കോഴിക്കോട്: കോഴിക്കോട് ഫ്രാൻസിസ് റോഡിലെ ബ്ലൂ മൗണ്ടൈൻ റോയൽ എൻഫീൽഡ് ഷോറൂമിൽ നിന്ന് പുതിയ ബുള്ളറ്റും പണവും കവർന്ന പ്രതി പിടിയിൽ. മലപ്പുറം താനൂർ ഒഴൂർ സ്വദേശി നൗഫൽ (20) ആണ് പിടിയിലായത്.
കഴിഞ്ഞ മാസം 19നാണ് 1.6 ലക്ഷം രൂപയും 1.72 ലക്ഷം വിലവരുന്ന പുതിയ മോഡൽ റോയൽ എൻഫീൽഡ് ബുള്ളറ്റും ഷോറൂമിൽ നിന്ന് മോഷ്ടിക്കപ്പെട്ടത്. കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ പരിസരത്ത് വച്ച് ടൗൺ സി.ഐ ഉമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
മോഷണ ദൃശ്യങ്ങൾ സ്ഥാപനത്തിന്റെ സി.സി.ടി.വി യിൽ പതിഞ്ഞിരുന്നു. നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഇയാൾ കഴിഞ്ഞ സെപ്തംബർ 16ന് പരപ്പനങ്ങാടി ജയിലിൽ നിന്നിറങ്ങി 19ന് പുലർച്ചെ ബുള്ളറ്റ് ഷോറൂമിൽ കവർച്ച നടത്തുകയായിരുന്നു.
ബുള്ളറ്റ് ഓടിക്കുമ്പോൾ ഉപയോഗിക്കുന്ന ഷൂസും ജാക്കറ്റും ബാഗും ഇയാൾ മോഷ്ടിച്ചിരുന്നു. ഷോറൂമിന്റെ പൂട്ട് പൊളിച്ച് ഉള്ളിൽ കയറിയ മോഷ്ടാവ് പുതിയ ബുള്ളറ്റ് എടുക്കുകയും ഓടിച്ച് പോവുകയുമായിരുന്നു. മോഷണ ദൃശ്യങ്ങൾ സ്ഥാപനത്തിന്റെ സി.സി.ടി.വിയിൽ വ്യക്തമായി പതിഞ്ഞിരുന്നു. സംഭവത്തിന് ശേഷം ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
മോഷണത്തിന് ശേഷം ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിൽ സഞ്ചരിച്ച് ആഡംബര ജീവിതം നയിക്കുകയായിരുന്നു. മോഷണ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രതിയെ കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിരുന്നു. തുടർന്ന് രൂപമാറ്റം നടത്തി മുങ്ങി നടക്കുകയായിരുന്നു. പ്രതി കുറ്റിപ്പുറം ഭാഗത്തുള്ള വിവരം ലഭിച്ചതോടെ അവിടെയെത്തിയ കോഴിക്കോട് ടൗൺ പൊലീസ് ഇയാളെ പിടികൂടി. വിശദമായി ചോദ്യം ചെയ്തപ്പോൾ ബുള്ളറ്റ് വച്ച സ്ഥലം കാണിച്ചുകൊടുത്തു.
ടൗൺ സി.ഐ എ. ഉമേഷിന്റെ നേതൃത്വത്തിൽ സൗത്ത് അസി. കമ്മിഷണർ എ.ജെ ബാബുവിന്റെ കീഴിലുള്ള സ്പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ ഇ. മനോജ്, കെ. അബ്ദുറഹ്മാൻ, രൺധീർ, രമേശ് ബാബു, സി.കെ സുജിത്ത്, പി ഷാഫി ടൗൺ പൊലീസ് സ്റ്റേഷനിലെ ഷബീർ , ഉദയൻ, ബിനിൽ, സതീശൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ ഷോറൂമിൽ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |