
കോലഞ്ചേരി: കോലഞ്ചേരിയിൽ ദേശീയപാതയോട് ചേർന്നുള്ള ബേക്കറിയിലെത്തി സാധനങ്ങൾ വാങ്ങി പണം നൽകാതെ മുങ്ങിയതിനെ ചോദ്യം ചെയ്ത കടയുടമയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിലെ പ്രതികളെ പുത്തൻകുരുശ് ഡിവൈ.എസ്.പി വി.ടി. ഷാജന്റെ നേതൃത്വത്തിലുള്ള സംഘം മണിക്കൂറുകൾക്കകം പിടികൂടി. തിരുവനന്തപുരം കരമന വട്ടവിള മുഹമ്മദ് ഫൈസൽ (19), വള്ളക്കടവ് തോപ്പിൽ റമീസ് സുൽഫിക്കർ (19), മുദപുരം കുഴുവിലം റഷീദ മൻസിലിൽ ആഷിക് അമീർ (20), മേലേമരുതുംകോട് അരുവിക്കര സനാസിൽ നിഥിൻ (20), കുമാരപുരം മെഡിക്കൽ കോളേജ് എസ്.കെ നിവാസിൽ അനു സനൽ (19) എന്നിവരാണ് അറസ്റ്റിലായത്.
തിങ്കളാഴ്ച രാത്രി പത്തരയോടെ കോലഞ്ചേരി പഴയ തിയേറ്ററിന് എതിർവശത്തുള്ള ബസ്റ്റിൻ ബേക്കറിയിലാണ് സംഭവം. കടയിരുപ്പ് സ്വദേശിയായ ഉടമ ബസ്റ്റിനാണ് മർദ്ദനമേറ്റത്.
ലുലുമാളിലും വണ്ടർലായിലുമായി കറങ്ങാനെത്തിയവരാണ് പ്രതികൾ. മദ്യ ലഹരിയിൽ മൂന്നാറിന് പോകാനായി കോലഞ്ചേരിയിൽ എത്തി. കടയിലെ ഫ്രീസറിൽ നിന്ന് ഐസ്‌ക്രീമുകളും മറ്റ് പാനീയങ്ങളും എടുത്ത ശേഷം പണം നൽകാതെ കടന്നു കളയാൻ ശ്രമിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ബസ്റ്റിൻ ഇവരെ പിന്തുടർന്ന് തടഞ്ഞുനിറുത്താൻ ശ്രമിച്ചു. അക്രമിസംഘം ബസ്റ്റിനെ ആക്രമിച്ച് കാറിനോട് ചേർത്ത് വച്ച് അമ്പത് മീറ്ററോളം വലിച്ചിഴച്ച് റോഡിലുപേക്ഷിച്ചു. ബസ്റ്റിന് സാരമായ പരിക്കുണ്ട്. മർദ്ദനത്തിനിടെ കഴുത്തിൽ കിടന്നിരുന്ന സ്വർണമാലയുടെ ഒരു ഭാഗവും സംഘം പൊട്ടിച്ചെടുത്തിരുന്നു. കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ബസ്റ്റിൻ. കാറിന്റെ നമ്പർ പ്ളേറ്റ് കടയുടെ സമീപം പൊട്ടിവീണതാണ് അവ്വേഷണത്തിന് സഹായകമായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |