കോഴിക്കോട്: ജീവിത ശെെലി രോഗങ്ങളിലും അവയുടെ പരിഹാരങ്ങളിലുമൂന്നി കേരളകൗമുദിയും താമരശ്ശേരി ലിസാ കോളേജും സംയുക്തമായി നടത്തിയ 'ആരോഗ്യം ആനന്ദം' സെമിനാർ ശ്രദ്ധേയമായി. ലിസാ കോളേജിൽ ഇന്നലെ രാവിലെ ആരോഗ്യ കേരളം നാഷണൽ ഹെൽത്ത് മിഷൻ ഡി.പി.എം ഡോ.ഷാജി സി.കെ. ഉദ്ഘാടനം ചെയ്തു. ആഹാര രീതിയും വ്യായാമവും ക്രമപ്പെടുത്തിയാൽ രോഗങ്ങളെ അകറ്റാമെന്ന് ഡോ.ഷാജി സി.കെ പറഞ്ഞു. നമുക്ക് ആരോഗ്യകരമായ ഭക്ഷണരീതി വേണം. വീട്ടിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലി സ്ഥലങ്ങളിലും സമ്മർദ്ദം കുറയ്ക്കണം. ഉയരത്തിന് ആനുപാതികമായി ശരീരഭാരം ക്രമീകരിക്കണം. ശാസ്ത്രീയ രീതിയിൽ വ്യായാമമില്ലാത്തതാണ് അരിയാഹാരം കഴിക്കുന്നതിനെ തുടർന്ന് പ്രമേഹമുണ്ടാകുന്നത്. ഇത് നേരത്തെ കണ്ടുപിടിച്ചാൽ നിയന്ത്രിക്കാനാകും. രോഗം വരാതെ നോക്കുന്നതാണ് ഏറ്റവും പ്രധാനം. ഇതിൽ വ്യായാമം പ്രധാന പങ്കു വഹിക്കുന്നുവെന്നും ഡോ.ഷാജി പറഞ്ഞു. ലിസാ കോളേജ് വെെസ് പ്രിൻസിപ്പൽ ഫാദർ സെബിൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ രംഗത്ത് സ്തുത്യർഹമായ സേവനം നടത്തുന്ന ഓമശ്ശേരി ഇസ്ളാമിക് വെൽഫയർ സൊസെെറ്റിയുടെ കീഴിലുള്ള ശാന്തി ഹോസ്പിറ്റലിലെ ഡോ.മുഹമ്മദ് ഇ.വി, കൊടുവള്ളി ഇരുമോത്ത് ആശ്രയ അലർജി ക്ളിനിക് ആൻഡ് ഹോമിയോപ്പതി മെഡിക്കൽ സെന്ററിലെ ഡോ. അനൂബ് കെ.കെ, താമരശ്ശേരി തച്ചംപൊയിലിലെ സാറ അക്യുപംഗ്ചർ ആൻഡ് ആയുർവേദ ആശുപത്രിയിലെ അക്യുപംഗ്ചറിസ്റ്റും കൗൺസലറുമായ റിജുവാൻ കെ.പി, ഈങ്ങാപ്പുഴ കാഞ്ഞിര ആയുർവേദിക് വെൽനസ് സെന്ററിലെ തെറാപിസ്റ്റ് ഹാരിസ് കാഞ്ഞിരം, ഭാര്യ സനിത എന്നിവരെ ആദരിച്ചു. ഡോ. മുഹമ്മദ് ഇ.വി, ഡോ. അനൂബ്, റിജുവാൻ കെ.പി, ഹാരിസ് കാഞ്ഞിരം, സനിത എന്നിവർ വിവിധ ചികിത്സാ രംഗത്തെ കുറിച്ചും അവയുടെ പ്രസക്തിയെ പറ്റിയും സംസാരിച്ചു. ലിസാ കോളേജ് എൻ.എസ്.എസ് സ്റ്റാഫ് ഇൻ ചാർജ് പാർവതി സ്വാഗതവും കേരളകൗമുദി സീനിയർ എക്സിക്യുട്ടീവ് സുജേഷ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |