
ആലുവ: 38 കോടി രൂപ ചെലവിൽ ആലുവയിൽ ബഹുനില കോടതി സമുച്ചയം നിർമ്മാണ ടെൻഡർ തുറന്നു. ഊരാളുങ്കൽ ലേബർ സഹകരണ സംഘം ഉൾപ്പെടെ ഒമ്പത് സ്ഥാപനങ്ങളാണ് ടെൻഡർ നൽകിയിട്ടുള്ളത്.
ടെൻഡറുകളെല്ലാം പി.ഡബ്ല്യു.ഡി ചീഫ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് കൈമാറിയിട്ടുണ്ട്. ടെൻഡർ കമ്മിറ്റി ചേർന്ന് ടെൻഡർ നൽകിയിട്ടുള്ളവരുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം കുറഞ്ഞ തുക ക്വാട്ട് ചെയ്തിട്ടുള്ളവരുമായി കരാർ ഒപ്പിടും. അടുത്തമാസം ആദ്യവാരം കല്ലിടൽ നടത്തി നിർമ്മാണം ആരംഭിക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. നിലവിലുണ്ടായിരുന്ന കോടതി കെട്ടിടം പൂർണമായി പൊളിച്ചുനീക്കി ഭൂമി നിരപ്പാക്കിയിട്ടുണ്ട്.
79172 ചതുരശ്ര അടിയിൽ നാല് നില കെട്ടിട നിർമ്മാണത്തിന് മൂന്ന് വർഷം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.
പോരായ്മകളുണ്ടായിട്ടും പരാതിയില്ലാതെ താത്കാലിക കോടതി
നിരവധി പോരായ്മകൾ ഉണ്ടായിട്ടും പരാതികളില്ലാതെയാണ് ആലുവ ബി.എസ്.എൻ.എൽ കെട്ടിടത്തിൽ താത്കാലിക കോടതികൾ പ്രവർത്തിക്കുന്നത്. കോടതി ജീവനക്കാരും അഭിഭാഷകരും ക്ളർക്കുമാരുമെല്ലാം പരിമിതികളെല്ലാം തിരിച്ചറിഞ്ഞ് പുതിയ കോടതിക്ക് വേണ്ടി കാത്തിരിക്കുകയാണ്. മൂന്ന് കോടതികളാണ് മെയ് 19 മുതൽ ബി.എസ്.എൻ.എൽ കെട്ടിടത്തിലേക്ക് താത്കാലികമായി മാറ്റിയിരിക്കുന്നത്. മറ്റ് രണ്ടിടത്തായി വാടക കെട്ടിടങ്ങളിലാണ് കുടുംബകോടതിയും പോക്‌സോ കോടതിയും പ്രവർത്തിക്കുന്നത്.
ജനുവരിയിൽ കല്ലിടും
ത്രിതല തിരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിൽ ടെൻഡർ ഉറപ്പിച്ച് നൽകി ജനുവരിയിൽ കല്ലിടും. വീണ്ടും വൈകിയാൽ നിയമസഭ തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിനും സാദ്ധ്യതയുണ്ട്. അതിന് മുമ്പ് നിർമ്മാണം ആരംഭിക്കും.
പി.എൻ. ഉണ്ണിക്കൃഷ്ണൻ
പ്രസിഡന്റ്, ആലുവ ബാർ അസോസിയേഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |