
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം സംസ്ഥാനത്ത് ഉടനീളെ വ്യാപക അതിക്രമമാണ് സി.പി.എം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരിലെ പയ്യന്നൂരിലും പാനൂരിലും കൈബോംബുകളും വടിവാളുകളുമായി സി.പി.എം അക്രമി സംഘം അഴിഞ്ഞാടുകയാണ്. പലയിടത്തും പൊലീസ് നോക്കി നിൽക്കുന്നു. മുഖ്യമന്ത്രിയുടെ സ്വന്തം ഗ്രാമത്തിൽ ബോംബ് ഉപയോഗിക്കുന്നതിനിടെ അത് പൊട്ടിത്തെറിച്ച് ഒരു സി.പി.എമ്മുകാരന്റെ കൈപ്പത്തി ഇല്ലാതായി. എന്നിട്ട് പൊലീസ് പറയുന്നത്, പടക്കം പൊട്ടിത്തെറിച്ചെന്നാണ്. പൊലീസ് ഇങ്ങനെ അപഹാസ്യമാകരുത്. മുഖ്യമന്ത്രിയുടെ സ്വന്തം പാർട്ടിക്കാരൻ എതിരാളികളെ കൊല്ലാൻ ബോംബ് നിർമ്മിക്കുമ്പോൾ മുഖ്യമന്ത്രിയുടെ പൊലീസ് അതിന് കൂട്ടുനിൽക്കുകയാണ്.
പാരഡി ഗാനം പാടുന്നത് കേരളത്തിൽ ആദ്യമായാണോ? ഈ പാരഡി ഗാനം പടിയവർക്കും എഴുതിയവർക്കും ട്യൂൺ ചെയ്തവർക്കും എതിരെ പൊലീസ് കേസെടുക്കുമെന്നാണ് പറയുന്നത്. ഇതിനേക്കാൾ ഭേദമാണല്ലോ ബി.ജെ.പിക്കാർ. ബി.ജെ.പി ചെയ്യുന്നതു പോലെ തന്നെയല്ലേ കേരളത്തിലും ചെയ്യുന്നത്. എന്തിനാണ് ഇപ്പോൾ ഇത്രയും നൊന്തത്? പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞത്, വിശ്വാസികളെ വേദനിപ്പിച്ചെന്നാണ്. വിശ്വാസികളെ വേദനിപ്പിച്ച് അയ്യപ്പന്റെ സ്വർണം കവർന്നതിന് ജയിലിൽ കിടക്കുന്ന പത്മകുമാറിന്റെ തോളിൽ കൈയിട്ടുകൊണ്ടാണ് രാജു എബ്രഹാം നിൽക്കുന്നത്. അയ്യപ്പന്റെ സ്വർണം കവർന്നവർക്കെതിരെ നടപടി പോലും എടുത്തിട്ടില്ല. നടപടി എടുക്കില്ലെന്നാണ് എം.വി ഗോവിന്ദൻ പറഞ്ഞത്. അയ്യപ്പന്റെ സ്വർണം കവർന്നെടുത്തതാണ് വിശ്വാസികളെ വേദനിപ്പിച്ചത്. സ്വർണം കവർന്നെടുത്തവരെ സി.പി.എം സംരക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |