കോഴിക്കോട്: ഇഞ്ചോടിഞ്ച് പോരാട്ടങ്ങൾക്കൊടുവിൽ വിജയരഥമേറിയവർ ഇന്ന് അധികാരപീഠത്തിലേറും.
പ്രചാരണത്തിലും ഫല പ്രഖ്യാപനത്തിലും ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു ഇത്തവണത്തെ തിരഞ്ഞെടുപ്പ്.
അതിനാൽ പുതിയ ഭരണ സമിതിയുടെ സത്യപ്രതിജ്ഞ ചടങ്ങും ഏറെ ശ്രദ്ധിക്കപ്പെടും. അരപതിറ്റാണ്ടിലേറെയായി ഇടതുപക്ഷം അടക്കി വാണിരുന്ന കോർപറേഷനിൽ ഇത്തവണ കേവല ഭൂരിപക്ഷത്തോടെ അധികാരത്തിലേറുമ്പോൾ നേരിടേണ്ടി വരുന്നത് നിരവധി പ്രതിസന്ധികളാണ്. ആൾ ബലം കൊണ്ട് ശക്തരായ പ്രതിപക്ഷ നിരയുടെ ഓരോ തീരുമാനങ്ങളും ഇനി എൽ.ഡി.എഫിനെ കുഴക്കുന്നതാകും. ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്
തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ എന്നിവരുടെ സത്യപ്രതിജ്ഞയാണ് ഇന്ന് നടക്കുന്നത്.
കോഴിക്കോട് കോർപ്പറേഷനിലെ 76 വാർഡുകളിൽ തിരഞ്ഞെടുക്കപ്പെട്ട 35 എൽ.ഡി.എഫ് പ്രതിനിധികളും 28 യു.ഡി.എഫ് പ്രതിനിധികളും 13 എൻ.ഡി.എ പ്രതിനിധികളുമാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. കണ്ടം കുളം ജൂബിലി ഹാളിൽ രാവിലെ 11.30തിനാണ് കോർപറേഷൻ പ്രതിനിധികളുടെ ചടങ്ങ്. വരണാധികാരിയും ജില്ലാ കളക്ടറുമായ സ്നേഹിൽ കുമാർ സിംഗ് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായംകൂടിയ അംഗമായ മാങ്കാവ് യു.ഡി.എഫ് കൗൺസിലർ മനക്കൽ ശശിക്ക് ആദ്യം പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ശേഷം ചുമതലയേറ്റ കൗൺസിലർമാർ കോർപറേഷൻ കൗൺസിൽ ഹാളിൽ പ്രഥമ കൗൺസിൽ യോഗം ചേരും.
ജില്ലാ പഞ്ചായത്തിലേക്ക് ജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന് രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും. ജില്ലാ കളക്ടർ സ്നേഹിൽ കുമാർ പ്രതിജ്ഞ ചൊല്ലികൊടുക്കും. മുതിർന്ന അംഗമായ കെ.പി. മുഹമ്മദൻസ് ആണ് ആദ്യം പ്രതിജ്ഞ ചൊല്ലുക. 28 അംഗങ്ങളാവും സത്യപ്രതിജ്ഞ ചെയ്യുക.
പ്രതീക്ഷയേറെ
ഏറെ പ്രതീക്ഷയും പുത്തൻ കാഴ്ചപ്പാടുമായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ അധികാരത്തിലേറുമ്പോൾ കോഴിക്കോട് നഗരം കാത്തിരുക്കുന്നത് വികസനം മാത്രം. നഗരത്തിന്റെ ഉന്നമനത്തിനായുള്ള പദ്ധതികളിൽ രാഷ്ട്രീയ വെെരാഗ്യങ്ങൾ ഉടലെടുക്കില്ലെന്നാണ് ജനങ്ങളുടെ പ്രതീക്ഷ. പാർക്കിംഗ്, മാലിന്യ നിർമാർജ്ജനം, ഗതാഗതം, വെള്ളക്കെട്ടിന് പരിഹാരം തുടങ്ങിയവയാണ് നഗരവാസികളുടെയും നഗരത്തിലെത്തുന്നവരുടെയും പ്രധാന ആവശ്യങ്ങളിൽ ചിലത്. ഒപ്പം മുന്നോട്ട് വെക്കുന്ന ക്ലീൻ സ്മാർട്ട് ഗ്രീൻ സിറ്റി, ശാസ്ത്രീയ അഴുക്കു ചാൽ, മിയാവാക്കി സിറ്റി, സൊറ പറ ബെഞ്ചുകൾ, പ്ലാസ്റ്റിക് ഫ്രീ സിറ്റി എന്നിവയും യാഥാർത്ഥ്യമാക്കണം
പൂർത്തിയാക്കണം
ഞെളിയൻപറമ്പിൽ വേസ്റ്റ് ടു എനർജി പ്ലാന്റ്
മാലിന്യ ശേഖരണത്തിന് ഇ ഓട്ടോകൾ
മലിനജല സംസ്കരണ പ്ലാന്റ്
ഫൂട്ട് ഓവർ ബ്രിഡ്ജുകൾ
നഗരത്തിൽ കൂടുതൽ കളിസ്ഥലങ്ങൾ
ഡോഗ് പാർക്ക്
സ്മാർട്ട് അങ്കണവാടികൾ
സാഹിത്യ ഇടനാഴി
ഫെസ്റ്റിവൽ സിറ്റി
വീടില്ലാത്തവർക്ക് വീട്
പുതിയ ലിങ്ക് റോഡുകൾ
വാട്ടർ എ.ടി.എമ്മുകൾ
നഗരത്തിലാകെ സി.സി.ടി.വികൾ
പാളയം സിറ്റി സെന്റർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |