
ലക്നൗ: ലക്നൗവിലെ ഏകാന സ്റ്റേഡിയം വേദിയാകേണ്ടിയിരുന്ന ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ നിർണായകമായ നാലാം മത്സരം കടുത്ത മൂടൽ മഞ്ഞിനെ തുടർന്ന്, ഒരു പന്ത് പോലും എറിയാനാകാതെ ഉപേക്ഷിച്ചു. ആറോളം തവണ അംപയർമാർ പരിശോധന നടത്തിയെങ്കിലും മത്സരം നടത്താനാകാത്ത സാഹചര്യമായതിനാൽ കളി ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. പിച്ചിൽ നിന്ന് നോക്കിയാൽ ബൗണ്ടറി ലൈൻ ഉൾപ്പെടെ കാണാൻ സാധിക്കാത്ത സ്ഥിതിയായിരുന്നു.
ടോസ് പോലും ഇടാതെയാണ് മത്സരം ഉപേക്ഷിച്ചത്.നാലാം മത്സരം ഉപേക്ഷിച്ചതോടെ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമാകില്ലെന്ന് ഉറപ്പായി.
പരമ്പരയിൽ 2-1ന് മുന്നിലാണ് ഇന്ത്യ. പരമ്പരയിലെ അഞ്ചാം മത്സരം നാളെ അഹമ്മദാബാദിൽ നടക്കും.
സഞ്ജുവിന് മഞ്ഞിന്റെ പണി
വീണ്ടും പരിക്കിന്റെ പിടിയിലായ ഇന്ത്യൻ വൈസ് ക്യാപ്ടൻ ശുഭ് മാൻ ഗിൽ നാലാം ട്വന്റി-20യിൽ കളിക്കില്ലെന്ന് അറിയിപ്പുണ്ടായിരുന്നു. പരിശീലനത്തിനിടെ കാലിന് പരിക്കേറ്റ ഗിൽ ആദ്യ ഇലവനിൽ ഉണ്ടാകില്ലെന്ന് ടീം മാനേജ്മെന്റ് അറിയിച്ചിരുന്നെങ്കിലും പകരം ആര് കളിക്കുമെന്ന് വ്യക്തമാക്കിയിരുന്നില്ല. ഗില്ലിന് പകരം ഓപ്പണറായി സഞ്ജു കളിക്കാനായിരുന്നു സാധ്യത കൂടുതൽ. എന്നാൽ മൂടൽ മഞ്ഞ് കാരണം മത്സരം ഉപേക്ഷിച്ചതോടെ സഞ്ജുവിന് ആ പ്രതീക്ഷയും നഷ്ടമായി. നാളെ നടക്കുന്ന അഞ്ചാം ട്വന്റി-20യിലും ഗിൽ കളിച്ചേക്കില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |