
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ള പരാമർശിക്കുന്ന 'പോറ്റിയെ കേറ്റിയേ' എന്ന പാരഡി പാട്ടിന്റെ അണിയറ പ്രവർത്തകരെ പ്രതിയാക്കി പൊലീസ് കേസെടുത്തു. പാട്ടെഴുതിയ ഖത്തറിൽ ജോലി ചെയ്യുന്ന നാദാപുരം ചാലപ്പുറം സ്വദേശി ജി.പി.കുഞ്ഞബ്ദുള്ള, സംഗീതം നൽകിയ കോഴിക്കോട് സ്വദേശി ഹനീഫ, പാടിയ ഡാനിഷ് കൂട്ടിലങ്ങാടി തുടങ്ങിയവരെ പ്രതിയാക്കി തിരുവനന്തപുരം സൈബർ പൊലീസാണ് കേസെടുത്തത്. മനോഹരമായ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയതെന്നും ചൂണ്ടിക്കാട്ടി തിരുവാഭരണപാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രശാന്ത് കുഴിക്കാല നൽകിയ പരാതി സൈബർ ഓപ്പറേഷൻസ് വിഭാഗത്തിന് കൈമാറിയിരുന്നു. പ്രാഥമിക പരിശോധനയിൽ കേസെടുക്കാമെന്നാണ് കണ്ടെത്തിയതോടെ പരാതി സൈബർ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. ഗാനം തദ്ദേശ തിരഞ്ഞെടുപ്പിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
കമ്മിഷനും പരാതി
നൽകി സി.പി.എം
പാരഡിപ്പാട്ട് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയതായി സി.പി.എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം പറഞ്ഞു. മതവികാരം വ്രണപ്പെടുത്തുന്നതാണ് പാട്ട്. കോൺഗ്രസും ബി.ജെ.പിയും പാട്ടിനെ വർഗീയ ധ്രുവീകരണത്തിന് ഉപയോഗിച്ച് വോട്ടുപിടിക്കാൻ ശ്രമിച്ചതായി പരാതിയിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |