
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ അമ്യൂസ്‌മെന്റ് പാർക്ക് ശൃംഖലയായ വണ്ടർല ഹോളിഡേയ്‌സ് ലിമിറ്റഡ് കൊച്ചിയിൽ ഫ്രീസ്‌റ്റൈലർ, ഡ്രോപ്പ് ലൂപ്പ് എന്നീ പുതിയ ഹൈ ത്രിൽ റൈഡുകൾ അവതരിപ്പിച്ചു. 10.5 കോടി രൂപ മുതൽമുടക്കിലാണ് റൈഡുകൾ ഒരുക്കിയത്.
അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ, നടൻ ശ്യാം മോഹൻ എന്നിവർ ഉദ്ഘാടനം നിർവഹിച്ചു. വണ്ടർലാ എക്‌സിക്യൂട്ടീവ് ചെയർമാനും എം.ഡിയുമായ അരുൺ കെ. ചിറ്റിലപ്പിള്ളി, സി.ഒ.ഒ ധീരൻ ചൗധരി, കൊച്ചി പാർക്ക് ഹെഡ് നിതീഷ് കെ.യു എന്നിവരും പങ്കെടുത്തു.
സാഹസികത ഇഷ്ടമുള്ളവർക്കുള്ളതാണ് ഫ്രീസ്‌റ്റൈലർ. ഗുരുത്വാകർഷണത്തെ വെല്ലുവിളിക്കുന്ന എയർ സർഫിംഗ് അനുഭവമാണ് നൽകുന്നത്. 17 മീറ്റർ ഉയരമുള്ള ഹൈത്രിൽ ലാൻഡ് റൈഡ് 24 പേർക്ക് സഞ്ചരിക്കാം. സ്വിംഗുകൾ, ഭ്രമണങ്ങൾ, ആവേശം പകരുന്ന എയർടൈം എന്നിവ പ്രത്യേകതകളാണ്.
നിൽക്കുന്ന നിൽപ്പിൽ മുന്നറിയിപ്പില്ലാതെ താഴേക്ക് പതിക്കുന്ന അനുഭവമാണ് ഡ്രോപ്പ് ലൂപ്പ് വാട്ടർ സ്ലൈഡ്. 360 ഡിഗ്രിയിലേയ്‌ക്ക് കുത്തനെ വീഴുന്ന ഡ്രോപ്പ് ലൂപ്പാണ് സജ്ജീകരിച്ചത്. കണ്ണാടിക്കൂട്ടിൽ നിൽക്കുന്ന ഫ്‌ളോർ അപ്രത്യക്ഷമാകും. 15 മീറ്റർ ഉയരത്തിലെ റൈഡ്, വിനോദ മേഖലയിലെ തീവ്രവും ത്രസിപ്പിക്കുന്നതുമായ ആകർഷണമാണ്.
ഗ്രാൻഡ് ക്രിസ്‌മസ് 20 മുതൽ
ഈ മാസം 20 മുതൽ ജനുവരി നാല് വരെ ഗ്രാൻഡ് ക്രിസ്‌മസ് ആഘോഷങ്ങൾ സംഘടിപ്പിക്കും. എട്ട് മുതൽ 11 മണിക്കൂർ വരെ ദൈർഘ്യമുള്ള നൈറ്റ് ഫെസ്റ്റിവൽ പാസുകൾ, ഭക്ഷണ കോമ്പോകൾ ഉൾപ്പെടെയുള്ള ടിക്കറ്റുകൾ തിരഞ്ഞെടുക്കാം. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ 100 അടി ക്രിസ്‌മസ് ട്രീ, ദീപാലംകൃത മേഖലകൾ, നിയോൺ പാർട്ടി, ലൈവ് ഷോകൾ, മ്യൂസിക്, ഫാമിലി വിനോദങ്ങൾ എന്നിവ ഒരുക്കും. പാപ്പാഞ്ഞിയെ കത്തിക്കൽ, വെടിക്കെട്ട്, പുതുവത്സരാഘോഷം എന്നിവയുമുണ്ടാകും. സിറിയൻ ക്രിസ്ത്യൻ വിരുന്നിനെ അടിസ്ഥാനമാക്കി ക്രിസ്‌മസ് വിഭവങ്ങൾക്കൊപ്പം പ്രത്യേക ബുഫെയും ഒരുക്കുന്നുണ്ട്.
രൂപകല്പന മുതൽ പ്രവർത്തനം വരെ സുരക്ഷയ്ക്കാണ് മുൻഗണന. ആഗോള നിലവാരമുള്ള വിനോദം തുടർച്ചയായി നൽകുന്നതിൽ സന്തോഷമുണ്ട്.
അരുൺ കെ. ചിറ്റിലപ്പിള്ളി
എക്‌സിക്യൂട്ടീവ് ചെയർമാനും എം.ഡിയും
വണ്ടർല ഹോളിഡേയ്‌സ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |