
ന്യൂഡൽഹി: കേരളത്തിൽ എസ്.ഐ.ആർ സമയപരിധി ആവശ്യമെങ്കിൽ നീട്ടുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീംകോടതിയിൽ അറിയിച്ചു. സമയപരിധി ഇന്നലെവരെ നീട്ടിയിരുന്നു. അതുകൊണ്ട് ഇനി നീട്ടാനാകില്ലെന്ന നിലപാട് ഇല്ലെന്നും വ്യക്തമാക്കി. സമയപരിധി നീട്ടുന്ന കാര്യം അനുഭാവപൂർവം പരിഗണിക്കണമെന്ന് സുപ്രിംകോടതി നിർദ്ദേശിച്ചതിന് പിന്നാലെയാണ് കമ്മിഷനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദി ഇക്കാര്യമറിയിച്ചത്.
എന്യുമറേഷൻ ഫോമുകൾ സ്വീകരിക്കുന്ന തീയതി ഇന്നലെ അവസാനിച്ചിരുന്നു. 25 ലക്ഷം പേർ വോട്ടർപട്ടികയിൽ നിന്ന് പുറത്താകുന്ന സാഹചര്യമാണെന്ന് ഹർജിക്കാർക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു. ചിലയിടങ്ങളിൽ പട്ടികയിൽ ഭർത്താവിന്റെ പേരുണ്ട്, ഭാര്യയുടെ പേരില്ലെന്നും അറിയിച്ചു. തുടർന്നാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് കമ്മിഷന് നിർദ്ദേശം നൽകിയത്.
അതേസമയം, എസ്.ഐ.ആർ നടപടിക്ക് വോളന്റിയർമാരെ നിയോഗിക്കുന്നത് തടയണമെന്ന ഹർജിയിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു. പൗരന്മാരുടെ വ്യക്തിവിവരങ്ങൾ ചോർന്നേക്കാമെന്ന ആശങ്ക ഹർജിക്കാർ ഉന്നയിച്ചു. എസ്.ഐ.ആറിന്റെ നിയമസാധുത ചോദ്യം ചെയ്യുന്ന ഹർജികൾ അടക്കം ജനുവരി 6ന് വീണ്ടും പരിഗണിക്കും.
അനുഭാവപൂർവം
പരിഗണിക്കണം
1. സമയപരിധി നീട്ടുന്നതിൽ രാഷ്ട്രീയ പാർട്ടികൾക്ക് അടക്കം തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് നിവേദനം നൽകാമെന്ന് സുപ്രീംകോടതി. കമ്മിഷനത് അനുഭാവപൂർവം പരിഗണിക്കണം.
2. യാഥാർത്ഥ്യ ബോധത്തോടെയുള്ള സമീപനം സ്വീകരിക്കണം. എല്ലാ ഘടകങ്ങളും കണക്കിലെടുത്ത് ഉചിതമായ തിരുമാനം കൈക്കൊള്ളണം. ഇക്കാര്യം ഉത്തർപ്രദേശിലെ എസ്.ഐ.ആർ നടപടികൾക്കും ബാധകമാണ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |