
കൊച്ചി: ഓഹരി വിപണിയിലെ വർഷാവസാന കുതിപ്പായ സാന്റാറാലിയിൽ ലാർജ്, മിഡ് ക്യാപ് ഓഹരികളെക്കാൾ സ്‌മോൾ ക്യാപ് ഓഹരികൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ 10 വർഷത്തെ കണക്കുകൾ വിശകലനം ചെയ്ത് സാംകോ സെക്യൂരിറ്റീസിലെ റിസർച്ച് അനലിസ്റ്റ് ജഹോൽ പ്രജാപതി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഡിസംബറിലെ അവസാന 5 വ്യാപാര ദിനങ്ങളും ജനുവരിയിലെ ആദ്യ 2 ദിനങ്ങളും ഉൾപ്പെടുന്നതാണ് സാന്റാ റാലി കാലയളവ്.
കഴിഞ്ഞ പതിറ്റാണ്ടിനിടെ സ്‌മോൾ ക്യാപ് ഓഹരികൾ സാന്റാ റാലിയിൽ 100 ശതമാനം വിജയനിരക്കും ശരാശരി 3.55 ശതമാനം നേട്ടവും രേഖപ്പെടുത്തി. മിഡ് ക്യാപ് ഓഹരികൾ 90 ശതമാനം വിജയനിരക്കോടെ 2.63 ശതമാനം ശരാശരി ആദായം നൽകിയപ്പോൾ, നിഫ്റ്റി 100 ഉൾപ്പെടുന്ന ലാർജ് ക്യാപ് ഓഹരികളുടെ ശരാശരി നേട്ടം 1.78 ശതമാനമാണ്.
കണക്കുകൾ പ്രകാരം 2022ൽ സ്‌മോൾ ക്യാപ് സൂചിക 7.23 ശതമാനം വളർച്ച രേഖപ്പെടുത്തിയതാണ് ഏറ്റവും മികച്ച മുന്നേറ്റം. കൊവിഡ് പ്രതിസന്ധിയുണ്ടായിരുന്ന 2020ൽ പോലും സ്‌മോൾ ക്യാപ് ഓഹരികൾ 5.34 ശതമാനം നേട്ടമുണ്ടാക്കി. 2024ൽ സ്‌മോൾ ക്യാപ് 2.39 ശതമാനവും മിഡ് ക്യാപ് 1.77 ശതമാനവും നിഫ്റ്റി 100 സൂചിക 1.74 ശതമാനവും നേട്ടം കൈവരിച്ചു. 2015ൽ മാത്രമാണ് സ്‌മോൾ ക്യാപ് ഓഹരികൾക്ക് 0.63 ശതമാനം നേരിയ ഇടിവ് സംഭവിച്ചത്.
ഹ്രസ്വകാല നിക്ഷേപകർക്ക് അവസരം
നിക്ഷേപകരുടെ വർദ്ധിക്കുന്ന ശുഭാപ്തിവിശ്വാസവും സ്ഥാപന നിക്ഷേപകർ പോർട്ട്‌ഫോളിയോകളിൽ വരുത്തുന്ന മാറ്റങ്ങളുമാണ് സാന്റാറാലി നേട്ടത്തിന് പിന്നിലെ പ്രധാന ഘടകങ്ങൾ. വിപണിയിൽ അനിശ്ചിതത്വം നിലനിൽക്കുമ്പോഴും ഈ കാലയളവിൽ അനുകൂലമായ റിട്ടേൺ ലഭിക്കുന്നത് ഹ്രസ്വകാല നിക്ഷേപകർക്ക് വലിയ അവസരമാണ് നൽകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |