
അഡ്ലെയ്ഡ്: ആഷസ് പരമ്പരയിലെനിർണായകമായ മൂന്നാം മത്സരത്തിൽ ഒന്നാം ദിനം അലക്സ് ക്യാരിയുടെ സെഞ്ച്വറിയുടെ പിൻബലത്തിൽ തകർച്ചയിൽ നിന്ന് കരകയറിയ ഓസീസ് ഭേദപ്പെട്ട നിലയിൽ. ഒന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ 326/8 എന്ന നിലയിലാണ് ഓസീസ്.
ഹോം ഗ്രൗണ്ടിൽ സെഞ്ച്വറിയുമായി ടീമിന്റെ രക്ഷകനായ ക്യാരി 143 പന്തിൽ 8 ഫോറും ഒരു സിക്സുംഉൾപ്പെടെ 106 റൺസ് നേടി. സ്മിത്തിന് പകരം അവസാന നിമിഷം ടീമിൽ ഇടം നേടിയ ഉസ്മാൻ ഖ്വാജയും (82) അർദ്ധ സെഞ്ച്വറിയുമായി ടീമിന്റെ രക്ഷയ്ക്കെത്തി. 94/4 എന്ന നിലയിൽ ക്രീസിൽ ഒന്നിച്ച ഖ്വാജയും ക്യാരിയും കൂടി അഞ്ചാം വിക്കറ്റിൽ 91 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ടീമിനെ രക്ഷിച്ചു. ജോഷ് ഇംഗ്ലിസ് (32) മിച്ചൽ സ്റ്റാർക്ക് (പുറത്താകാതെ 33) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. ഐ.പി.എൽ ലേലത്തിൽ റെക്കാഡ് തുകയ്ക്ക് (25.2 കോടിരൂപ) കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയ കാമറൂൺ ഗ്രീൻ ഡക്കായി. . ഇംഗ്ലണ്ടിനായി ആർച്ചർ മൂന്നും ബ്രൈൻ കാർസ്, വിൽ ജാക്ക്സ് എന്നിവർ 2വിക്കറ്റ്വീതവും നേടി.
വ്യക്തിഗത സ്കോർ 72ൽ നിൽക്കെ ക്യാരിയ്ക്കെതിരെ ക്യച്ച് സംബന്ധിച്ചുണ്ടായ വിവാദം ചർച്ചകൾക്ക് വഴിവച്ചു.ഓസ്ട്രേലിയൻ ഇന്നിംഗ്സിലെ ജോഷ് ടംഗ് എറിഞ്ഞ 63-ാം ഓവറിലാണ് സംഭവം. ക്യാരിയെ കടന്നു പോയ പന്ത് ഇംഗ്ലീഷ് വിക്കറ്റ് കീപ്പർ ജാമി സ്മിത്ത് കൈയിൽ ഒതുക്കി ക്യാച്ചിനായി അപ്പീൽ ചെയ്തെങ്കിലും അമ്പയർ അഹ്സാൻ റാസ നോട്ടൗട്ട് വിധിച്ചു. ഇംഗ്ലണ്ട് റിവ്യു എടുത്തു. സ്നിക്കോ മീറ്റർ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പരിശോധനയിൽ വ്യതിയാനം കാണിച്ചെങ്കിലും പന്ത് ബാറ്റിനടുത്തെത്തുന്നതിന് മൂന്ന് നാല് ഫ്രെയിം മുൻപായിരുന്നു അത്. അതിനാൽ ടി.വി അംപയറും നോട്ടൗട്ട് വിധിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |