
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ വ്യവസായിക്ക് നോട്ടീസ് നൽകാനൊരുങ്ങി അന്വേഷണ സംഘം. കേസിൽ ഉന്നതരുടെ പങ്ക് അന്വേഷിക്കാനുള്ള നീക്കത്തിലാണ് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി).
കേസിൽ ഹൈക്കോടതി നിയോഗിച്ച എസ്‌ഐടിയുടെ അന്വേഷണം അവസാന ഘട്ടത്തിലേയ്ക്ക് കടക്കവേയാണ് പുതിയ നീക്കം. ശബരിമലയില്‍ നിന്ന് കടത്തിയ സ്വര്‍ണപ്പാളികള്‍ പുരാവസ്തുവായി വിറ്റുവെന്നും 500 കോടിയുടെ മൂല്യം അതിനുണ്ടെന്നും മുൻപ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഇതിനെക്കുറിച്ച് അറിവുള്ള ഒരു വ്യവസായി തന്നോട് പറഞ്ഞതാണ് ഈ വിവരങ്ങളെന്നായിരുന്നു അദ്ദേഹം ആരോപിച്ചത്. ഇതുമായി ബന്ധപ്പെട്ടാണ് അന്വേഷണ സംഘത്തിനുമുന്നിൽ മൊഴി നൽകിയത്. പിന്നാലെയാണ് രമേശ് ചെന്നിത്തലയുടെ മൊഴിയിൽ പരാമർശിച്ച വ്യവസായിക്ക് നോട്ടീസ് നൽകാൻ എസ്‌ഐടി തീരുമാനിച്ചിരിക്കുന്നത്. ഇദ്ദേഹത്തിൽ നിന്ന് വിശദമായ മൊഴിയും രേഖപ്പെടുത്തും.
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നില്‍ അന്താരാഷ്ട്ര പുരാവസ്തുമാഫിയ ആണെന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം. തിരുവനന്തപുരം ഈഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വച്ചാണ് അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയത്. നേരത്തെ മൊഴി നല്‍കാനെത്തുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചിരുന്നുവെങ്കിലും അന്വേഷണസംഘത്തിന്റെ അസൗകര്യം മൂലം ഇന്നലത്തേക്ക് മാറ്റുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |