
തിരുവനന്തപുരം: വെറും 3.5 ലക്ഷം രൂപയുടെ വായ്പയിൽ തുടങ്ങി, ഇന്ന് 80 ലക്ഷം രൂപയുടെ ആസ്തിയുള്ള സ്ഥാപനമായി വളർന്നിരിക്കുകയാണ് കോഴിക്കോട്ടെ കുടുംബശ്രീയുടെ ടെക്‌നോ വേൾഡ് തേർഡ് ഐ.ടി യൂണിറ്റ്. കേരളത്തിലെ കുടുംബശ്രീ സംരംഭങ്ങളുടെ ഐ.ടി. രംഗത്തെ ആദ്യ ഡിജിറ്റൽ ഇൻക്യുബേഷൻ സെന്ററാകാനുള്ള ഒരുക്കത്തിലുമാണ് സ്ഥാപനം. വിജയ കെ, സാബിറ എൻ.പി., ജിഷ സി.പി, ദിവ്യ കെ., ബീന കെ. എന്നിവരാണ് ടെക്‌നോവേൾഡിന് പിന്നിൽ. ജനുവരിയോടെ പരിശീലനം ആരംഭിക്കും.
കമ്പ്യൂട്ടർ പരിശീലനം, ഡാറ്റാ എൻട്രി ജോലികൾ, ഡി.ടി.പി സർവീസുകൾ, സർക്കാർ ഇ-സേവാ കേന്ദ്രങ്ങളുടെ നടത്തിപ്പ് തുടങ്ങിയ സേവനങ്ങളിലൂടെ ദേശീയ തലത്തിൽ മികച്ച സംരംഭത്തിനുള്ള പുരസ്‌കാരം നേടിയ യൂണിറ്റാണിത്. കുടുംബശ്രീയുടെ ഐ.ടി മേഖലയിലെ ഏറ്റവും വലിയ വിജയമാണിത്.
സംരംഭങ്ങൾക്ക് കൈത്താങ്ങ്
സംസ്ഥാനത്തെ ആദ്യത്തെ ഡിജിറ്റൽ ഇൻക്യുബേഷൻ സെന്റർ എന്ന പദവിയിലേക്ക് ടെക്‌നോ വേൾഡ് ഉയർത്തപ്പെടുന്നതോടെ, ഐ.ടി മേഖലയലേക്ക് കടന്നുവരുന്ന പുതിയ കുടുംബശ്രീ സംരംഭങ്ങൾക്ക് ഇവർ പിന്തുണ നൽകും. ഇൻക്യുബേഷൻ സെന്ററിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. തിരഞ്ഞെടുപ്പിന് ശേഷം സെന്ററിനാവശ്യമായ പരിശീലനം നൽകുമെന്നാണ് കുടുംബശ്രീ അറിയിച്ചിട്ടുള്ളത്. ഐ.ടി രംഗത്ത് സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട വനിതകൾക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുക.
പുതിയ ഐ.ടി യൂണിറ്റുകൾക്ക് പ്രാരംഭഘട്ട പരിശീലനം നൽകുക
ബിസിനസ് പ്ലാൻ തയ്യാറാക്കുക
മാർക്കറ്റിംഗ്, ധനസമാഹരണം എന്നിവയിൽ മാർഗനിർദ്ദേശം നൽകുക
പരിചയസമ്പന്നരായ ടെക്‌നോ വേൾഡ് അംഗങ്ങളുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കാനുള്ള അവസരം ഒരുക്കുക
സംരംഭത്തിന്റെ ഓരോ ഘട്ടത്തിലെയും വിജയത്തിന് പിന്നിൽ കുടുംബശ്രീയുടെ പിന്തുണ വളരെ വലുതാണ്. മികച്ച രീതിയിൽ പരിശീലനം ലഭ്യമാക്കുന്ന ഇൻക്യുബേഷൻ സെന്ററാണ് ആരംഭിക്കുക.വിജയ കെ.
ടീം ലീഡർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |