
പിന്നാലെ അറസ്റ്ര്
ലക്നൗ: വിവാഹച്ചടങ്ങിന് തൊട്ടുമുമ്പ് വരൻ കാറും 20 ലക്ഷം രൂപയും ആവശ്യപ്പെട്ടതോടെ ഗെറ്റ് ഔട്ട് അടിച്ച് വധു.
ഉത്തർപ്രദേശിലെ ബറേലിയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വിലപേശലുണ്ടായതോടെ വിവാഹത്തിന് താത്പര്യമില്ലെന്ന് വധു അറിയിക്കുകയും വിവാഹം നിറുത്തിവയ്ക്കുകയുമായിരുന്നു. പിന്നാലെ വരനെയും രണ്ട് ബന്ധുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച രാത്രി വൈകി യുഗ്വീന ലൈബ്രറിക്ക് സമീപം വധുവിന്റെ കുടുംബം വിരുന്ന് നടത്തുന്നതിനിടയിലാണ് വരനും വ്യവസായിയുമായ ഋഷഭ് എത്തിയത്. വിവാഹവസ്ത്രങ്ങളണിഞ്ഞ് തേരിലായിരുന്നു വരവ്. ചടങ്ങായ സപ്തപദിക്ക് മുമ്പ് കാറും 20 ലക്ഷം രൂപയും നൽകണമെന്നും ഇല്ലെങ്കിൽ പിന്മാറുമെന്നും ഭീഷണിപ്പെടുത്തി.
യുവാവിനെ അനുനയിപ്പിക്കാൻ വധുവിന്റെ പിതാവ് ഉൾപ്പെടെ ശ്രമിച്ചെങ്കിലും ഇയാൾ വാദത്തിൽ ഉറച്ചുനിന്നു. ഇതിനിടെ വധുവായ ജ്യോതി തനിക്ക് വിവാഹത്തിന് താത്പര്യമില്ലെന്നും അത്യാഗ്രഹിയെ വിവാഹം കഴിക്കാനില്ലെന്നും അറിയിച്ചു.
പിന്നാലെ വരന്റെ ബന്ധുക്കളും വധുവിന്റെ ബന്ധുക്കളുമായി വാക്കേറ്റമുണ്ടായി. ഇതേത്തുടർന്ന്
സ്ഥലത്തെത്തിയ പൊലീസ് ഋഷഭ്, പിതാവ് രാം അവതാർ, സഹോദരൻ എന്നിവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവതി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച വീഡിയോ വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |