
വിദേശകാര്യ മന്ത്രിയായിരുന്ന സുഷമാ സ്വരാജിന്റെ ഒരു നിർദേശമായിരുന്നു 'ഭഗവദ് ഗീത" ഭാരതത്തിന്റെ ദേശീയ ഗ്രന്ഥമായി പ്രഖ്യാപിക്കണം എന്നത് സുഷമാജിയുടെ നിർദേശം അന്ന് സമ്മിശ്ര പ്രതികരണങ്ങൾ ഉളവാക്കിയിരുന്നു. കാര്യകാരണ സഹിതമാണ് പ്രതിഭാശാലിയായ സുഷമാജി തന്റെ നിർദേശം ഒരു പൊതു വേദിയിൽ ഉന്നയിച്ചത്. പക്ഷെ രാജ്യവ്യാപകമായി നടന്ന ആ ചർച്ച എങ്ങുമെത്താതെ അതിവേഗം അവസാനിക്കുകയും, ആ നിർദേശം കാലക്രമേണ വനാരോദനമായി മാറുകയും ചെയ്തു. അപ്രസക്തമോ അപ്രധാനമോ ആയതുകൊണ്ടല്ല അങ്ങനെ സംഭവിച്ചത്.
'ഭഗവദ് ഗീത"യ്ക്ക് ദേശീയ ഗ്രന്ഥം എന്ന ഔദ്യോഗിക അംഗീകാരം നൽകണമെന്ന ആവശ്യം അതിനു മുമ്പും ഉയർന്നിട്ടുണ്ട്. പതിറ്റാണ്ടുകൾക്കു മുമ്പ് തിരുവനന്തപുരത്ത് ബുദ്ധ മതാചാര്യൻ ദലായ് ലാമ സംബന്ധിച്ച രാജ്യാന്തര ഗീതാ സമ്മേളനം അംഗീകരിച്ച പ്രമേയങ്ങളിൽ പരമപ്രധാനം 'ഭഗവദ് ഗീത" ദേശീയ വിശുദ്ധ ഗ്രന്ഥമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നതായിരുന്നു.
'ഗീത" പോലെ ഭാരതീയ ജനതയെ ആത്മീയമായും ബൗദ്ധികമായും സ്വാധീനിച്ച മറ്റൊരു ഗ്രന്ഥം ഉണ്ടായിട്ടില്ല. ഇനി ഭാവിയിൽ ഉണ്ടാവുകയുമില്ല. ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ നാളുകളിൽ ഏറ്റവും പ്രചോദനമായത് 'ഭഗവദ് ഗീത" തന്നെ. മഹാത്മജി ഉൾപ്പെടെ സമാധാനപരമായി സഹനസമരം നടത്തിയവർക്കും നേതാജി, ഭഗത് സിംഗ്, ഖുദി റാം ബോസ് തുടങ്ങി തീവ്രമാർഗം സ്വീകർച്ചവർക്കും ഒരു പോലെ പ്രചോദനമായി, 'ഗീത."
'ഭഗവദ് ഗീത'യ്ക്ക് ഭാഷ്യം രചിക്കാത്ത ആചാര്യന്മാർ ഇന്ത്യയിൽ വിരളമാണ്. ആദിശങ്കരനിൽ ആരംഭിച്ച്, മഹാത്മാ ഗാന്ധിയും ബാല ഗംഗാധര തിലകനും വിനോബ ഭാവെയും 'ഗീത" വ്യാഖ്യാനിച്ചു. സമീപകാലത്തുതന്നെ എത്രയോ ഭാഷകളിൽ, എത്രയെത്ര കൃതികൾ 'ഭഗവദ് ഗീത"യെക്കുറിച്ച് രചിക്കപ്പെട്ടു. രാഹുൽ സാംകൃത്യായനെ പോലെയുള്ള ഇടതു ബുദ്ധിജീവികളും വിമർശനാത്മകമായി ഗീതയെ വിലയിരുത്തിയിട്ടുണ്ട്.
ഇന്ത്യയിൽ മാത്രം ഒതുങ്ങുന്നില്ല, ഗീതയുടെ സ്വാധീനം. സാർവലൗകികമായ അംഗീകാരമാണ് ഗീതയ്ക്കുള്ളത്. ആദ്യത്തെ അണു വിസ്ഫോടനം കണ്ട മാത്രയിൽ, ആ പരീക്ഷണത്തിനു പിന്നിലെ മസ്‌തിഷ്കത്തിന് ഉടമയായ, 'ആറ്റം ബോംബിന്റെ പിതാവ് " എന്ന് അറിയപ്പെട്ട റോബർട്ട് ഓപ്പൻഹോമർ എന്ന അമേരിക്കൻ ശാസ്ത്രജ്ഞൻ ഉരുവിട്ടത് ഭഗവദ് ഗീതയിലെ ശ്ലോകമായിരുന്നു. ആപേക്ഷിക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആൽബർട്ട് ഐൻസ്റ്റീനും 'ഗീത" പാരായണം ചെയ്തിരുന്നത്രെ. അടുത്തിടെ ബഹിരാകാശ ദൗത്യം പൂർത്തിയാക്കിയ സുനിതാ വില്യംസ്, ആ യാത്രയിലുടനീളം തനിക്ക് ആത്മവിശ്വാസം പകർന്നു നൽകിയത് ഒപ്പം കൊണ്ടുപോയിരുന്ന 'ഭഗവദ് ഗീത" ആണെന്ന് വെളിപ്പെടുത്തിയിരുന്നു.
പലപ്പോഴും 'ഭഗവദ് ഗീത" തെറ്റിദ്ധരിക്കപ്പെടുന്നത് അതിനെ ഒരു മതഗ്രന്ഥമായി കണ്ടിട്ടാണ്. 'ഗീത" മതഗ്രന്ഥമോ മാതാധിഷ്ഠിതമോ അല്ലേയല്ല. മതാതീതമാണ് അത്. മതവുമായി പുലബന്ധം പോലുമില്ലാത്ത മാനേജ്മെന്റ് പഠനത്തിനു വരെ പാശ്ചാത്യ സർവകലാശാലകളിൽ പലതിലും ഇന്ന് 'ഗീത" നിർദ്ദേശിക്കപ്പെടുന്നു . 'ഗീത"യുടെ മതാതീത സ്വഭാവം ഉയർത്തിക്കാട്ടിയവരിൽ ദാർശനികനായ മുൻ രാഷ്‌ട്രപതി എസ്. രാധാകൃഷ്ണൻ മുതൽ ഇടത് പശ്ചാത്തലമുള്ള, മലയാളത്തിലെ നമ്മുടെ ശാസ്ത്ര സാഹിത്യകാരൻ സി. രാധാകൃഷ്ണൻ വരെയുണ്ട്.
'ഗീത ഹിന്ദുക്കളുടേതല്ല" എന്ന് അദ്ദേഹം ഇടയ്ക്ക് എവിടെയോ പ്രസ്താവിച്ചതായി ഒരു വാർത്തയുണ്ടായിരുന്നു. ലോകമാസകലം 'ഗീതാജ്ഞാന യജ്ഞം" എന്ന പേരിൽ ഭഗവദ്ഗീതയെക്കുറിച്ച് പ്രഭാഷണ പരമ്പരകൾ സംഘടിപ്പിച്ച സ്വാമി ചിന്മയാനന്ദനും ശ്രീരാമകൃഷ്ണ മിഷൻ അദ്ധ്യക്ഷനായിരുന്ന സ്വാമി രങ്കനാഥാനന്ദനും മറ്റും മതാതീതമായാണ് 'ഗീത"യെ അവതരിപ്പിച്ചിരുന്നത്.
ഇന്ത്യ സ്വതന്ത്രമായതോടെ, ദേശീയ സ്ഥാപനങ്ങൾ മിക്കതും തങ്ങളുടെ മുദ്രാവാക്യമായി സ്വീകരിച്ചത് ഗീതാവചനങ്ങളാണ് എന്നത് ശ്രദ്ധേയം. വിസ്താരഭയത്താൽ അവ ഇവിടെ വിശദീകരിക്കുന്നില്ല. ഫലത്തിൽ 'ഗീത" നമ്മുടെ ദേശീയ ഗ്രന്ഥമാണ് എന്ന് വിളിച്ചുപറയുന്നവയാണ് ഇവയൊക്കെത്തന്നെയും. അവയിൽ ചിലതിനെപ്പറ്റി ഇവിടെ എഴുതാതെ വയ്യ. ഏറ്റവും ഒടുവിൽ അത്തരത്തിൽ ഒരു നടപടിയുണ്ടായത് പ്രധാനമന്ത്രി നരേന്ദ്ര മോദിജിയിൽ നിന്നാണ്. ഈ മാസം ആദ്യം ഇന്ത്യ സന്ദർശിച്ച് മടങ്ങിയ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന് മോദിജി രാഷ്ട്രത്തിന്റെ സമ്മാനമായി നൽകിയത് 'ഭഗവദ് ഗീത" ആയിരുന്നു. റഷ്യൻ ഭാഷയിലുള്ള 'ഗീത"യാണ് പുട്ടിന് പ്രധാനമന്ത്രി സമ്മാനിച്ചത്.
'ജനകോടികളെ സ്വാധീനിച്ച ഗ്രന്ഥം" എന്ന് പറഞ്ഞുകൊണ്ടാണ് മോദിജി അത് നൽകിയത്. ഒരു മാർക്സിസ്റ്റ് ഭരണാധികാരിയിൽ നിന്നു കൂടി ഇതേ നടപടിയുണ്ടായത് ഓർമ്മയിൽ വരുന്നു. മുൻ കേരള മുഖ്യമന്ത്രി, നമ്മുടെ പ്രിയങ്കരനായ സഖാവ് ഇ.കെ. നായനാർ ആണ് മറ്റൊരു രാഷ്ട്രത്തലവന് 'ഭഗവദ് ഗീത" സമ്മാനിച്ചത്. വത്തിക്കാന്റെ ഭരണാധികാരി കൂടിയായ, ക്രൈസ്തവരുടെ പരമോന്നത ആത്മീയാചാര്യൻ മാർപ്പാപ്പയെ അന്ന് മുഖ്യമന്ത്രിയായിരുന്ന നായനാർ സന്ദർശിച്ചപ്പോൾ അദ്ദേഹം സമർപ്പിച്ചത് 'ഭഗവദ് ഗീത!" 'ഇത് മാനവരാശിക്കുള്ള ഇന്ത്യയുടെ മഹത്തായ സംഭാവന" എന്നാണ് അന്ന് അദ്ദേഹം 'ഗീത"യെ വിശേഷിപ്പിച്ചത്.
സർവോപനിഷദോ ഗാവോ
ദോഗ്ദ്ധാ ഗോപാലനന്ദന
പാർത്ഥോവത്സ, സുധീർഭോക്താ
ദുഗ്ദ്ധം ഗീതാമൃതം മഹദ്
(എല്ലാ ഉപനിഷത്തുക്കളും പശുവും, അതിനെ കറന്നെടുക്കുന്നവൻ ശ്രീകൃഷ്ണനും, പശുക്കിടാവ് അർജ്ജുനനും, പാൽ ഗീതാമൃതവും, അതു ഭുജിക്കുന്നവർ ബുദ്ധിമാന്മാരുമാകുന്നു)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |