
കൊച്ചി: ആഗോള വിപണിയിൽ സ്വർണവില റെക്കാർഡുകൾ ഭേദിക്കുമ്പോഴും രാജ്യത്തെ പ്രമുഖ ജുവലറി ഓഹരികൾക്ക് കനത്ത തിരിച്ചടി. കഴിഞ്ഞ ഒരു വർഷത്തിനിടെ സ്വർണവില 70 ശതമാനത്തിലധികമാണ് വർദ്ധിച്ചത്. എന്നിട്ടും വിപണി മൂല്യത്തിൽ മുന്നിലുള്ള 10 പ്രമുഖ കമ്പനികളിൽ എട്ടെണ്ണവും ഓഹരി വിപണിയിൽ നഷ്ടം നേരിട്ടു. ഉയർന്ന അസംസ്‌കൃത വസ്തു ചെലവും വില്പനയിലെ കുറവുമാണ് വിപണിയിലെ ഈ തളർച്ചയ്ക്ക് പ്രധാന കാരണമായി പറയുന്നത്.
പി.സി ജുവലർ (44%), മോട്ടീസൺസ് ജുവല്ലേഴ്‌സ് (45%), സെൻകോ ഗോൾഡ് (43.5%), സ്‌കൈ ഗോൾഡ് (38%) തുടങ്ങിയവയാണ് തകർച്ച നേരിട്ടവരിൽ പ്രധാനികൾ. അടുത്തിടെ വിപണിയിലെത്തിയ പി.എൻ ഗാഡ്ഗിൽ (15%) ഓഹരികളും നഷ്ടത്തിലാണ്. അതേസമയം, ടൈറ്റൻ (17%), തങ്കമയിൽ ജുവലറി (72%) എന്നിവയാണ് നേട്ടമുണ്ടാക്കിയവർ.
വിപണിയിൽ താത്പര്യം മാറുന്നു
ഉയർന്ന വില കാരണം ഉപഭോക്താക്കൾ 22 കാരറ്റിന് പകരം 18 കാരറ്റ് ആഭരണങ്ങളിലേക്ക് മാറുന്ന പ്രവണതയുണ്ടെന്ന് വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നു. വിവാഹ ആവശ്യങ്ങൾക്കായുള്ള വാങ്ങലുകളാണ് വിപണിക്ക് ആശ്വാസം. സമ്മാനങ്ങൾക്കായി 14 കാരറ്റ് ആഭരണങ്ങളാണ് ഇപ്പോൾ ട്രെൻഡിൽ. രൂപയുടെ മൂല്യത്തകർച്ച ഇന്ത്യൻ ഉപഭോക്താക്കൾക്ക് സ്വർണം പ്രിയപ്പെട്ടതാക്കുന്നുണ്ടെങ്കിലും ജുവലറികൾക്ക് സ്റ്റോക്ക് ശേഖരിക്കുന്നതിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
എങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ വിപണിയിൽ ശുഭപ്രതീക്ഷയുണ്ടെന്നാണ് സാമ്പത്തിക വിദഗ്‌ദ്ധരുടെ കണ്ടെത്തൽ. 2023ൽ 1,752 ബില്യൺ രൂപയായിരുന്ന സംഘടിത ആഭരണ വിപണി 2029ഓടെ 5,079 ബില്യൺ രൂപയായി വളരുമെന്നാണ് കണക്കാക്കുന്നത്. നിർബന്ധിത ഹാൾമാർക്കിംഗ്, ബ്രാൻഡഡ് ഷോറൂമുകളുടെ വ്യാപനം എന്നിവ ഇതിന് കരുത്തേകും.
സ്വർണവില വർദ്ധന ആഭരണ നിർമ്മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ ചെലവ് കൂട്ടുന്നത് കമ്പനികളുടെ ലാഭവിഹിതത്തെ ബാധിക്കുന്നു.
വില കൂടുമ്പോൾ ഉപഭോക്താക്കൾ വാങ്ങൽ നീട്ടിവയ്ക്കുന്നതും ഭാരം കുറഞ്ഞ ആഭരണങ്ങൾ തിരഞ്ഞെടുക്കുന്നതും വില്പന കുറയാൻ കാരണമായി.
പലിശ നിരക്ക് വർദ്ധനയും വിപണിയിലെ പണലഭ്യത കുറഞ്ഞതും കടബാദ്ധ്യതയുള്ള കമ്പനികൾക്ക് തിരിച്ചടിയായെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |