
ആഡിസ് അബബ: ഗ്ലോബൽ സൗത്ത് രാജ്യങ്ങൾ ഇപ്പോൾ സ്വന്തം വിധി എഴുതുകയാണെന്നും ബാഹ്യശക്തികളാൽ രൂപപ്പെടുന്ന കാലം കഴിഞ്ഞെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. എത്യോപ്യൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഈനേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് അദ്ദേഹം. 18 - ാം തവണയാണ് വിദേശ പാർലമെന്റിനെ മോദി അഭിസംബോധന ചെയ്യുന്നത്.
ഇന്ത്യയുടെ അദ്ധ്യക്ഷ കാലയളവിൽ ആഫ്രിക്കൻ യൂണിയന് ജി - 20 സ്ഥിരാംഗത്വം ലഭിച്ചത് സുപ്രധാന വഴിത്തിരിവാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ആഫ്രിക്കയുടെ വികസനത്തിനായുള്ള ഇന്ത്യയുടെ പ്രതിബദ്ധത ആവർത്തിച്ചു. ഗ്ലോബൽ സൗത്ത് രാഷ്ട്രങ്ങൾ എന്ന നിലയിൽ ആഗോള തലത്തിൽ വികസ്വര രാജ്യങ്ങളുടെ ശബ്ദം ഉയർത്താൻ ഇന്ത്യയും എത്യോപ്യയും ഒന്നിച്ച് നിൽക്കണമെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
'ആർക്കും എതിരായിട്ടല്ല, മറിച്ച് എല്ലാവർക്കുമായി ഗ്ലോബൽ സൗത്ത് ഉയരങ്ങളിലേക്കെത്തണമെന്നതാണ് നമ്മുടെ ലോക വീക്ഷണം. ഇന്ത്യയും എത്യോപ്യയും ഒന്നിച്ച് തുല്യരായി മുന്നോട്ടുപോകും. പങ്കാളികളായി ചേർന്ന് ഒന്നിച്ച് കെട്ടിപ്പടുക്കും. സുഹൃത്തുക്കളായി ഒന്നിച്ച് മുന്നേറും. ചിലന്തിവലകൾ ഒന്നിച്ചാൽ ഒരു സിംഹത്തെ പോലും കെട്ടിയിടാനാകും. അതുപോലെ, ഹൃദയങ്ങൾ ഒന്നിച്ചാൽ പർവ്വതങ്ങൾ പോലും വഴിമാറും' പ്രധാനമന്ത്രി പറഞ്ഞു.
90 സെക്കൻഡ് എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചാണ് എം.പിമാർ പ്രസംഗത്തെ അഭിനന്ദിച്ചത്. പരമോന്നത ബഹുമതിയായ 'ഗ്രേറ്റ് ഓണർ നിഷാൻ ഒഫ് എത്യോപ്യ' നൽകി ആദരിച്ചതിന് എത്യോപ്യയിലെ ജനങ്ങൾക്കും സർക്കാരിനും അദ്ദേഹം നന്ദി ആവർത്തിച്ചു. ബഹുമതി നേടുന്ന ആദ്യ വിദേശ രാഷ്ട്രത്തലവനാണ് പ്രധാനമന്ത്രി.
# സിംഹങ്ങളുടെ നാട്
(പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ നിന്ന്)
എത്യോപ്യയെ ' സിംഹങ്ങളുടെ നാട് ' എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി
തന്റെ ജന്മനാടായ ഗുജറാത്തിലും സിംഹങ്ങളുള്ളതിനാൽ എത്യോപ്യയിലെത്തിയപ്പോൾ വീട്ടിലെത്തിയ പോലെ തോന്നുന്നു
ഇന്ത്യയുടെ വന്ദേമാതരത്തിലും എത്യോപ്യൻ ദേശീയ ഗാനത്തിലും സ്വന്തം രാജ്യത്തെ മാതാവ് എന്നാണ് പരാമർശിക്കുന്നത്
1941ൽ എത്യോപ്യയുടെ വിമോചനത്തിനായി പോരാടിയ ഇന്ത്യൻ സൈനികരെയും എത്യോപ്യയുടെ വളർച്ചയ്ക്കും സമൃദ്ധിക്കും സംഭാവനകൾ നൽകിയ ഇന്ത്യൻ അദ്ധ്യാപകരെയും സംരംഭങ്ങളെയും അദ്ദേഹം ഓർമ്മിച്ചു
ഇന്ത്യയും എത്യോപ്യയും തമ്മിലുള്ള വർഷങ്ങൾ പഴക്കമുള്ള ബന്ധം തന്റെ സന്ദർശന വേളയിൽ തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്തപ്പെട്ടതിന്റെ സംതൃപ്തിയും പങ്കുവച്ചു
'ഏക് പേഡ് മാ കേ നാം' പദ്ധതിയുടെ ഭാഗമായി എത്യോപ്യൻ പാർലമെന്റ് പരിസരത്ത് പ്രധാനമന്ത്രി മരംനട്ടു.
# ഇന്ത്യയുടെ സഹായം
എത്യോപ്യൻ വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പുകൾ ഇന്ത്യ വർദ്ധിപ്പിക്കും. പ്രത്യേക എ.ഐ കോഴ്‌സുകൾ തുടങ്ങും
ആരോഗ്യ മേഖലയിലെ സഹകരണം ഉൾപ്പെടെ എട്ട് ധാരണാപത്രങ്ങളിൽ ഒപ്പിട്ടു
എത്യോപ്യൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ പ്രൊഫഷണലുകൾക്ക് പ്രത്യേക ഹ്രസ്വകാല കോഴ്‌സ്
ആഡിസ് അബബയിലെ മഹാത്മാഗാന്ധി ആശുപത്രിയിലെ മാതൃ - ശിശു വിഭാഗം ഇന്ത്യ നവീകരിക്കും
എത്യോപ്യൻ വിദേശകാര്യ മന്ത്രാലയത്തിൽ ഡേറ്റാ സെന്റർ സ്ഥാപിക്കും. ഐക്യരാഷ്ട്രസഭയുടെ സമാധാന പരിപാലന പരിശീലനത്തിൽ സഹകരിക്കും
സാമ്പത്തിക സഹകരണത്തിന് ധാരണ
# മടക്കയാത്രയിലും ഒപ്പം അലി
എത്യോപ്യൻ സന്ദർശനം പൂർത്തിയാക്കിയുള്ള മോദിയുടെ മടക്കയാത്രയിലും എത്യോപ്യൻ പ്രധാനമന്ത്രി ഡോ. അബി അഹമ്മദ് അലി അനുഗമിച്ചു. പ്രധാനമന്ത്രിയെ കാറിലിരുത്തി അലി വിമാനത്താവളത്തിലേക്ക് ഡ്രൈവ് ചെയ്തു. ചൊവ്വാഴ്ച രാജ്യത്തെത്തിയ പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ നിന്ന് ഹോട്ടലിൽ എത്തിച്ചതും അലി സ്വയം കാറോടിച്ചായിരുന്നു. അലിയെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിച്ചു.
# സുപ്രധാന കരാറുകൾക്കായി മോദി ഒമാനിൽ
രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്നലെ ഒമാനിലെ മസ്കറ്റിൽ എത്തി. ഒമാൻ ഉപപ്രധാനമന്ത്രി സയ്യീദ് ഷിഹാബ് ബിൻ താരിഖ് അൽ സൈദിന്റെ നേതൃത്വത്തിലെ സംഘം വിമാനത്താവളത്തിൽ അദ്ദേഹത്തിന് ഔപചാരിക സ്വീകരണം ഒരുക്കി. ഇന്ന് ഒമാൻ സുൽത്താനുമായി അദ്ദേഹം ചർച്ച നടത്തും. ഇന്ത്യയും ഒമാനും തമ്മിലെ നയതന്ത്ര ബന്ധത്തിന്റെ 70 -ാം വാർഷികത്തിലെ സന്ദർശനം, സ്വതന്ത്ര വ്യാപാര കരാർ അടക്കം സുപ്രധാന കരാറുകൾക്കും വഴിയൊരുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |