
24 വർഷത്തെ തമ്മിലടി അവസാനിപ്പിച്ചു
ന്യൂഡൽഹി: വിവാഹജീവിതം ജീവപര്യന്തം തടവല്ലെന്ന് നിരീക്ഷിച്ച സുപ്രീംകോടതി, 24 വർഷമായി പിരിഞ്ഞു താമസിക്കുന്നവരുടെ ദാമ്പത്യം അവസാനിപ്പിച്ചു. അസാമിലെ കേസിലാണിത്. സമ്പൂർണമായ നീതി ഉറപ്പാക്കാൻ ഭരണഘടനയിലെ 142ാം അനുച്ഛേദം സുപ്രീംകോടതിക്ക് നൽകിയിരിക്കുന്ന സവിശേഷാധികാരം പ്രയോഗിക്കുകയായിരുന്നു. വിചാരണക്കോടതി അനുവദിച്ച വിവാഹമോചനം ഗുവാഹത്തി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ ഭർത്താവ് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസുമാരായ മൻമോഹൻ, ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന്റെ ഇടപെടൽ. പൊരുത്തപ്പെടുത്താൻ കഴിയാതെ ദശകങ്ങളോളം അകന്നു കഴിയുന്നത് ഇരുവരും തങ്ങളുടെ പങ്കാളിയോട് കാണിക്കുന്ന ക്രൂരതയാണെന്ന് കോടതി വ്യക്തമാക്കി. ദാമ്പത്യത്തിൽ കുട്ടികളുമായില്ല. അനുരഞ്ജനത്തിനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു. ഈസാഹചര്യത്തിൽ വിവാഹമോചനം അനുവദിക്കുകയെന്നതു മാത്രമാണ് പരിഹാരമെന്ന് കോടതി നിലപാടെടുത്തു.
സ്ത്രീധനത്തിനെതിരെ സുപ്രീംകോടതി
വധുവിനുള്ള സമ്മാനങ്ങൾ എന്ന പേരിട്ട് സ്ത്രീധനം ഇപ്പോഴും സമൂഹത്തിൽ നിലനിൽക്കുന്നുവെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കരോൽ, എൻ. കോട്ടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് വിമർശിച്ചു. സ്‌ത്രീധന പീഡനവും മരണവും അടക്കം ഈ പ്രവണതയുമായി ചേർന്നു നിൽക്കുന്നു. സമൂഹത്തിലെ ഇത്തരത്തിലെ ഭീഷണി നേരിടാൻ മാർഗരേഖയും കോടതി പുറത്തിറക്കി. ഉത്തർപ്രദേശിലെ സ്ത്രീധന പിഡന മരണക്കേസ് പരിഗണിക്കവെയാണിത്.
1. സ്ത്രീധന വിഷയത്തിൽ ബോധവത്‌കരണം ഉദ്ദ്യേശിച്ച് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ വിദ്യാഭ്യാസ കരിക്കുലത്തിൽ മാറ്റം വരുത്തണം. സമത്വമെന്ന മൗലികാവകാശത്തെ കുറിച്ച് വിദ്യാർത്ഥികളെ പഠിപ്പിക്കണം.
2. ഡൗറി പ്രൊഹിബിഷൻ ഓഫീസർമാരെ നിയമിക്കണം
3. ന്യായമായ കേസുകൾ, അല്ലാത്തവ എന്നിവ തിരിച്ചറിയാൻ പൊലീസ് ഉദ്യോഗസ്ഥർക്കും ജുഡിഷ്യൽ ഓഫീസർമാർക്കും പരിശീലനം നൽകണം
4. സ്ത്രീധന പീഡന മരണക്കേസുകളിൽ കീഴ്‌ക്കോടതികൾ വിചാരണ വേഗത്തിൽ പൂർത്തിയാക്കുന്നുണ്ടെന്ന് ഹൈക്കോടതികൾ ഉറപ്പാക്കണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |