
ചെങ്ങന്നൂർ: തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിരവധി വിജയങ്ങൾ കണ്ടിട്ടുണ്ടെങ്കിലും കെ.ഷിബുരാജന്റെ നേട്ടത്തിന് സമാനതകളില്ല. ഓരോ തവണയും വ്യത്യസ്ത വാർഡുകളിൽ നിന്ന് മത്സരിച്ച് അഞ്ചു തവണ അഞ്ചു വാർഡുകളിൽ വിജയിച്ചുവെന്ന അപൂർവ റെക്കാഡാണ് കെ.ഷിബുരാജൻ സ്വന്തമാക്കിയത്. താമസസ്ഥലത്തിനടുത്ത വാർഡുകളിൽ മാത്രമല്ല, വിദൂരങ്ങളിലുള്ള വാർഡുകളിലും മികച്ച വിജയം നേടാൻ ഷിബുരാജന് കഴിഞ്ഞു. നഗരസഭ 16-ാം വാർഡിലെ സ്ഥിര താമസക്കാരനായ ഷിബുരാജൻ ആദ്യ വിജയം നേടുന്നത് സ്വന്തം വാർഡിൽ നിന്നാണ്. തുടർന്ന് 15, 14, 23 വാർഡുകളിലും ഇത്തവണ 12-ാം വാർഡിൽ നിന്നുമാണ് തിരഞ്ഞെടുപ്പിൽ വിജയിച്ചത്. അച്ഛന്റെയും അമ്മയുടെയും സർക്കാർ ജോലിയുമായി ബന്ധപ്പെട്ട സ്ഥലംമാറ്റങ്ങളെ തുടർന്ന് പല പ്രദേശങ്ങളിലും മാറി മാറി താമസിക്കേണ്ടി വന്നിരുന്നു. സ്കൂൾ, പ്രീഡിഗ്രി വിദ്യാഭ്യാസം ആലപ്പുഴയിലും, ഡിഗ്രി വിദ്യാഭ്യാസം എറണാകുളം മഹാരാജാസ് കോളേജിലുമായിരുന്നു. ഡിഗ്രി പഠനം കഴിഞ്ഞ ശേഷമാണ് ചെങ്ങന്നൂരിൽ പുതിയ സ്ഥലം വാങ്ങി വീട് നിർമ്മിച്ച് താമസമാക്കുന്നത്. മത്സരിച്ച വാർഡുകളിലൊന്നിലും സഹപാഠികളോ കുടുംബ സുഹൃത്തുക്കളോ ബന്ധുക്കളോ എന്ന നിലയിൽ ഒരു വോട്ടർ പോലും ഇല്ലാത്ത അവസ്ഥയിലായിരുന്നു ഷിബുരാജന്റെ ഓരോ വാർഡുകളിലേയും വിജയം. കോൺഗ്രസ് റിബലുകളെക്കൂടി പരാജയപ്പെടുത്തിയാണ് മൂന്ന് വാർഡുകളിൽ വിജയം നേടാനായത് എന്നത് മറ്റൊരിടത്തും ഇല്ലാത്ത പ്രത്യേകതയാണ്. നഗരസഭ ചെയർമാനായിരുന്ന കൊവിഡ് കാലഘട്ടത്തിൽ ഉൾപ്പെടെ കാര്യക്ഷമമായ പ്രവർത്തനമാണ് ഷിബുരാജൻ കാഴ്ചവച്ചത്. വൈസ് ചെയർമാൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എന്നീ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചു. കിലയുടെ ഫാക്കൽറ്റി അംഗമെന്ന നിലയിൽ ജനപ്രതിനിധിയായിരിക്കെ തന്നെ ഇത്രയധികം ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും കുടുംബശ്രീ അംഗങ്ങൾക്കും പരിശീലനം നൽകാൻ കഴിഞ്ഞു എന്ന റെക്കാഡും ഷിബുരാജനു മാത്രം സ്വന്തം. രാജ്യത്ത് തന്നെ ആദ്യമായും അവസാനമായും നഗരസഭാ - കോർപ്പറേഷൻ കൗൺസിലർമാർക്ക് സമസ്ത മേഖലകളേയും സംബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന സർട്ടിഫിക്കറ്റ് കോഴ്സ് വിജയകരമായി പൂർത്തീകരിച്ച സംസ്ഥാനത്തെ 22 പേരിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ നിലവിലുള്ള ഏക ജനപ്രതിനിധിയുമാണ് ഷിബുരാജൻ. നിലവിൽ ആലപ്പുഴ ഡി.സി.സി അംഗം, ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി, ആശാ വർക്കേഴ്സ് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്, ഡി.കെ.ടി.എഫ് ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിക്കുന്നു. ജനപ്രതിനിധി എന്ന നിലയിലെ കഴിഞ്ഞ കാലങ്ങളിലെ പ്രാഗൽഭ്യം പരിഗണിച്ചും ചെങ്ങന്നൂർ നഗരസഭയിൽ ചെയർമാൻ സ്ഥാനത്തേക്ക് ആദ്യ പരിഗണന ലഭിക്കുന്നതും കെ.ഷിബുരാജനു തന്നെയായിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |