
തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിന് മുൻകൂർ ജാമ്യം. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതിയാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
വനിതാ ചലച്ചിത്ര പ്രവർത്തകയാണ് കുഞ്ഞുമുഹമ്മദിനെതിരെ പരാതി നൽകിയത്. മുൻ എം എൽ എ കൂടിയായ പി ടി കുഞ്ഞുമുഹമ്മദ് ഐ എഫ് എഫ് കെയ്‌ക്ക് സിനിമകൾ തിരഞ്ഞെടുക്കുന്ന ജൂറിയിലെ ചെയർമാനായിരുന്നു. ചലച്ചിത്ര മേളയിലേക്കുള്ള സിനിമകളുടെ സെലക്ഷൻ നടക്കുന്നതിനിടെ കുഞ്ഞുമുഹമ്മദ് തന്നോട് മോശമായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവർത്തക നൽകിയ പരാതി. കഴിഞ്ഞ മാസം ആറിനാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
ചലച്ചിത്ര മേളയിലേക്കുള്ള സിനിമകളുടെ സെലക്ഷൻ കമ്മിറ്റിയിൽ പരാതിക്കാരിയും അംഗമായിരുന്നു. തലസ്ഥാനത്തെ ഹോട്ടലിലാണ് ജൂറി അംഗങ്ങൾ താമസിച്ചിരുന്നത്. സ്‌ക്രീനിംഗ് കഴിഞ്ഞ് ഹോട്ടലിൽ തിരിച്ചെത്തിയ സമയത്ത് കുഞ്ഞുമുഹമ്മദ് മുറിയിലെത്തി മോശമായി പെരുമാറിയെന്ന് കാണിച്ചാണ് ചലച്ചിത്രപ്രവർത്തക പരാതി നൽകിയത്.
സ്‌ത്രീത്വത്തെ അപമാനിച്ചെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് നൽകിയ പരാതി അദ്ദേഹം കന്റോൺമെന്റ് പൊലീസിന് കൈമാറുകയായിരുന്നു. തുടർന്ന് പരാതിക്കാരിയുടെ മൊഴിയെടുത്ത പൊലീസ് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് തെളിവുകൾ ശേഖരിച്ചു. എന്നാൽ പരാതി കുഞ്ഞുമുഹമ്മദ് നിഷേധിച്ചിരുന്നു. പരാതിക്കാരി തെറ്റിദ്ധരിച്ചതാകാമെന്നും അങ്ങനെയെങ്കിൽ അവരോട് മാപ്പ് പറയാൻ തയ്യാറാണെന്നും പിടി കുഞ്ഞുമുഹമ്മദ് പറഞ്ഞിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |