കോഴിക്കോട്: ഫലം വന്നു, കോലാഹലങ്ങളടങ്ങി. കോഴിക്കോട്ട് ആരാകും മേയർ എന്നതാണ് ഇപ്പോഴത്തെ ചർച്ച. ചെറിയ ഭൂരിപക്ഷമാണെങ്കിലും ഇടതുപക്ഷം ഇത്തവണയും കോർപ്പറേഷൻ കൈയിലൊതുക്കി. പക്ഷേ, പ്രതീക്ഷിച്ച മേയർ സ്ഥാനാർത്ഥി തോറ്റതോടെ ആരാവണം എന്നത് പാർട്ടിക്കുള്ളിൽ വലിയ ചർച്ചയാണ്. സി.പി.എം നോർത്ത് ഏരിയാ കമ്മിറ്റി അംഗവും മുതിർന്ന നേതാവുമായ ഒ.സദാശിവനെയാണ് മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. അന്തിമ തീരുമാനം പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അംഗീകാരത്തോടെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് വിവരം. കോഴിക്കോട് നോർത്ത് ഏരിയാ കമ്മിറ്റി അംഗമായ സദാശിവൻ തടമ്പാട്ട്താഴം ഡിവിഷനിൽ നിന്നാണ് കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടത്.
മറ്റൊരു മുതിർന്ന നേതാവ് കെ.രാജീവിന്റെ പേര് ഉയരുന്നുണ്ടെങ്കിലും അവസാനം ഒ.സദാശിവന് നറുക്ക് വീഴുമെന്നാണ് കണക്കുകൂട്ടൽ. ജില്ലാ കമ്മിറ്റിയിൽ ഭൂരിപക്ഷം പേരും രാജീവിനെയാണ് പിന്തുണച്ചതെന്നാണ് വിവരം. കഴിഞ്ഞ കൗൺസിലിലെ ആരോഗ്യ സ്റ്റാൻഡിംഗ് ചെയർപേഴ്സണായിരുന്ന ഡോ.എസ്. ജയശ്രീയെ മേയർ സ്ഥാനാർത്ഥിയാക്കാനായിരുന്നു ആദ്യം പാർട്ടി തീരുമാനം. എന്നാൽ കോർപ്പറേഷനിൽ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ മുതിർന്ന നേതാവിനെ തന്നെ ഇറക്കാൻ കഴിഞ്ഞ ദിവസം ചേർന്ന സി.പി.എം സെക്രട്ടേറിയറ്റ് തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ തവണയും ജയശ്രീയെയായിരുന്നു മേയർ സ്ഥാനത്തേക്ക് ആദ്യം പരിഗണിച്ചിരുന്നത്. പിന്നീട് ബീനാ ഫിലിപ്പിന് നറുക്ക് വിഴുകയായിരുന്നു. ഡോ.ജയശ്രീയെ ഡെപ്യൂട്ടി മേയറായി പരിഗണിക്കുമെന്നാണ് വിവരം. ഇന്ന് നടക്കുന്ന എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി യോഗത്തിൽ പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷ.
എസ്.കെ അബൂബക്കർ യു.ഡി.എഫ് സ്ഥാനാർത്ഥി
മേയർ സ്ഥാനാർത്ഥിയായി മീഞ്ചന്ത ഡിവിഷനിൽ നിന്ന് വിജയിച്ച എസ്.കെ അബൂബക്കറിനെ യു.ഡി.എഫ് പരിഗണിക്കുന്നതായി വിവരം. എൽ.ഡി.എഫിന്റെ മേയർ സ്ഥാനാർത്ഥിയായിരുന്ന സി.പി മുസാഫർ അഹമ്മദിനെ തോൽപ്പിച്ചത് എസ്.കെ അബൂബക്കറായിരുന്നു. ഇന്നലെ ചേർന്ന ഡി.സി.സി നേതൃയോഗത്തിലാണ് തീരുമാനം. കോർപ്പറേഷനിൽ നിലവിൽ 28 സീറ്റുകളാണ് യു.ഡി.എഫിനുള്ളത്.
യഥാർത്ഥ പ്രതിപക്ഷം എൻ.ഡി.എ: കെ.പി പ്രകാശ്ബാബു
കോഴിക്കോട് കോർപ്പറേഷനിൽ ജമാഅത്തെ കോൺഗ്രസുമായി സഖ്യം ചേരേണ്ട ഗതികേട് ബി.ജെ.പിക്കില്ല. രണ്ടു മുന്നണികളും വർഗീയ ഭീകര ശക്തികളുടെ ചട്ടുകങ്ങളായാണ് ഇതുവരെ പ്രവർത്തിച്ചതും ഇനിയും പ്രവർത്തിക്കുക എന്നതും ജനങ്ങൾക്കറിയാം. ജനഹിതം പോലെ കോഴിക്കോടിന്റെ യഥാർത്ഥ പ്രതിപക്ഷമായി വികസിത കോഴിക്കോടിനായി ഞങ്ങളുടെ പോരാട്ടം തുടരും.
മില്ലി മോഹൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
കെ.കെ നവാസ് വൈസ് പ്രസിഡന്റാകും
സ്വന്തം ലേഖിക
കോഴിക്കോട്: യു.ഡി.എഫിന് ഭരണം ലഭിച്ച ജില്ലാ പഞ്ചായത്തിൽ മില്ലി മോഹൻ കൊട്ടാരത്തിലിനെ പ്രസിഡന്റാക്കാൻ കോൺഗ്രസ് ധാരണ. കോടഞ്ചേരി ഡിവിഷനിൽ നിന്നാണ് മില്ലി മോഹൻ തിരഞ്ഞെടുക്കപ്പെട്ടത്. കെ.പി.സി.സി അംഗവും മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ മില്ലി മോഹൻ നേരത്തെ ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു. തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് പ്രധാനാദ്ധ്യാപികയായി വിരമിച്ചു. ജനശ്രീ മിഷൻ ജില്ലാ ഭാരവാഹിയായിരുന്നു.
ഇന്നലെ ചേർന്ന കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ യോഗം മില്ലി മോഹനെ പാർലമെന്ററി പാർട്ടി നേതാവായി തെരഞ്ഞെടുത്തു. കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം എൻ. സുബ്രഹ്മണ്യൻ, ഡി.സി.സി ജനറൽ സെക്രട്ടറി പി.എം. അബ്ദുറഹ്മാൻ എന്നിവർ തെരഞ്ഞെടുപ്പ് യോഗത്തിന്റെ നിരീക്ഷകരായി. രണ്ടരവർഷം വീതം കോൺഗ്രസും മുസ്ലിം ലീഗും ഭരണം പങ്കിടാനാണ് തീരുമാനം. രണ്ടാം തവണ പ്രസിഡന്റ് സ്ഥാനം മുസ്ലിം ലീഗിന് ലഭിക്കും. മുന്നണി ധാരണപ്രകാരം മുസ്ലിം ലീഗിലെ കെ.കെ നവാസ് ആദ്യ ടേമിൽ വൈസ് പ്രസിഡന്റാകും. നാദാപുരം ഡിവിഷനിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നവാസ് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയാണ്. ഇന്ന് വൈകിട്ട് നാലിന് ഡോ. എം.കെ മുനീർ എം.എൽ.എയുടെ വസതിയിൽ ചേരുന്ന യു.ഡി.എഫ് നേതൃയോഗത്തിന് ശേഷം പ്രഖ്യാപനമുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |