
പത്തനംതിട്ട: തിരഞ്ഞെടുപ്പ് കാലത്ത് സ്വന്തം പാർട്ടിക്കാർതന്നെ കാലുവാരിയെന്ന് തുറന്നടിച്ച് മുൻ എംഎൽഎയും മുതിർന്ന സിപിഎം നേതാവുമായ കെ സി രാജഗോപാലൻ. തദ്ദേശ തിരഞ്ഞെടുപ്പിൽ മെഴുവേലി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ മത്സരിച്ച അദ്ദേഹം വെറും 28 വോട്ടിനാണ് വിജയിച്ചത്. ഇതിനുപിന്നിൽ സ്വന്തം പാർട്ടിയിൽ നിന്നുള്ളവരാണെന്നാണ് രാജഗോപാലൻ ആരോപിക്കുന്നത്. നേതൃത്വത്തിന് പരാതി നൽകുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
'കോഴഞ്ചേരി ഏരിയായ സെക്രട്ടി ടി വി സ്റ്റാലിനാണ് കാലുവാരാൻ നേതൃത്വം കൊടുത്തത്. അതുകൊണ്ടാണ് ഭൂരിപക്ഷം വെറും 28ൽ ഒതുങ്ങിയത്. സിപിഎമ്മിൽ കാലുവാരലുണ്ടായി. മുൻപ് ഏരിയാ സെക്രട്ടറി ഞാൻ വിജയിച്ച വാർഡിൽ നിന്ന് പരാജയപ്പെട്ടിരുന്നു. അവിടെ വീണ്ടും സിപിഎം ജയിക്കരുതെന്ന വാശിയുണ്ടായിരുന്നു. തോൽവിക്ക് തുല്യമായ വിജയമാണ് ഇപ്പോഴുള്ളത്. വർഷങ്ങളായി സിപിഎമ്മിന്റെ കുത്തകയായിരുന്ന മെഴുവേലി പഞ്ചായത്തിൽ യുഡിഎഫിനാണ് ഭൂരിപക്ഷ വിജയമുണ്ടായത്. വോട്ടെടുപ്പിന് തലേദിവസം സ്വർണക്കൊള്ളയിൽ അറസ്റ്റിലായ മുൻ ദേവസ്വം പ്രസിഡന്റ് പത്മകുമാറും ഞാനുമായുള്ള ചിത്രം പ്രചരിപ്പിച്ചിരുന്നു. നേതൃത്വത്തിന് പരാതി നൽകും. നേരത്തെ വൈരാഗ്യമുണ്ട്. ജയിച്ചതിനും തോറ്റതിനും തുല്യമായ വിജയമാണ് ഇപ്പോഴുള്ളത്'-കെ സി രാജഗോപാലൻ പറഞ്ഞു.
കെ സി രാജഗോപാലന് 324 വോട്ട് കിട്ടിയപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി രാധാകൃഷ്ണന് 296 വോട്ടുകളാണ് നേടാനായത്. രാജഗോപാലൻ മെഴുവേലി പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റും പ്രസിഡന്റുമായി പ്രവർത്തിച്ചിട്ടുണ്ട്. 2006ലാണ് ആറന്മുള നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് എംഎൽഎയായി നിയമസഭയിലേക്കെത്തിയത്. 2011ൽ വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. നിലവിൽ സിഐടിയു സംസ്ഥാന കമ്മിറ്റിയംഗമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |