളുടെ മൃതദേഹങ്ങൾ അസാമിലെത്തിച്ച് സംസ്‌കരിച്ചു.
ദേശീയ ദുരന്ത നിവാരണ സേന (എൻ.ഡി.ആർ.എഫ്), ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബി.ആർ.ഒ), സൈന്യം, അൻജാവ് ജില്ലാ ഭരണകൂടം തുടങ്ങിയ സംഘങ്ങൾ ഉൾപ്പെട്ട, സമീപകാലത്തെ ഏറ്റവും വെല്ലുവിളി നിറഞ്ഞ രക്ഷാപ്രവർത്തനമായിരുന്നു ഇതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |