ഉന്നത നിലവാര നിർമ്മാണമെന്ന് മന്ത്രി ഗഡ്കരി
ന്യൂഡൽഹി: ദേശീയപാത 66ന്റെ കേരളത്തിലെ നിർമ്മാണം മാർച്ചിൽ പൂർത്തിയാക്കും. തടസങ്ങളുള്ള ചില ഭാഗങ്ങളിൽ ഒഴികെ നിർമ്മാണം വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരും മുൻപ് ഉദ്ഘാടനത്തിനാണ് ശ്രമം. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ലോക്‌സഭയിൽ കെ.സി. വേണുഗോപാലിനെ അറിയിച്ചതാണ് ഇക്കാര്യം.
ദേശീയപാത തകരാത്ത തരത്തിൽ ഉയർന്ന ഗുണനിലവാരമുള്ള സിമന്റും കോൺക്രീറ്റും ഉപയോഗിക്കും. അപാകതകൾ ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കും.
ജനുവരിയിൽ ദേശീയ പാത പൂർത്തിയാകുമെന്നും ഗഡ്കരി കേരളത്തിൽ വന്ന് പ്രഖ്യാപനം നടത്തുമെന്നും മന്ത്രി മുഹമ്മദ് റിയാസ് ഡൽഹിയിൽ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ആറു മാസത്തിനിടെ മൂന്നു സ്ഥലങ്ങളിൽ പാത തകർന്നത് തടസ്സമായി.
കേരളത്തിലെ തുടർച്ചയായ മഴയും സ്ഥലപരിമിതിയും നിർമ്മാണത്തിന് പ്രശ്‌നമാണെന്ന് ഗഡ്‌കരി പറഞ്ഞു. സർവീസ് റോഡുകളുടെ ശോചനീയാവസ്ഥ വേണുഗോപാൽ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു വിശദീകരണം. മഴ കാരണം മണ്ണിടിച്ചിൽ ആവർത്തിച്ചു. ഇരുവശവും ജനവാസ മേഖലയായത് സർവീസ് റോഡ് നിർമ്മാണത്തെയും ബാധിച്ചു. ഗതാഗത നിയന്ത്രണവും പാളി.
തൂണുകൾക്ക് മേൽ
ഉയരപ്പാത
മലപ്പുറം, കൊല്ലം അപകടങ്ങളുടെ പശ‌്ചാത്തലത്തിൽ, ദേശീയപാത 66ൽ മണ്ണ് കൊണ്ട് നിർമ്മിച്ച റിടൈനിംഗ് ഭിത്തിക്ക് പകരം തൂണുകൾക്കു മേൽ (പില്ലർ) തീർത്ത കോൺക്രീറ്റ് ഉയരപ്പാതകൾ നിർമ്മിക്കും. ലോക്‌സഭയിൽ എൻ.കെ.പ്രേമചന്ദ്രന്റെ ചോദ്യത്തിനുള്ള മറുപടിയാണിത്.
80 കി.മീ. വേഗതയിലും
ടോളിൽ നിറുത്തേണ്ട
ഉപഗ്രഹ ക്യാമറകളുടെ സഹായത്തോടെ ടോൾ പിരിക്കുന്ന ഇലക്ട്രോണിക് സംവിധാനം ഒരു വർഷത്തിനകം
80 കി. മീറ്റർ വേഗതയിൽ വരുന്ന വാഹനത്തിനു പോലും ടോൾ പ്ളാസയിൽ നിറുത്തേണ്ടി വരില്ല
നീണ്ട ക്യൂ ഒഴിവാകും. ക്യൂ ഇല്ലാത്തതിനാൽ 1500 കോടി രൂപയുടെ ഇന്ധനം ലാഭിക്കാമെന്ന് മന്ത്രി ഗഡ്‌കരി
ഉപഗ്രഹ കാമറകൾ നമ്പർ പ്ലേറ്റിന്റെയും ഫാസ്റ്റ് ടാഗ് സ്റ്റിക്കറിന്റെയും ഫോട്ടോയെടുത്ത് വാഹനവുമായി ലിങ്ക് ചെയ്‌ത അക്കൗണ്ടിൽ നിന്ന് ടോൾ ഈടാക്കും
ഇടപാടുകൾക്കായി ഇലക്ട്രോണിക് ടോൾ കളക്ഷൻ പ്രോഗ്രാം (എൻ.ഇ.ടി.സി) എന്ന ഏകീകൃത പ്ലാറ്റ്‌ഫോം വികസിപ്പിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |