
ന്യൂഡല്‍ഹി: ഡിജിറ്റല്‍ യുഗമാണ്, ആളുകള്‍ക്ക് പ്രിയം യുപിഐ പേമെന്റുകളോടാണ് എന്നതൊക്കെ ശരിയാണ്. എന്നാല്‍ വിപണിയില്‍ നിന്ന് കറന്‍സിയുടെ ആവശ്യകത അത്ര എളുപ്പത്തില്‍ കുറയുന്ന ഒന്നല്ല. അതുകൊണ്ട് തന്നെ കറന്‍സിയുടെ ദൗര്‍ലഭ്യം വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ചെറിയ മൂല്യമുള്ള കറന്‍സികള്‍ കിട്ടാനില്ലാത്ത അവസ്ഥ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പ്രധാനമായും സാധാരണക്കാരേയും കച്ചവടക്കാരേയുമാണ് ചെറിയ നോട്ടുകള്‍ കിട്ടാനില്ലാത്ത പ്രതിസന്ധി ബാധിക്കുന്നത്.
രാജ്യത്തെ പല ഭാഗങ്ങളിലും, പ്രധാനമായും ഗ്രാമീണ മേഖലയിലാണ് ചെറിയ നോട്ടുകള്‍ കിട്ടാനില്ലാത്ത പ്രതിസന്ധി അതിരൂക്ഷമായിരിക്കുന്നത്. 10, 20, 50 രൂപ നോട്ടുകളാണ് കിട്ടാനില്ലാത്തത്. ചെറു പട്ടണങ്ങളിലും നോട്ട് ദൗര്‍ലഭ്യം രൂക്ഷമാണ്. സാധാരണക്കാരുടെ നിത്യജീവിതത്തേയും പ്രതിസന്ധി ബാധിക്കുന്നുണ്ട്. എ.ടി.എം കൗണ്ടറുകളില്‍ നിന്നും വലിയ മൂല്യമുള്ള നോട്ടുകളാണ് കിട്ടുന്നത്. 500 രൂപ നോട്ടുകളാണ് പ്രധാനമായും ലഭിക്കുന്നത്. മിക്ക എടിഎമ്മുകളില്‍ നിന്നും 200 രൂപയുടെ നോട്ടുകള്‍ പോലും കിട്ടാനില്ലാത്ത സ്ഥിതിയുണ്ട്.
ഓട്ടോ റിക്ഷ നിരക്കുകള്‍, പലചരക്ക് കടകളിലെ ചെറിയ സാധനങ്ങള്‍ വാങ്ങല്‍ തുടങ്ങിയ നിത്യജീവിതത്തിലെ ഇടപാടുകള്‍ക്ക് ഉയര്‍ന്ന നോട്ടുകള്‍ നല്‍കുമ്പോള്‍ ചില്ലറ ലഭിക്കാത്തത് സാധാരണ ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
വാണിജ്യ ബാങ്ക് കൗണ്ടറുകള്‍ വഴിയും ആര്‍ബിഐ കൗണ്ടറുകള്‍ വഴിയും ആവശ്യത്തിന് ചെറുകിട കറന്‍സി നോട്ടുകള്‍ വിതരണം ഉറപ്പാക്കുക, ചെറിയ നാണയങ്ങള്‍ വിവിധ കേന്ദ്രങ്ങള്‍ വഴി വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളാണ് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥരുടെ യൂണിയന്‍ പ്രധാനമായും മുന്നോട്ടുവെക്കുന്നത്. ഗ്രാമീണ മേഖലകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍,
റീജിയണല്‍ റൂറല്‍ ബാങ്കുകള്‍, സ്വയംസഹായ സംഘങ്ങള്‍ എന്നിവയുമായി ചേര്‍ന്ന് 'നാണയമേളകള്‍' സംഘടിപ്പിക്കുക തുടങ്ങിയ നടപടികള്‍ ആര്‍.ബി.ഐ സ്വീകരിക്കണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു. ചെറുകിട കറന്‍സികളുടെയും നാണയങ്ങളുടെയും ദൗര്‍ലഭ്യം ദൈനംദിന സാമ്പത്തിക ഇടപാടുകളെ വലിയ തോതില്‍ പ്രതികൂലമായി ബാധിക്കുമ്പോള്‍, ഈ പ്രശ്‌നം എത്രയും പെട്ടെന്ന് പരിഹരിക്കേണ്ടത് ആര്‍ബിഐയുടെ ചുമതലയാണെന്നും യൂണിയന്‍ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |