
ഹരീഷ് വി
(ഹെഡ് ഒഫ് കമ്മോഡിറ്റീസ്, ജിയോജിത് ഇൻവെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡ്)
ചരിത്രത്തിലാദ്യമായി വെള്ളി വില ഔൺസിന് 60 ഡോളർ കടന്ന് സർവ കാല റെക്കാർഡിലെത്തി. ഉത്പാദന തടസങ്ങൾക്കും ആഗോള സാമ്പത്തിക അനിശ്ചിതത്വത്തിനുമിടയിലും നിലനിൽക്കുന്ന ശക്തമായ വ്യാവസായിക ഡിമാൻഡാണ് വെള്ളിയെ തുണച്ചത്. മുംബയ് എം.സി.എക്‌സിലും വില കിലോഗ്രാമിന് രണ്ടു ലക്ഷം രൂപയ്ക്ക് മുകളിലാണ്.
വെള്ളിയെ സ്വീകരിച്ച് നിക്ഷേപകർ
1. ഉത്പാദന ക്ഷാമം
വിപണിയിൽ ആവശ്യത്തിന് വെള്ളി എത്തുന്നില്ല എന്ന് സിൽവർ ഇൻസ്റ്റിറ്റിയൂട്ടിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 2024ൽ 149 മില്യൺ ഔൺസായിരുന്നു കുറവ്. വ്യാവസായിക ഡിമാൻഡ് വർദ്ധിക്കുന്നതിനാൽ 2025ലെ കമ്മിയും കൂടുതലായിരിക്കുമെന്നാണ് കരുതുന്നത്. ആഗോള ഡിമാൻഡ് വർദ്ധിയ്ക്കുമ്പോഴും ഉൽപാദനത്തിൽ വർദ്ധന ഉണ്ടാകുന്നില്ല. വേൾഡ് സിൽവർ സർവേ 2025ന്റെ കണക്കുകളനുസരിച്ച് ഫോട്ടോ വോൾട്ടെയ്ക്‌സ്, ഇലക്ട്രോണിക്‌സ് മേഖലകളിലെ മുന്നേറ്റത്തിലൂടെ വ്യാവസായിക നിർമ്മിതികൾ ഏറെ വർദ്ധിച്ചു. അടിസ്ഥാന ലോഹങ്ങളുടെ ഖനനത്തിൽ നിന്നുള്ള ഉപോത്പന്നമായാണ് 70 മുതൽ 80 ശതമാനം വരെ വെള്ളി ലഭിക്കുന്നത്. പുനരുപയോഗം വർദ്ധിച്ചിട്ടുണ്ടെങ്കിലും ആവശ്യത്തിന് ഉതകുന്നില്ല.
2. ഡോളറിന്റെ ക്ഷീണം
യു.എസിലെ നിരക്കിളവ് മൂലം ഡോളറിന് അനുഭവപ്പെടുന്ന ക്ഷീണം, വെള്ളി പോലുള്ള ലാഭമില്ലാത്ത ആസ്തികളുടെ സൂക്ഷിപ്പു ചിലവ് കുറയ്ക്കും.
3. വ്യാവസായിക നിക്ഷേപ ഡിമാൻഡ്
വ്യാവസായിക നിക്ഷേപ ഡിമാൻഡിലെ വർദ്ധനയാണ് മറ്റൊരു ഘടകം. ഇ.ടി.എഫ് വരുമാനം വില വർദ്ധന പെരുപ്പിക്കാനിടയാക്കി. സോളാർ പാനൽ, ഇലക്ട്രോണിക് ഉപകരണങ്ങൾ, വൈദ്യുതി വാഹനങ്ങൾ, ഡാറ്റാ കേന്ദ്രങ്ങളിലെ ഹാർഡ്‌വെയർ എന്നിവയ്ക്കായുള്ള വ്യാവസായിക ഡിമാൻഡും ഇതിന് ആക്കം കൂട്ടുന്നു.
4. സ്വർണവില വർദ്ധന
ആഗോള സംഘർഷങ്ങളും സ്വർണവില വർദ്ധനയും വെള്ളിക്ക് അനുഗ്രഹമായിത്തീർന്നു. സാമ്പത്തിക കവചമായും ഹരിതോർജ്ജ സാങ്കേതിക വിദ്യയുടെ നിർണായക ഘടകമായും വെള്ളി നിലകൊള്ളുന്നത് നിക്ഷേപകരെ ആകർഷിച്ചു. യു.എസിന്റെ താരിഫ് നിരക്ക് വർദ്ധന വെള്ളിയുടെ ഉൽപാദനത്തെയും ബാധിച്ചു. ഡോളർ ദുർബ്ബലമായതോടെ ചരക്കുകളുടെ വില കൂടി. രാജ്യത്തെ വ്യാവസായിക ഡിമാൻഡ് വെള്ളിയുടെ ഇറക്കുമതി വർദ്ധിപ്പിച്ചു. പോയ വാരം എം.സി.എക്‌സിൽ കിലോയ്ക്ക് 200 മുതൽ 300 രൂപ വരെ വില വർദ്ധവുണ്ടായി.
ഭാവി സാദ്ധ്യതകൾ
2025ലെ ശക്തമായ കുതിപ്പിനു ശേഷം 2026ൽ സ്വർണത്തിന്റെയും വെള്ളിയുടെയും വിലയിൽ ഏകീകരണമുണ്ടായേക്കാം. അപ്പോഴും ദീർഘകാലയളവിൽ കുതിപ്പു നില നിൽക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. വെള്ളി വിപണി ചെറുതും പരിമിതവുമായതിനാൽ വില വ്യതിയാനങ്ങൾ കൂടുതൽ അനുഭവവേദ്യമായിരിക്കും. വില 60 ഡോളറിനു മുകളിൽ പോയെങ്കിലും 20 മുതൽ 30 ശതമാനം വരെ ഇടിവുണ്ടായ ചരിത്രവുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |