കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലേക്കും ജില്ലാ പഞ്ചായത്തിലേക്കും എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ അന്തിമചിത്രമായി. വ്യാഴാഴ്ച എൽ.ഡി.എഫും ഇന്നലെ യു.ഡി.എഫും സ്ഥാനാർത്ഥികളെ
ഔദ്യോഗികമായി പ്രഖ്യാപിച്ചു. മീഞ്ചന്ത ഡിവിഷനിൽ ജയിച്ച കോൺഗ്രസിലെ എസ്.കെ. അബൂബക്കറാണ് യു.ഡി.എഫിന്റെ കോർപ്പറേഷൻ മേയർ സ്ഥാനാർത്ഥി. ജില്ലാ പഞ്ചായത്തിലേക്ക് കോൺഗ്രസിന്റെ മില്ലി മോഹൻ പ്രസിഡന്റ് സ്ഥാനാർത്ഥിയാണ്. കോടഞ്ചേരി ഡിവിഷനിൽ നിന്നാണ് വിജയിച്ചത്. മഹിള കോൺഗ്രസ് സംസ്ഥാന ഉപദേശക സമിതിയംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്നു. റിട്ട. അദ്ധ്യാപികയാണ്. വെെസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ലീഗിലെ കെ.കെ.നവാസ് മത്സരിക്കും. നാദാപുരത്തു ജയിച്ച നവാസ് ലീഗ് ജില്ലാ സെക്രട്ടറിയാണ്. പ്രസിഡന്റ് സ്ഥാനം കോൺഗ്രസും ലീഗും രണ്ടര വർഷം വീതം പങ്കുവയ്ക്കും. ആദ്യ ടേമിൽ കോൺഗ്രസാണ്. കോഴിക്കോട് കോർപ്പറേഷൻ മേയർ സ്ഥാനാർത്ഥിയായ സദാശിവൻ കാൽ നൂറ്റാണ്ടായി സി.പി.എം നോർത്ത് ഏരിയ കമ്മിറ്റിയംഗമാണ്. രണ്ടാം തവണയാണ് കൗൺസിലിലെത്തുന്നത്. തടമ്പാട്ടുതാഴത്തിൽ നിന്നാണ് മത്സരിച്ചത്.
ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥിയായി എൽ.ഡി.എഫിൽ നിന്ന് ഡോ.എസ്.ജയശ്രീ മത്സരിക്കും. നിലവിൽ ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷയാണ്. കോർപ്പറേഷൻ യു.ഡി.എഫ് ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥിയായി ഫാത്തിമ തഹലിയ മത്സരിക്കും. എസ്.വി. മുഹമ്മദ് ഷമീൽ തങ്ങൾ കോർപ്പറേഷൻ പ്രതിപക്ഷ നേതാവാകും. ഷമീൽ തങ്ങൾ 2015ൽ കൗൺസിലറായിരുന്നു. അരീക്കാട് ഡിവിഷനിൽ നിന്നാണ് ജയിച്ചത്. ലീഗിന് ലഭിക്കുന്ന സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ കവിത അരുൺ ചെയർപേഴ്സണാകും. കോർപ്പറേഷനിലെ പ്രതിപക്ഷ നേതൃസ്ഥാനവും സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥാനങ്ങളും ലീഗും കോൺഗ്രസും പങ്കുവെക്കും. കോൺഗ്രസ് സ്ഥാനാർത്ഥികളെ ഇന്നലെ ഡി.സി.സി. പ്രസിഡന്റ് കെ.പ്രവീൺകുമാറും ലീഗ് സ്ഥാനാർത്ഥികളെ ഡോ.എം.കെ.മുനീർ എം.എൽ.എയും പ്രഖ്യാപിച്ചു. ജില്ലാപഞ്ചായത്തിലെ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ തീരുമാനമായില്ല.
നറുക്ക് വീണത് സദാശിവന്: സ്ഥാനങ്ങൾ എൽ.ഡി.എഫിന്
ഡോ.എസ്. ജയശ്രീയുടെ പേരാണ് കോർപ്പറേഷൻ മേയർ സ്ഥാനത്തേയ്ക്ക് ആദ്യം കേട്ടിരുന്നത്. എന്നാൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചത് സദാശിവനെയാണ്. കോഴിക്കോട് കോർപ്പറേഷനിലേക്ക് എൽ.ഡി.എഫും യു.ഡി.എഫും എൻ.ഡി.എയും മത്സരിക്കുന്നുണ്ട്. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ കോർപ്പറേഷനിൽ എൽ.ഡി.എഫിന് തന്നെ സ്ഥാനങ്ങൾ ലഭിക്കും.
മത്സരത്തിന് എൻ.ഡി.എയും
13 സീറ്റുമായി കോർപ്പറേഷനിൽ ശക്തി തെളിയിച്ച എൻ.ഡി.എയുടെ മേയർ, ഡെ. മേയർ സ്ഥാനാർത്ഥികളും മത്സരത്തിനുണ്ടാകും. 23നാണ് കോർ കമ്മിറ്റി യോഗം. 24ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് വിവരം.
കോർപ്പറേഷൻ കക്ഷിനില
ആകെ 76 സീറ്റ്
എൽ.ഡി.എഫ്.... 35
യു.ഡി.എഫ്....28
എൻ.ഡി.എ....13
ജില്ലാ പഞ്ചായത്ത് കക്ഷിനില
ആകെ സീറ്റ് 28
യു.ഡി.എഫ്....15
എൽ.ഡി.എഫ്....13
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |